Thursday, May 14, 2009

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കത്തോലിക്കാ സഭ ഒരുപടി മുന്നില്‍ തന്നെ.

'നീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം ഭക്ഷിക്കണം' എന്ന വചനത്തില്‍ തൊഴിലിന്റെ മഹത്വം പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു. തൊഴിലില്ലാതെ ജീവക്കുന്നവരും തൊഴിലെടുക്കാന്‍ മടിച്ചു ജീവിക്കുന്നവരും ഉറകെട്ട ഉപ്പിനെപ്പോലെ അവരവര്‍ക്കു തന്നെയും ലോകത്തിനും പ്രയോജനരഹിതരാണ്‌. അദ്ധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം പ്രഘോഷിക്കുന്ന നിരവധി ഉപമകള്‍ ക്രിസ്തു തന്റെ ജനത്തോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. 'ഫലമില്ലാത്ത വൃക്ഷം വെട്ടി തീയില്‍ എറിയപ്പെടും' എന്ന ക്രിസ്തുവചനവും ജീവിതമെന്നത്‌ ഫലപൂര്‍ണമാകണം എന്ന്‌ നമ്മെ ഓര്‍മപ്പെടുത്തുകയാണ്‌.
തൊഴിലാളികളുടെ കണക്കുകള്‍ പരിശോധിക്കാം.
ഇന്ത്യയില്‍ 45.8 കോടി തൊഴിലാളികള്‍ ഉണ്ടെന്നാണ്‌ സര്‍ക്കാരിന്റെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇവരില്‍ 93 ശതമാനം പേരും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്‌. അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരെയും സാമൂഹിക സുരക്ഷയില്ലാത്ത തൊഴിലിടങ്ങളില്‍ പണിയെക്കുന്ന തൊഴിലാളികളെയുമാണ്‌ അസംഘടിത തൊഴിലാളികള്‍ എന്നു വിളിക്കുന്നത്‌. നമ്മുടെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 65 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും അസംഘടിത തൊഴിലാളികളുടെ സംഭാവനയാണ്‌. പക്ഷേ എല്ലാക്കാലത്തും അസംഘടിത തൊഴിലാളികള്‍ അസംഘടിതരായിത്തന്നെയിരിക്കുന്നു. കേരളത്തിലെ തൊഴിലാളികളില്‍ എണ്‍പതു ശതമാനത്തോളം അസംഘടിതമേഖലയിലാണ്‌.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്‌ പാപംനീ നിന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം ഭക്ഷിക്കണം എന്ന വചനം അല്‍പംകൂടി മനനം ചെയ്യുക. അപ്പോള്‍ തെളിഞ്ഞുവരുന്നത്‌ ഇപ്രകാരമാണ്‌ അന്യന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ നിന്റെ കൃഷിയിടം നനയ്ക്കാമെന്ന്‌ നീ നിനയ്ക്കരുത്‌. അതാണ്‌ കൊടും പാപം. അത്തരം പാപത്തിലേക്ക്‌ നീ വീണുപോകാതിരിക്കുക. സ്വന്തം കളപ്പുരകള്‍ കതിരുകള്‍ കൊണ്ട്‌ നിറച്ച്‌ ഇനി തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന്‌ തന്നോടുതന്നെ പറഞ്ഞവനോട്‌ ഇന്നു രാത്രിയില്‍ ഞാന്‍ നിന്റെ ആത്മാവിനെ വിളിച്ചാല്‍ നീയെന്തു ചെയ്യും എന്ന ഒരു ഉപമയിലൂടെ സ്വത്തിന്റെയും അധ്വാനത്തിന്റെയും വിതരണത്തെക്കുറിച്ചുള്ള സുചിന്തിതാഭിപ്രായമാണ്‌ യേശു പ്രകടമാക്കുന്നത്‌. എല്ലവരുടെയും ആവശ്യത്തിനുള്ളവ ലോകത്തിലുണ്ട്‌. ആരുടെയും അത്യാര്‍ത്തി തീര്‍ക്കുവാനുള്ളതല്ല എന്ന ഗാന്ധിജിയുടെ വാക്യവും ഇതിനോടു ചേര്‍ത്തുവായിക്കണം.
തൊഴിലാളി തൊഴിലിന്റെ മഹത്വം തിരിച്ചറിയണംതൊഴിലിന്റെ ഉടമയാണ്‌ തൊഴിലാളി. തൊഴില്‍ ചെയ്തു ജീവിക്കുന്നതിന്റ മഹത്വം തിരിച്ചറിയുകയും ചെയ്യുന്ന തൊഴിലില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ആള്‍ കൂടിയാണ്‌ തൊഴിലാളി. എല്ലാ മനുഷ്യരും വ്യത്യസ്തമായ തൊഴില്‍ ചെയ്തു ജീവിക്കുന്നവരാണ്‌. ചിലര്‍ ശാരീരികമായി അധ്വാനിക്കുമ്പോള്‍ ചിലര്‍ ബുദ്ധി ഉപയോഗിച്ച്‌ ജോലി ചെയ്യുന്നു. ചിലരുടെ അദ്ധ്വാനം എന്നു പറയുന്നത്‌ മറ്റുള്ളവരെ ഉപയോഗിച്ച്‌ ജോലി ചെയ്യിക്കുകയാണ്‌. അതിനുള്ള കണക്കുകൂട്ടലും ആസൂത്രണവും ബുദ്ധിയുടെ വിനിയോഗവും അവര്‍ തങ്ങളുടെ തൊഴിലില്‍ നടത്തുന്നു. എല്ലാവരും തൊഴില്‍ ചെയ്തു ജീവിക്കണമെന്നും എല്ലാ തരത്തിലുള്ള അധ്വാനവും മനുഷ്യനന്മയ്ക്കും മനുഷ്യരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടിയാണെന്നുമുള്ള മഹത്തായ സന്ദേശമാണ്‌ മേയ്ദിനം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നത്‌.
തൊഴിലാളി ദിനത്തിന്റെ ചരിത്രം1889 മേയ്‌ ഒന്നിനാണ്‌ ലോകത്ത്‌ ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്‌. ആചരണം നടന്നത്‌ ചിക്കാഗോയിലും. കുപ്രസിദ്ധമായി ഹേ മാര്‍ക്കറ്റ്‌ കൂട്ടക്കൊലയ്ക്കു ശേഷമായിരുന്നു തൊഴിലാളികളുടെ അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായി അന്താരാഷ്ട്ര തൊഴിലാളി സംഘടനകള്‍ സംഘടിച്ച്‌ മേയ്ദിനം ലോക തൊഴിലാളി ദിനമായി ആചരിച്ചു തുടങ്ങിയത്‌. ചിക്കാഗോയിലെ ഒരു തൊഴില്‍ശാലയില്‍ ജോലിസയമം എട്ടുമണിക്കൂര്‍ ആയി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ സമരം ചെയ്ത തൊഴിലാളികള്‍ക്കുനേരെ വെടിവെച്ച പോലീസുകാരുടെ നിഷ്ഠൂരതയ്ക്കെതിരെ അണിചേര്‍ന്ന തൊഴിലാളി വര്‍ഗം ഒറ്റക്കെട്ടായി അണിചേര്‍ന്നു. തൊഴിലിനും ജീവിതത്തിനും സുരക്ഷിതത്വം വേണമെന്നായിരുന്നു തൊഴിലാളികള്‍ പ്രധാനമായും ആവശ്യപ്പെട്ടത്‌. ഫ്രഞ്ചുവിപ്ലവത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി 1890ല്‍ പാരീസില്‍ ചേര്‍ന്ന അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനങ്ങള്‍ എല്ലാ മാസവും മേയ്‌ ഒന്നാം തീയിതി അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയില്‍ 1923ല്‍ മദ്രാസില്‍ വച്ചാണ്‌ കിസാന്‍ പാര്‍ട്ടി ഓഫ്‌ ഹിന്ദുസ്ഥാന്‍ മേയ്‌ ഒന്ന്‌ അവധിദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസാക്കിയത്‌. പാര്‍ട്ടിനേതാവായ ശിങ്കാരവേലു ചെട്ടിയാരാണ്‌ ആഘോഷങ്ങളൊരുക്കിയത്‌. ഇങ്ങനെ നിരവധി തൊഴിലാളി പ്രസ്ഥാനങ്ങളുടെ നിരന്തമായ പ്രതിഷേധ സമരത്തിനും പോലീസിന്റെ നിഷ്ഠൂരമായ മര്‍ദനത്തിനും അനേകം പേരുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ്‌ തൊഴിലാളികള്‍ക്ക്‌ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വതവും ജീവിക്കുന്നതിനാവശ്യമായ വേതനവും ലഭിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ദുസ്ഥിതിയെക്കുറിച്ചുകൂടി മേയ്‌ ദിന ചിന്തയില്‍ ഉള്‍പ്പെടുത്താതെ വയ്യ.
അവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചും അറിയണംഅവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചുകൂടി ബോധവാനാകുന്ന വ്യക്തിയാണ്‌ യഥാര്‍ത്ഥ തൊഴിലാളി. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ ഇപ്പോള്‍ തൊഴിലാളി വര്‍ഗത്തില്‍ വലിയൊരു ശതമാനത്തിനും തങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറിച്ചുമാത്രമാണ്‌ ബോധ്യമുള്ളത്‌. തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ യാതൊരു ചിന്തയുമില്ല. അല്ലെങ്കില്‍ അതിനെക്കുറിച്ച്‌ അജ്ഞത നടിക്കുന്നു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതു തരത്തിലുള്ള സമരത്തിന്റെയോ, ഫാക്ടറികള്‍ അടച്ചുപൂട്ടിച്ച്‌ എല്ലാവരെയും പട്ടിണിയിടുന്ന അവസ്ഥയിലേക്കോ കാര്യങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ന്‌ തൊഴില്‍ സംഘടനകള്‍ക്ക്‌ യാതൊരു മടിയുമില്ല. തൊഴില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നത്‌ തൊഴിലിടങ്ങളില്‍ യന്ത്രസംവിധാനം കൂടുതല്‍ വരുന്നതും തൊഴില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനു സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. അല്ലാതെ അത്‌ തൊഴിലാളികളെ പട്ടിണിക്കിടുന്നതിനുള്ള ഗുഢശ്രമങ്ങളെന്ന്‌ വ്യാഖ്യാനിക്കരുത്‌. ഇത്തരം വ്യാഖ്യാനങ്ങള്‍ മാര്‍ക്സിറ്റ്‌ പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണ്‌. കമ്പ്യൂട്ടര്‍വത്കരണത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടിയുടെ, സംസ്ഥാന സെക്രട്ടറി വരെ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌ ലാപ്ടോപ്പാണ്‌. പാര്‍ട്ടി ഓഫീസുകള്‍ ഇപ്പോള്‍ കമ്പ്യൂട്ടര്‍ വത്കൃതമാണ്‌. കമ്പ്യൂട്ടര്‍ സാക്ഷരതയിലൂടെയാണ്‌ ഇപ്പോള്‍ ഏറ്റവുമധികം യുവജനങ്ങള്‍ തൊഴില്‍ നേടുന്നത്‌. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭവമായിക്കഴിഞ്ഞു നമ്മുടെ സോഫ്റ്റുവെയറുകളും അഭ്യസ്തവിദ്യരായ യുവജനങ്ങളും. അതുകൊണ്ടുതന്നെ യന്ത്രസംവിധാനം ഒരിക്കലും തൊഴിലാളിയെ ഇല്ലാതാക്കുന്നില്ല. തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിത്വം കൂട്ടുകയും അദ്ധ്വാനഭാരം കുറയ്ക്കുകയും ചെയ്യുന്നതിന്‌ യന്ത്രസംവിധാനം സഹായിക്കും. കുട്ടനാട്ടിലെ പാടങ്ങളില്‍ കൊയ്യുന്നതിന്‌ ആളില്ലാതെ ആയിരക്കണക്കിന്‌ ഏക്കര്‍ കൃഷി നശിക്കുമ്പോള്‍ കൊയ്ത്തുമെതി യന്ത്രങ്ങള്‍ വയലില്‍ ഇറക്കാതെ തൊഴിലാളികള്‍ പ്രതിഷേധിച്ചു. എന്നാല്‍ അതുകൊണ്ട്‌ ആര്‍ക്കും പ്രയോജനം ലഭിച്ചില്ല. ബാങ്കില്‍ നിന്നു കടം മേടിച്ചും കൃഷിയിറക്കിയ പാവപ്പെട്ട കൃഷിക്കാര്‍ നിത്യ കടക്കാരായി എന്നതുമാത്രമാണ്‌ തൊഴിലാളികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൊണ്ട്്‌ ഉണ്ടായ നേട്ടം. ഇതുപോലെ തൊഴിലാളി വിരുദ്ധവും സാമൂഹിക വിരുദ്ധവുമാണ്‌ നോക്കുകൂലി പോലെ ചെയ്യാത്ത ജോലിക്ക്‌ കൂലി ആവശ്യപ്പെടുന്ന അവസ്ഥയും. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളും അതിനായി അവരെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും ഒരേപോലെ രാഷ്ട്രത്തെ നശിപ്പിക്കുകയാണ്‌. പലപ്പോഴും തൊഴിലാളിയും ബലിയാടാക്കപ്പെടുന്നു എന്നതാണ്‌ സത്യം. രാഷ്ട്രീയക്കാരുടെ ഇച്ഛയ്ക്കനുസരിച്ച,്‌ തുള്ളുന്ന പാവകളായി തൊഴിലാളികള്‍ മാറ്റപ്പെടുന്നു എന്നതാണ്‌ സത്യം. തൊഴിലാളികളോട്‌ അനുഭാവപൂര്‍വം കത്തോലിക്കാ സഭതൊഴില്‍കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കേരള കത്തോലിക്കാ മെത്രാന്‍സമിതിയില്‍ ലേബര്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. നമ്മുടെ രൂപതകള്‍ക്കുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ തൊഴിലാളികളുടെ പ്രത്യേകിച്ചും അസംഘടിത തൊഴിലാളികളുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഡിപ്പാര്‍ട്ട്മെന്റാണത്‌. ഈ കമ്മീഷന്റെ കീഴില്‍ കെ.എല്‍.എം. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരളാ ലേബര്‍ മൂവ്മെന്റിലൂടെയാണ്‌ കമ്മീഷന്‍ അതിന്റെ ദൗത്യം പ്രധാനമായും നിര്‍വഹിക്കുന്നത്‌. കെ.എല്‍.എം. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സൊസൈറ്റിയാണ്‌. ലേബര്‍ കമ്മീഷനും കെ.എല്‍.എമ്മും പ്രധാനമായും സര്‍ക്കാരിനും തൊഴിലാളികള്‍ക്കും ഇടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിയ്ക്കുകയാണിപ്പോള്‍ ചെയ്യുന്നത്‌. അതോടൊപ്പം സ്വന്തം നിലയിലും കെ.എല്‍.എം. തൊഴിലാളി ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കി വരുന്നുണ്ട്‌. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആവിഷ്ക്കരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമപദ്ധതികള്‍ അവര്‍ക്ക്‌ കിട്ടാനുള്ള സാഹചര്യം ഒരുക്കുകയും അവ കിട്ടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‌ രൂപം കൊടുക്കാനും കെ.എല്‍.എം. ശ്രമിക്കുന്നു. കത്തോലിയ്ക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ തൊഴിലാളികളുടെ ഉന്നതിക്കും പുരോഗതിക്കും സവിശേഷ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം.മേയ്ദിനത്തിലെ പ്രത്യേക ചിന്തഈ മേയ്‌ ദിനത്തില്‍ പ്രത്യേകമായി ചിന്തിക്കേണ്ട ഒരു വിഷയം വരുമാനത്തെയും സമ്പാദ്യത്തെയും കുറിച്ചാണ്‌. തൊഴിലെടുത്തു ലഭിക്കുന്ന പണത്തില്‍ എത്ര ശതമാനം നാം നമ്മുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കുന്നു, എത്ര ശതമാനം സ്വന്തം സുഖത്തിനും സൗകര്യത്തിനുമായി ചെലവഴിക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ജോലി ചെയ്യാതെ ലഭിക്കുന്ന പണം പരിധിയില്ലാതെ ചെലവഴിക്കുന്നതിനുള്ള പ്രവണതയും വര്‍ദ്ധിക്കും. ഇപ്പോള്‍ മാന്ദ്യകാലമാണ്‌. അതിനാല്‍ അദ്ധ്വാനിച്ചു ലഭിക്കുന്ന പണം അദ്ധ്വാനിച്ചു തന്നെ ചെലവഴിക്കുകയും വേണം. സ്വന്തം ശരീരത്തെയും കുടുംബത്തിലെ സമാധാനത്തെയും നശിപ്പിക്കുന്ന തിന്മകള്‍ക്കുവേണ്ടി പണം ചെലവഴിക്കരുത്‌. ശ്രമിച്ചാല്‍ സാമ്പത്തിക മാന്ദ്യത്തെ വീട്ടില്‍ നിന്ന്‌ ഓടിക്കാംചെറുകിട കര്‍ഷകരേയും കര്‍ഷകതൊഴിലാളികളെയുമാണ്‌ സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍ എന്നിവരെയും സാമ്പത്തിക മാന്ദ്യം ബുദ്ധിമുട്ടിലാക്കും. കാരണം അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടും. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തന്നെ രണ്ടു മുതല്‍ രണ്ടര ശതമാനം വരെ പുറകോട്ടായി കഴിഞ്ഞുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. ഏഴു ശതമാനമാണ്‌ ഈ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക്‌. എന്നാല്‍ ഏറ്റവും ഗൗരവമേറിയ കാര്യം നമ്മുടെ ജനതയിലെ അറുപത്തിയഞ്ച്‌ ശതമാനം പേരും കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതാണ്‌. ഈ രംഗത്തുള്ള വളര്‍ച്ചാ നിരക്ക്‌ മൂന്നു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുമെന്നാണ്‌ സൂചന. ഇതുമൂലം അടിസ്ഥാന തൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ക്ഷാമകാലത്തെ നേരിടാനായി പൂര്‍വ്വപിതാവായ യൗസേപ്പിതാവിന്റെ വിവേകത്തോടെ പെരുമാറാന്‍ തൊഴിലാളി വിഭാഗം തയ്യാറാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ രാജ്യം വികസന കുതിപ്പിലാണെന്നത്‌ അഭിമാനാര്‍ഹമായ കാര്യമാണ്‌. ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്‌. പക്ഷേ ഈ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേയ്ക്ക്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്‌ വസ്തുത. കര്‍ഷകരുടെ ഇടയിലുള്ള ആത്മഹത്യകള്‍ പോലെയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്‌ അതാണ്‌. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മനുഷ്യവികസന സൂചികയില്‍ (Human Development Index) ഇന്ത്യയുടെ സ്ഥാനം നൂറ്റിയിരുപത്തിയെട്ടാണ്‌. ഒരുവര്‍ഷം മുമ്പ്‌ അത്‌ നൂറ്റിയിരുപത്തിയാറായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വികസകുതിപ്പിനിടയിലും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളുടെ ജീവിതനിലവാരം താഴോട്ട്‌ പോകുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നതിനെ സംബന്ധിച്ച മാനദണ്ഡം ലോകബാങ്ക്‌ ഈയിടെ പുതുക്കി നിശ്ചയിക്കുകയുണ്ടായി. പ്രതിദിനം രണ്ടു ഡോളറില്‍ (ഏകദേശം നൂറ്‌ രൂപ) കുറവ്‌ വരുമാനം ലഭിക്കുന്നവരെയാണ്‌ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രതിദിനം ഒന്നേകാല്‍ ഡോളര്‍ പോലും ലഭിക്കാത്തവരെ പരമദരിദ്രര്‍ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനം പേരെയും ദരിദ്രരുടെ പട്ടികയിലാണ്‌ പെടുത്തിയിരിക്കുന്നത്‌. പരമദരിദ്രരാവട്ടെ മൊത്തം ഇന്ത്യക്കാരുടെ നാല്‍പത്തിയൊന്ന്‌ ശതമാനമാണ്‌. തൊഴിലാളികളെ ബോധവത്കരിക്കാന്‍ നമുക്കും കടമനമ്മുടെ രാജ്യത്ത്‌ ഏറെയും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്‌ എന്ന്‌ നാം പറഞ്ഞു. സംഘടിത മേഖലയില്‍പോലും സാമൂഹിക തൊഴില്‍ സുരക്ഷ ലഭിക്കാത്തവര്‍ ധാരാളം ഉണ്ട്‌. കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ (അഞ്ചേക്കര്‍ കൃഷി ഭൂമിയില്‍ താഴെയുള്ളവര്‍), മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണത്തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ തുടങ്ങിയ നൂറില്‍പരം വിഭാഗങ്ങളെ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ ദേശീയ വരുമാനത്തിന്റെ അറുപത്‌ ശതമാനത്തില്‍ അധികം ഈ വിഭാഗത്തിന്റെ സംഭാവനയാണെങ്കിലും ഈ വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള സമഗ്രനിയമങ്ങള്‍ ഒന്നുംതന്നെ കഴിഞ്ഞ ആറ്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ടിരുന്നില്ലാ എന്നത്‌ ഖേദകരമാണ്‌. അതുകൊണ്ട്‌ തന്നെ ഈ അടുത്തകാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട്‌ - 2008 ഈ രംഗത്തുള്ള വലിയ കാല്‍വയ്പ്പായിട്ടാണ്‌ കാണുന്നത്‌. ഈ നിയമം കൊണ്ടുവരുന്നതില്‍ കെ.എല്‍.എം. വളരെ അധികം നീക്കങ്ങള്‍ നടത്തിയിരുന്നു. നിയമം അതിന്റെ പൂര്‍ണ്ണ ഉദ്ദേശശുദ്ധിയോടെ നടപ്പിലാക്കാന്‍ വേണ്ട പിന്തുണയും സഹകരണവും തൊഴിലാളി സമൂഹവും തൊഴിലാളി സംഘടനകളും നല്‍കണം. തൊഴിലാളി ക്ഷേമപദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. എല്ലാ തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുവാന്‍ നാം ശ്രദ്ധിക്കണം. ആദ്യമായി ഈ രംഗത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളെപ്പറ്റി അറിവുണ്ടാവുക അത്യാവശ്യമാണ്‌. ക്ഷേമനിധികളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഒരു കൈപ്പുസ്തകം കെ.എല്‍.എം. അടുത്തയിടെ പുറത്തിറക്കിയിട്ടുണ്ട്‌. ജെ.ബി.വൈ. എന്ന കേന്ദ്രസര്‍ക്കാര്‍ സ്പേണ്‍സേര്‍ഡ്‌ ഇന്‍ഷ്വൂറന്‍സ്‌ പദ്ധതിയില്‍ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അംഗങ്ങളാവാന്‍ കഴിയും. ജീവന്‍ മധൂര്‍ പോലെയുള്ള ഇന്‍ഷ്വൂറന്‍സ്‌ വഴിയുള്ള പണം ശേഖരിക്കാനും, കാലക്രമേണ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനും വേണ്ട ഒത്താശകള്‍ ചെയ്യുന്നതിനും തൊഴിലുടമകള്‍ക്കും ബാധ്യതയുണ്ട്‌.