Tuesday, June 2, 2009

തെറ്റിദ്ധാരണപരത്തലിന്റെ മറ്റൊരു മുഖം: ആര്‍ച്ച്ബിഷപ്്‌ ജോസഫ്‌ പവ്വത്തില്‍

ഈയിടെ ഒരു ചാനലിലെ ചര്‍ച്ച കാണുകയുണ്ടായി. ചാനലുകള്‍ക്ക്‌ അവരുടേതായിട്ടുള്ള അജന്‍ഡകളുണ്ട്‌. ചിലര്‍ക്ക്‌ പ്രത്യയശാസ്ത്രപരമായ താല്‍പ്പര്യവും ചിലര്‍ക്ക്‌ രാഷ്ട്രീയാധികാരികളെ പ്രീതിപ്പെടുത്തണമെന്ന ആഗ്രഹവും ചിലര്‍ക്ക്‌ രാഷ്ടീയാധികാരത്തിനുള്ള മോഹവും ചിലര്‍ക്ക്‌ കേവലം ലാഭേഛയുടെ പ്രലോഭനവും. ഇങ്ങനെ വിവിധ താല്‍പ്പര്യങ്ങളാണ്‌ അവരെ നയിക്കുക. ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ സ്വീകരിക്കുക എന്നതിലുപരി, അവരുടെ താല്‍പ്പര്യമനുസരിച്ചുള്ള നിഗമനങ്ങളില്‍ പ്രേക്ഷകരെയെത്തിക്കുകയാണ്‌ അവര്‍ക്ക്‌ ആവശ്യം. അതിനുപറ്റുന്ന ആളുകളെയാണ്‌ അവര്‍ സംഘടിപ്പിക്കുക. അവരാഗ്രഹിക്കുന്ന രീതിയില്‍ ചര്‍ച്ചകള്‍ തിരിച്ചുവിടാന്‍ ഇടയ്ക്കുകയറി ചോദിക്കുക തുടങ്ങിയ പല തന്ത്രങ്ങളാണവര്‍ ഉപയോഗിക്കുക. ചാനലുകളുടെ വിധേയത്വം ഇപ്പോള്‍ ചില ചാനലുകളുടെയും പാര്‍ട്ടിക്കാരുടെയും ശ്രമം തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ പ്രതികരണം ഫലത്തെ ഒട്ടും സ്വാധീനിച്ചില്ല എന്നുവരുത്തിത്തീര്‍ക്കാനാണ്‌. മറ്റുകാരണങ്ങളെല്ലാം നിരത്തി ഇക്കാര്യം ജനമനസില്‍ തമസ്കരിക്കുകയാണു ലക്ഷ്യം. തീരപ്രദേശങ്ങളിലെ ലത്തീന്‍ കത്തോലിക്കര്‍ പാര്‍ട്ടിക്കനുകൂലമായിട്ടായിരുന്നു വോട്ടു ചെയ്തത്‌ എന്ന്‌ മുന്‍പുപറഞ്ഞ ചാനലില്‍ ചര്‍ച്ചചെയ്ത നേതാവിന്‌ തീര്‍ച്ചയാണത്രേ! ചില ബൂത്തുകളിലെ കാര്യം അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിയെത്തിയത്‌ പറയുകയുണ്ടായി. അതേസമയം ആലപ്പുഴയില്‍ ഈ തെരഞ്ഞെടുപ്പിന്റെ ആഘാതമേറ്റ നേതാവ്‌ പറഞ്ഞത്‌ സഭ‘തന്നെ വഞ്ചിച്ചുവെന്നാണ്‌. അഞ്ചുവര്‍ഷം മുന്‍പുണ്ടായിരുന്ന സാഹചര്യം പാടെ മാറിയെന്ന്‌ അദ്ദേഹത്തിനറിയാം. കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ചാനലിലെ നേതാവും. ഇന്നിപ്പോള്‍ സഭകളുടെയും സമുദായങ്ങളുടെയും എതിര്‍പ്പും തിരിച്ചടിയും ഒരു കാരണമായി ചിലനേതാക്കന്‍മാരെങ്കിലും സമ്മതിക്കുന്നുണ്ട്‌.മാര്‍ക്സിസം മതവിരുദ്ധമല്ലേ?ചാനല്‍ ചര്‍ച്ചയില്‍ ആമുഖമായി നേതാവ്‌ പറഞ്ഞുവച്ചത്‌ മാര്‍ക്സിസം ഒരു മതവിശ്വാസത്തിനും എതിരല്ല, അത്‌ എല്ലാ മതങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുവാന്‍ ശ്രമിക്കുകയാണ്‌ എന്നതായിരുന്നു. ഇതു പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടിന്‌ വിരുദ്ധമാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. മാര്‍ക്സ്‌ ആദ്യമെഴുതിയ തീസിസിന്റെ ആമുഖത്തില്‍ത്തന്നെ എഴുതിയത്‌ “ഞാനീ ദൈവങ്ങളെയെല്ലാം വെറുക്കുന്നു’ എന്നായിരുന്നല്ലോ. വൈരുദ്ധ്യാത്മക ഭൗതികവാദം പാടെ ദൈവനിഷേധമാണെന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. “മനുഷ്യനെ മയക്കുന്ന കറുപ്പായ മതത്തെ ഉന്മൂലനം ചെയ്യാതെ നവസമൂഹസൃഷ്ടി സാധിക്കില്ല എന്നതുതന്നെയായിരുന്നു മാര്‍ക്സിന്റെ ബോദ്ധ്യം. മാര്‍ക്സിസം ആധിപത്യം നേടിയ രാജ്യങ്ങളിലെല്ലാം ദൈവാലയങ്ങളും വിദ്യാലയങ്ങളുമെല്ലാം പിടിച്ചെടുക്കുകയും വിശ്വാസികളെ തുറുങ്കിലടക്കുകയുമാണ്‌ ചെയ്തതെന്ന ചരിത്രസാക്ഷ്യം ആര്‍ക്കു നിഷേധിക്കാന്‍ കഴിയും? ഇന്നും ചൈനയില്‍ എന്താണ്‌ നടക്കുന്നത്‌? കേരളത്തിലെ സമുന്നത നേതാവ്‌ അടുത്തകാലത്ത്‌ പറഞ്ഞുവച്ചത്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ വൈരുദ്ധ്യാത്മകഭൗതികവാദം നന്നായി പഠിച്ചിട്ടുള്ളവരും മറ്റുള്ളവരെ പഠിപ്പിക്കാന്‍ പ്രാപ്തരുമായിരിക്കണമെന്നായിരുന്നല്ലോ. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞചെയ്ത ജനപ്രതിനിധികളെ ഭര്‍ത്സിച്ചതും മറക്കാറായിട്ടില്ല. ഒരു പാര്‍ട്ടിക്കാരന്‍ കൂദാശസ്വീകരിച്ചാണ്‌ മരിച്ചത്‌ എന്നുപറഞ്ഞതിന്‌ എന്തു കോലാഹലമാണ്‌ ഈ നാട്ടിലുണ്ടായത്‌! ഇന്നിപ്പോള്‍ മതേതരമെന്നു പറയുന്നതുതന്നെ മതരഹിതസമൂഹത്തെ വിഭാവനചെയ്തുകൊണ്ടാണല്ലോ. രാഷ്ട്രീയരംഗത്ത്‌ മതവിശ്വാസം പ്രസക്തമല്ലേ? ചാനലിലെ നേതാവ്‌ പറഞ്ഞുവച്ച മറ്റൊരുകാര്യം ഇവിടെ വോട്ടുചെയ്യുന്നതില്‍ മതവും ജാതിയുമൊന്നും പ്രസക്തമല്ല; സാമ്പത്തിക, രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ചു മാത്രമായിരുന്നു അവര്‍ ചെയ്തത്‌ എന്നായിരുന്നു. പിന്നെന്തിനാണ്‌ ജാതിയടിസ്ഥാനത്തിലും വര്‍ഗീയാടിസ്ഥാനത്തിലുമുള്ള സംഘടനകളെ കൂട്ടുചേര്‍ക്കാനും വോട്ടുചോദിക്കാനും ഓടി നടന്നത്‌? സ്ഥാനാര്‍ഥികളെ പാര്‍ട്ടികള്‍ നിറുത്തുന്നതും “വിജയസാധ്യത നോക്കി’ എന്നു പറഞ്ഞുകൊണ്ട്‌ സാമുദായികപിന്തുണ നോക്കിയാണല്ലോ. വിശ്വാസികള്‍ എപ്പോഴും വിശ്വാസികള്‍ക്കുവേണ്ടി മാത്രമേ വോട്ടു ചെയ്യൂ എന്ന്‌ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, മതവിശ്വാസത്തെ ആക്ഷേപിക്കുകയും അതിനെ പിഴുതെറിയുവാന്‍ കരുനീക്കങ്ങള്‍ നടത്തുന്നവരെയും കേവലം നിഷ്പക്ഷതയോടെ നോക്കാന്‍ അവര്‍ക്ക്‌ സാധിക്കുകയില്ല. യഥാര്‍ഥത്തില്‍ മതവിശ്വാസികളായിരിക്കുന്നവര്‍ക്ക്‌ എങ്ങനെ മതത്തെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുന്നവരെ അധികാരത്തില്‍ വരുന്നതിന്‌ സഹായിക്കാന്‍ കഴിയും? മതസ്വാതന്ത്ര്യം നിഷേധിക്കുകയും മതത്തെ അവഹേളിക്കുകയും ചെയ്യുന്നതിനോടെതിര്‍ക്കാതിരിക്കാന്‍ യഥാര്‍ഥ മതവിശ്വാസിക്ക്‌ സാധിക്കില്ല.എല്ലാവരും വര്‍ഗ അടിസ്ഥാനത്തില്‍ മാത്രമേ ചിന്തിക്കൂ, അതിനുമാത്രമേ പ്രസക്തിയുള്ളു എന്നത്‌ പഴഞ്ചന്‍ മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തമാണ്‌. മാര്‍ക്സിന്റെ കാലത്തുതന്നെ മാര്‍ക്സിസത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം ദേശീയത, മതവിശ്വാസം, ജാതിചിന്ത തുടങ്ങിയവയുടെ സ്വാധീനവും പ്രസക്തിയും മനസിലാക്കുന്നതില്‍ മാര്‍ക്സിസം പരാജയപ്പെട്ടു എന്നതാണ്‌. ഇന്ത്യന്‍ ദേശീയതയെ മനസിലാക്കാന്‍ ഒരുകാലത്ത്‌ ഇവിടുത്തെ മാര്‍ക്സിസ്റ്റുകള്‍ പരാജയപ്പെട്ടു എന്നത്‌ ഒരു ചരിത്രസത്യമാണ്‌. വാസ്തവത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ തൊഴിലാളി-മുതലാളിവ്യവച്ഛേദത്തിന്‌ ഇന്നു വലിയ പ്രസക്തിയില്ല. ബിസിനസു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വൈരുദ്ധ്യതാല്‍പ്പര്യങ്ങളേക്കാളേറെ യോജിപ്പിക്കുന്ന പൊതുതാല്‍പ്പര്യങ്ങളായിരിക്കും ആവശ്യം. എതിര്‍ത്തു നശിപ്പിക്കുക എന്നതിലുപരി സാമ്പത്തികരംഗത്ത്‌ സമാധാനം, നീതി, പുരോഗതി എന്നിവയ്ക്കുവേണ്ടിയെല്ലാം ഒരുമിച്ചു ശ്രമിക്കുകയാണ്‌ വേണ്ടത്‌. മാറിമാറി വരുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്തു നയപരിപാടികള്‍ ആസൂത്രണം ചെയ്യാനാണ്‌ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയാറാകേണ്ടത്‌. ‘ഭിന്നതാല്‍പ്പര്യങ്ങള്‍ എന്നും എല്ലാ സമൂഹത്തിലും ഉണ്ടാകും; അവയില്‍ കൊള്ളാവുന്നവ കൊള്ളുകയും തള്ളേണ്ടത്‌ തള്ളുകയും ചെയ്തു സമന്വയത്തിനും പൊതുനന്മയെക്കരുതിയുമാകണം രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍.ആരാണ്‌ ന്യൂനപക്ഷസംരക്ഷകര്‍?എക്കാലവും ന്യൂനപക്ഷസംരക്ഷകരാണ്‌ എല്‍ഡിഎഫ്‌ എന്ന വാദമുഖവും ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്നുണ്ട്‌. ഇതും നിഷ്പക്ഷരായ കേരളീയര്‍ക്ക്‌ വിചിത്രമായിത്തോന്നുന്നു. ഇവിടെ ആദ്യം കേട്ട മുദ്രാവാക്യം “ജന്മി-മുതലാളി-പൗരോഹിത്യം നശിക്കട്ടെ’ എന്നുള്ളതായിരുന്നല്ലോ. ആദ്യത്തെ കമ്യൂണിസ്റ്റു ഭരണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ തലമുറ ഇന്നു ജീവിച്ചിരിപ്പുണ്ടല്ലോ. ഈയിടെ ഭരണത്തിലായപ്പോഴും എന്തെല്ലാമാണ്‌ ക്രൈസ്തവ പീഡനത്തിനായി ചെയ്തുകൂട്ടിയത്‌! ബംഗാളില്‍ എന്താണ്‌ നടന്നത്‌. സച്ചാര്‍ കമ്മറ്റിയുടെ നിര്‍ദേശമനുസരിച്ച്‌ ചെയ്യേണ്ടകാര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി അവിടെ ചെയ്തിട്ടുണേ്ടാ? മൂന്നുദശാബ്ദത്തിലധികം അവിടെ ഭരിച്ചിട്ടും ജനങ്ങളുടെ സാക്ഷരത എത്ര ശതമാനമാണ്‌? വലിയകാര്യമായിപ്പറയുന്നത്‌ ഒറീസയിലും ഗുജറാത്തിലും മര്‍ദനമേറ്റ ക്രൈസ്തവരെപ്പോയി കണ്ടു എന്നുള്ളതാണ്‌. അവിടെയൊന്നും ഇക്കൂട്ടര്‍ ഭരണകക്ഷിയല്ലാത്തതുകൊണ്ടാണ്‌ ഈ പ്രകടനമെന്ന്‌ ആര്‍ക്കും മനസിലായില്ലെന്നാണോ കരുതുന്നത്‌?സ്വാശ്രയസ്ഥാപനങ്ങളോടുള്ള ശത്രുതഇവിടെ വിദ്യാഭ്യാസരംഗത്ത്‌ സ്വാശ്രയസ്ഥാപനങ്ങള്‍ വന്നപ്പോള്‍ സാമൂഹ്യ നിയന്ത്രണം ആവശ്യമായിവന്നു, അതിനോട്‌ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക്‌ ശത്രുത വന്നതാണ്‌ അടുത്തകാലത്തെ എതിര്‍പ്പിന്‌ കാരണമെന്നതാണ്‌ മറ്റൊരു വാദമുഖം. ഇവിടെ വിദ്യാഭ്യാസരംഗത്തിറങ്ങിയത്‌ സമുദായസംഘടനകളാണ്‌. വ്യക്തികളോ, കമ്പനികളോ അല്ല. ആ സമുദായങ്ങളെയെല്ലാം കച്ചവടക്കാരെന്ന്‌ വിളിച്ചാക്ഷേപിക്കുന്നതിലെ അഹന്ത പലരും തിരിച്ചറിയുന്നുണ്ട്‌. സമുദായങ്ങള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്‌ തങ്ങളുടെ സമുദായങ്ങള്‍ക്കും പൊതുസമൂഹത്തിനും വേണ്ടിയാണ്‌. അവയില്‍നിന്നു പണമുണ്ടാക്കി മുതല്‍ക്കൂട്ടാനല്ല.എന്നാല്‍, അറിഞ്ഞിരിക്കേണ്ട യാഥാര്‍ഥ്യം ഇവിടുത്തെ സര്‍ക്കാരുകള്‍ ഈ വിദ്യാലയങ്ങളെ അപവാദത്തില്‍ക്കുടുക്കി തങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറുകയായിരുന്നു എന്നുള്ളതാണ്‌. ഉന്നതവിദ്യാഭ്യാസം, പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെലവേറിയകാര്യമാണെന്ന്‌ ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്‌. തീര്‍ച്ചയായും പാവപ്പെട്ട കുട്ടികള്‍ക്ക്‌ ആവശ്യമായ സഹായം നല്‍കാന്‍ സമൂഹം ബാദ്ധ്യസ്ഥമാണ്‌. അതാണ്‌ സാമൂഹ്യനീതി ആവശ്യപ്പെടുന്നത്‌. ആദ്യമായി അതിനുള്ള ബാദ്ധ്യത പൊതുമുതല്‍ കൈയാളുന്ന സര്‍ക്കാരിനാണ്‌. പാവപ്പെട്ട കുട്ടികളുടെ മാതാപിതാക്കളും ഓരോവിധത്തില്‍ നികുതിദായകരാണ്‌. ജനങ്ങളില്‍നിന്നു ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ മാത്രം ചെലവഴിക്കാനുള്ളതല്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും അതിനവകാശമുണ്ട്‌. അതു മനസിലാക്കിയാണ്‌ പോണ്ടിച്ചേരിയില്‍ സ്വാശ്രയസ്ഥാപനങ്ങള്‍ തുടങ്ങിയപ്പോള്‍ പാവപ്പെട്ടവര്‍ക്ക്‌ സര്‍ക്കാര്‍കോളേജുകളിലെ നിരക്കിലധികമുള്ള തുക സര്‍ക്കാരില്‍നിന്നുതന്നെ നല്‍കിയത്‌. കേന്ദ്രസര്‍ക്കാരും സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌ കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. ഈ രീതിക്കുനേരെ ഇവിടുത്തെ സര്‍ക്കാരുകള്‍ കണ്ണടക്കുകയാണ്‌. ഇവിടെ സ്വാശ്രയസ്ഥാപനങ്ങള്‍ നടത്താന്‍ തുടക്കമിട്ടവര്‍ തന്നെ ഈ ബാദ്ധ്യതയെല്ലാം വഹിക്കണമെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ലോകത്തെവിടെയെങ്കിലും ഇങ്ങനെയൊരു ക്രമീകരണമുണേ്ടാ? ഇവിടെ സര്‍ക്കാര്‍ കണ്ടുപിടിച്ച വിദ്യ കോച്ചിംഗും മറ്റും നേടി പ്രവേശനപ്പരീക്ഷക്ക്‌ ഉയര്‍ന്നമാര്‍ക്ക്‌ വാങ്ങിക്കുന്നവര്‍ക്ക്‌ സൗജന്യവിദ്യാഭ്യസം, ബാക്കി 50 ശതമാനം വിദ്യാര്‍ഥികള്‍ (അതും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍) ഉയര്‍ന്ന ഫീസുനല്‍കി ആദ്യത്തെ കൂട്ടരെ പഠിപ്പിക്കണമെന്നാണ്‌. ഇതു ‘ഭരണഘടനാനുസരണമല്ല, പാതിപിള്ളേരെക്കൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിക്കണമെന്ന തത്വം ശരിയല്ലന്ന്‌ ടി.എം.എ പൈ കേസില്‍ സുപ്രീംകോടതി പറഞ്ഞെങ്കിലും അതിനെ മറികടന്ന്‌ നിയമം പാസാക്കിയും വിദ്യാ ലയനടത്തിപ്പിന്‌ ഒട്ടും തികയാത്ത ഫീസു നിശ്ചയിച്ചും ഈ സ്വാശ്രയസ്ഥാപനങ്ങളെ പീഡിപ്പിക്കുകയും അവയ്ക്കെതിരായി ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ട്‌ എന്തൊക്കെ ദ്രോഹമാണ്‌ ഈ സമുദായങ്ങളോയ്‌ ചെയ്തത്‌! ഇതാണോ സാമൂഹ്യ നീതി? ഇതിനു തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ പ്രതികരണം നല്‍കിയത്‌ നീതിനടത്തിപ്പ്‌ മാത്രമാണ്‌. അതു കണക്കിലെടുക്കുകതന്നെ വേണം.ഇവിടുത്തെ ബഹുഭൂരിപക്ഷം ആളുകളും മതവിശ്വാസികളാണ്‌. അവര്‍ രാഷ്ട്രീയരംഗത്തെ എല്ലാ കാര്യങ്ങളെയും കേവലം മതപരമായ അടിസ്ഥാനത്തിലല്ല കാണുന്നത്‌. പക്ഷേ, മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും മതസ്വാതന്ത്ര്യത്തിന്മേല്‍ കൈയേറ്റമുണ്ടാവുകയും ചെയ്യുമ്പോള്‍ അവരുടെ വിശ്വാസത്തിന്റെ പ്രതികരണം നല്‍കാതിരിക്കാന്‍ അവര്‍ക്കു കഴിയില്ല. വിശ്വാസമുള്ളവര്‍ക്കേ അതു സാധിക്കൂ. വിശ്വാസമില്ലാത്തവര്‍ മതവിരുദ്ധനീക്കങ്ങള്‍ക്കു “ആമ്മേന്‍’ പറയുകയേയുള്ളൂ. ഇവിടെ തിരുത്തല്‍ വരേണ്ടത്‌ മതവിരുദ്ധനീക്കങ്ങള്‍ ഉപേക്ഷിക്കുന്നതിലൂടെയാണ്‌, അധികാരം ഉപയോഗിച്ച്‌ ഒരു പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്ന ശ്രമത്തില്‍നിന്നും പിന്‍മാറുന്നതിലൂടെയാണ്‌.