കേരളത്തിലെ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രഫഷണല്‍ വിദ്യാഭ്യാസം തേടിപോകാന്‍ ഇടയാക്കുന്ന തന്ത്രങ്ങള്‍ മെനയുന്നവരായി വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുന്നത് ഖേദകരമാണെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ് റവ.ഡോ.ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഏജന്‍സികളില്‍നിന്നു പണം പറ്റിയാണ് ഈ തന്ത്രങ്ങള്‍ മെനയുന്നതെന്ന് ആരോപണം പല ഭാഗത്തുനിന്ന് ഉയര്‍ന്നുവരാറുണ്ട്. ഏതാണ്ട് മൂന്നു ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍നിന്നു മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം തേടി പോകേണ്ടിവന്നിരിക്കുന്നതെന്നാണ് സി.ഡി.എസ് ന്റെ പഠനം പോലും കാണിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജുകളില്‍ പ്രവേശന പരീക്ഷയ്ക്കും യോഗ്യതാപരീക്ഷയ്ക്കും കൂടി 50 ശതമാനത്തിലേറെ മാര്‍ക്കു നേടിയവരെ മാത്രം പരിഗണിച്ച് അവരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്കാണ് പ്രവേശനം നല്‍കിയത്. ഇവരില്‍ നല്ല പങ്കും യോഗ്യതാപരീക്ഷക്ക് 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയവരാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റര്‍ സേ മെരിറ്റനുസരിച്ചു മാത്രം പ്രവേശനം നല്‍കുകയും എല്ലാവര്‍ക്കും ന്യായമായ ഫീസുകള്‍ മാത്രം ഏര്‍പ്പെടുത്തുകയും പാവപ്പെട്ട യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കി സൗജന്യമായി പഠിപ്പിക്കുകയും ചെയ്യുന്ന മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ചില വിദ്യാര്‍ഥിസംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ദുഷ്ടലാക്കോടുകൂടിയതായിട്ടാണ് കാണാന്‍ കഴിയുന്നത്.സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളജുകളെക്കുറിച്ച് അവര്‍ മൗനം ഭജിക്കുന്നത് അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നുണ്ട്.