കുട്ടികള്‍ക്കുവേണ്ടിയാണ് മാതാപിതാക്കളുടെ ജീവിതം. അവരുടെ ജീവിതം സന്തോഷത്തിന്റെയും സന്തുഷ്ടിയുടെയും പൂമരമാകാന്‍ എന്തു ത്യാഗത്തിനും മാതാപിതാക്കള്‍ തയാറാണ്. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലാണ് മാതാപിതാക്കള്‍ ഏറ്റവും അധികം സന്തോഷം അനുഭവിക്കുന്നത്. മികച്ച സ്കൂള്‍, മികച്ച പഠനോപകരണങ്ങള്‍, മികച്ച മാര്‍ക്ക്... എന്നിങ്ങനെ തനിക്ക് തന്റെ മക്കള്‍ തുണയാകുന്ന കാലത്തോളം മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ വളര്‍ന്നു വികസിക്കുന്നു. എന്നാല്‍ പലപ്പോഴും മാതാപിതാക്കള്‍ നിരാശയിലകപ്പെടാറുമുണ്ട്. മാതാപിതാക്കളുടെ സ്വപ്നത്തോളം കുട്ടികള്‍ക്ക് എത്താനാവാതെ വരുമ്പോഴും തങ്ങളുടെ സ്വപ്നത്തില്‍ നിന്ന് മാതാപിതാക്കള്‍ ഒട്ടും താഴേയ്ക്കിറയ്ക്കാത്തപ്പോഴും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. കുട്ടികളുടെ കഴിവുകളും പരിമിതികളും തിരിച്ചറിയുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പഠനത്തില്‍ മികവു പ്രകടിപ്പിക്കാനാവാതെ വരുന്ന കുട്ടികള്‍ക്ക് ചില പാഠ്യേതര വിഷയങ്ങളില്‍ മികവു പുലര്‍ത്താന്‍ സാധിക്കും. തോമസ് ആല്‍വാ എഡിസനെക്കുറിച്ചുള്ള കഥയുണ്ട്. പഠിക്കാന്‍ സ്വയമേ മടിയനായിരുന്ന, ക്ലാസില്‍ എന്നും അധ്യാപകരുടെ ശകാരത്തിനും പരിഹാസത്തിനും ഇരയായ വിദ്യാര്‍ഥിയായിരുന്നു തോമസ് ആല്‍വാ എഡിസന്‍. എന്തൊക്കെ എത്രയധികം സമയമെടുത്തു പഠിച്ചാലും തോമസ് ആല്‍വാ എഡിസന്റെ ഓര്‍മയില്‍ നില്‍ക്കില്ല. വീട്ടിലും എഡിസണ്‍ പ്രശ്നക്കാരനായിരുന്നു. ഒരിക്കലും തീരാത്ത ജിജ്ഞാസയും കൗതുകവും കാരണം എഡിസന്‍ വീട്ടിലും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അടയിരുന്ന കോഴിയെ പറത്തിവിട്ട് എഡിസന്‍ മുട്ടകള്‍ ഒന്നൊന്നായി ഉടച്ചു. അതിന് ശകാരിച്ച അമ്മയോട് നിഷ്കളങ്കമായി എഡിസന്‍ ചോദിച്ചു. മുട്ടയ്ക്കുള്ളില്‍ നിന്നും കുഞ്ഞുണ്ടാവുന്നത് എങ്ങനെയെന്ന് അറിയാനാണ് മുട്ടപൊട്ടിച്ചതെന്നായിരുന്നു. താമസിയാതെ തോമസ് ആല്‍വ എഡിസനെ സ്കൂളില്‍ നിന്നും പുറത്താക്കി. തന്റെ മകനില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്ന അമ്മ അവനെ ശകാരിക്കാതെ ആത്മവിശ്വാസം നിറച്ചു. അവന്റ ജിജ്ഞാസയെ പ്രോത്സാഹിപ്പിച്ചു. തോമസ് ആല്‍വ എഡിസന്‍ എന്ന ലോകം കണ്ടതിലും വെച്ച് ഏറ്റവു മഹാനായ ശാസ്ത്രജ്ഞന്‍ മരിക്കുമ്പോള്‍ സ്വന്തമായുണ്ടായിരുന്നത് മൂവായിരം പേറ്റന്റുകള്‍. ഒരു അനുഭവം കൂടി അറിയുക. തോമസ് ആല്‍വ എഡിസന് എണ്‍പതുവയസുള്ളപ്പോള്‍ അഗ്നിബാധയില്‍ അദ്ദേഹത്തിന്റെ ലാബട്ടറി കത്തിച്ചാമ്പലായി. വിവിധ ഘട്ടങ്ങളിലായിരുന്ന അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും, പരീക്ഷണങ്ങള്‍ക്കായി തയാറാക്കിയ കുറിപ്പുകളും പൂര്‍ത്തിയായവും എല്ലാം കത്തി ചാമ്പലായി. അഗ്നിബാധയുണ്ടാകുന്ന സമയത്ത് വീട്ടിലായിരുന്ന തോമസ് ആല്‍വ എഡിസനെ പിതാവിന് ഈ ഷോക്ക് താങ്ങാന്‍ സാധിക്കുമോ എന്ന സംശയത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു. മകന്റെ ഒപ്പം ലാബട്ടറിക്ക് മുന്നിലെത്തിയ തോമസ് ആല്‍വ എഡിസന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. ജീവിതത്തില്‍ പറ്റിയ ചില തെറ്റുകളും മണ്ടത്തരങ്ങളും തിരുത്തി പുതുതായി തുടങ്ങുവാന്‍ ഒരവസരമായി. പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളും മാര്‍ക്ക്ലിസ്റ്റിലെ അക്കങ്ങളും മാത്രം കൊണ്ട് ജീവിതം പൂര്‍ണമാകുന്നില്ല. അവകൊണ്ടുമാത്രം ജീവിതം വിജയമാകുന്നുമില്ല. കുട്ടികളുടെ പഠിക്കാനുള്ള പരിമിതി അറിഞ്ഞ് അത് തരണം ചെയ്യാന്‍ സഹായിച്ചാല്‍ ഏത് കുട്ടിയുടെയും കഴിവിന്റെ പരമാവധി വളര്‍ത്തിയെടുക്കാനാകും. ചെറിയ ക്ലാസുകളില്‍ പരീക്ഷകളില്‍ മാര്‍ക്ക് അല്‍പം കുറഞ്ഞാലും സഹിച്ചെന്ന് വരും. പക്ഷെ അങ്ങോട്ട് ചെല്ലും തോറും പ്രകടനം മോശമായാല്‍ അച്ഛനമ്മമാര്‍ ഗൗരവക്കാരാകുകയായി. നിര്‍ബന്ധവും ശിക്ഷയും കൂടുകയായി. കുട്ടികള്‍ നന്നായി പഠിക്കണമെന്നത് ഏത് മാതാപിതാക്കളുടെയും ആഗ്രഹമാണ്. എന്നാല്‍ അതിന് തങ്ങള്‍ കുട്ടികളെ വേണ്ട വിധത്തില്‍ സഹായിക്കുന്നുണ്ടോ എന്ന് മിക്ക മാതാപിതാക്കളും ചിന്തിക്കാറില്ല. കുട്ടികളുടെ പഠിക്കാനുള്ള പരിമിതി അറിഞ്ഞ് അത് തരണം ചെയ്യാന്‍ സഹായിച്ചാല്‍ ഏത് കുട്ടിയുടെയും കഴിവിന്റെ പരമാവധി വളര്‍ത്തിയെടുക്കാനാകും.പഠനത്തിലും പരീക്ഷയിലും മികവ് പുലര്‍ത്താന്‍ വര്‍ഷത്തിന്റെ തുടക്കം മുതലേ അടുക്കും ചിട്ടയോടും കൂടി പഠനത്തെ സമീപിക്കേണ്ടതുണ്ട്. തുടക്കത്തിലുള്ള ഉത്സാഹം വര്‍ഷാവസാനം വരെ നിലനിര്‍ത്തുന്ന ശീലം കുട്ടികളില്‍ ഊട്ടിയുറപ്പിക്കണം. പുതിയ വര്‍ഷത്തേയും പുതിയ പാഠ്യവിഷയങ്ങളേയും സന്തോഷത്തോടെ വരവേല്‍ക്കാന്‍ ശാരീരികമായും മാനസികമായും കുട്ടികളെ ഒരുക്കണം. ചിട്ടയോടെയുള്ള പഠനത്തിന്റെ ആവശ്യകതയെ നല്ല രീതിയില്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക്കണം. ഒരു വര്‍ഷത്തെ പഠനത്തിനുള്ള പ്രോഗ്രാം ചാര്‍ട്ട്്് തുടക്കത്തിലേ തയാറാക്കണം. അവരുടെ ബുദ്ധിമുട്ടുകള്‍ അവരോട് തുറന്ന് സംസാരിച്ച് അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. വിഷയങ്ങളോട് താത്പര്യം ഉണ്ടാക്കുന്ന രീതിയിലുള്ള പഠനസഹായികള്‍ സജ്ജീകരിക്കുന്നത് നല്ലതാണ്. മാതാപിതാക്കളും അധ്യാപകരും കുട്ടികളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ നിലവാരത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അധ്യാപകരുമായി മാതാപിതാക്കള്‍ നേരിട്ട് സംസാരിക്കണം. പാഠ്യേതര വിഷയങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കുക. അതും ഒരു വിധത്തില്‍ പഠനതാത്പര്യം കൂടാന്‍ സഹായിക്കും.ക്ലാസ് റൂമുകളില്‍ ഏകാഗ്രതയോടെയിരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പഠനത്തിന്റെ വലിയൊരു ഭാഗം പരിഗണിക്കപ്പെട്ടു കഴിഞ്ഞു. ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ അശ്രദ്ധമായിരുന്നാല്‍ പിന്നീടുള്ള പല പാഠങ്ങളും ശരിയായി മനസ്സിലാക്കുന്നതിനെ അത് ബാധിക്കും. ക്ലാസില്‍ ഇരിക്കാന്‍ മുന്‍നിര ബഞ്ചുകള്‍ തെരഞ്ഞെടുക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. സ്വപ്നജീവികളായ കുട്ടികള്‍ അശ്രദ്ധയ്ക്ക് കാരണമായേക്കാവുന്ന ജനാലകള്‍ക്കരികിലും വാതിലിനരികിലും ഇരിക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുക. ഇന്റര്‍വെല്‍ സമയങ്ങളില്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും കൈകാലുകള്‍ക്ക് വിശ്രമം നല്‍കുകയും ചെയ്യുന്നത് അടുത്ത ക്ലാസില്‍ ഊര്‍ജ്ജസ്വലത വീണ്ടെടുക്കാന്‍ സഹായിക്കും. അതിന് അധ്യാപര്‍ താത്പര്യമെടുക്കേണ്ടതാണ്. ക്ലാസിനിടയില്‍ മടുപ്പു തോന്നുകയാണെങ്കില്‍ അധ്യാപകനോട് പറഞ്ഞ് മുഖം കഴുകുകയോ മറ്റോ ചെയ്യുന്നത് നന്നായിരിക്കും.പരമാവധി ദിവസങ്ങളില്‍ ക്ലാസില്‍ മുടങ്ങാതെ ഹാജരാകാന്‍ ശ്രദ്ധിക്കണം. അധ്യാപകര്‍ ഏല്‍പ്പിക്കുന്ന ഹോം വര്‍ക്കുകള്‍ സമയത്തിന് പൂര്‍ത്തിയാക്കണം. ഹോം വര്‍ക്കുകള്‍ കൂടുതലുണ്ടെങ്കില്‍ അധ്യാപകനോട് സംസാരിച്ച് ലഘൂകരിക്കാന്‍ ശ്രമിക്കുക. വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ വിഷമമുണ്ടെങ്കില്‍ അധ്യാപകനുമായി തുറന്ന് സംസാരിക്കുക. നോട്ടുപുസ്തകങ്ങളില്‍ മാര്‍ജിനായി കൂടുതല്‍ സ്ഥലം നല്‍കുക. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ എഴുതി ചേര്‍ക്കാന്‍ ഇത് സഹായകമാകും. വരികള്‍ക്കിടയില്‍ ആവശ്യത്തിന് സ്ഥലം വിടുന്ന ശീലം ഉണ്ടാക്കണം. വായിച്ച് പഠിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസം കുറയാനും കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാനും ഇത് സഹായിക്കും.വടിവുള്ള അക്ഷരം വായനയ്ക്ക് പ്രേരിപ്പിക്കും. വായിക്കുന്നത് എളുപ്പം മനസ്സിലാകാനും സഹായിക്കും. കേട്ട് എഴുതിയെടുക്കേണ്ടി വരുന്ന അവസരങ്ങളില്‍ ചുരുക്കെഴുത്ത് ശീലിക്കാം. എഴുതിയെടുക്കുമ്പോള്‍ പ്രധാന ആശയങ്ങള്‍ മാത്രം കുറിച്ചുവച്ചാല്‍ മതിയാകും. നന്നായി ശ്രദ്ധിച്ചതിനുശേഷം മാത്രം എഴുതിയെടുക്കുക. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ ഭാഗത്ത് ഓര്‍ക്കാന്‍ എന്തെങ്കിലും അടയാളം ഇടാം. ക്ലാസിനുശേഷം സഹപാഠികളോടോ അധ്യാപകനോടോ ചോദിച്ച്്് എഴുതിയെടുക്കുക. ചുരുക്കത്തില്‍ എഴുതിയ നോട്ട് അന്നു തന്നെ വേണമെങ്കില്‍ വൃത്തിയായും വിശദമായും നോട്ടാക്കാം.കുട്ടികള്‍ക്ക് പഠിക്കാന്‍ വിഷമമുള്ള വിഷയങ്ങള്‍ക്ക് പ്രത്യേക ട്യൂഷന്‍ ഏര്‍പ്പെടുത്തുന്നത് നല്ലതാണ്. പഠിപ്പിക്കുന്ന രീതിയിലുള്ള വ്യത്യാസം കുട്ടികളെ ആ വിഷയങ്ങള്‍ മനസിലാക്കാന്‍ സഹായിക്കും. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന്‍ ഏര്‍പ്പെടുത്തുന്ന രീതി തെറ്റാണ്. അത് കൂടുതല്‍ അശ്രദ്ധക്ക് കാരണമാകുകയേ ഉള്ളൂ. എത്ര ട്യൂഷന്‍ കൊടുത്താലും വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത് അവര്‍ തന്നെ ചെയ്യണം.പഠിക്കാന്‍ പ്രത്യേകമായ സ്ഥലം വീട്ടില്‍ സജ്ജീകരിക്കണം. ഇന്റര്‍നെറ്റില്‍ നിന്നും മറ്റും പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പഠനസമയം ഉപയോഗിക്കരുത്. അതിന് വിശ്രമവേളകള്‍ പ്രയോജനപ്പെടുത്താം. എല്ലാദിവസവും നിശ്ചിതമായ സമയം പഠനത്തിനായി മാറ്റി വയ്ക്കണം. പ്രയാസമുള്ള വിഷയങ്ങള്‍ ആദ്യവും എളുപ്പമുള്ളവ പിന്നീടും എന്ന ക്രമത്തില്‍ പഠനം ക്രമീകരിക്കണം ഏറ്റവും ഊര്‍ജസ്വലമായ സമയം ഏറ്റവും പ്രയാസമുള്ള വിഷയം പഠിക്കാന്‍ ഉപയോഗിക്കണം. നോട്ടുകള്‍ തയാറാക്കുന്നതിനോടൊപ്പം പഠിക്കാന്‍ വിഷമമുള്ള വിഷയങ്ങള്‍ക്കായി ഡയഗ്രങ്ങും ടേബിളുകളും സൂത്രവാക്യങ്ങളും സ്വയം തയാറാക്കി വയ്്്ക്കണം. പരീക്ഷക്ക്് പഠിക്കുന്ന സമയത്ത്്് ഇത് വളരെ ഉപകാരപ്പെടും.സുഖകരമായി ഇരിക്കാവുന്ന കസേരയും മേശയും സ്വസ്ഥതയുള്ള അന്തരീക്ഷവും പഠനത്തിനാവശ്യമാണ്. പഠിക്കാന്‍ ഇരിക്കുന്ന സ്ഥലത്ത് നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കള്‍ മാറ്റി വയ്ക്കണം. പരീക്ഷയെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്ന് സമയമാണ്. പരീക്ഷാകാലം തുടങ്ങുന്നതിന് മുമ്പുതന്നെ ലക്ഷ്യബോധത്തോടെ സമയം ക്രമീകരിച്ച് പഠനമാരംഭിക്കുക. പരീക്ഷാകാലമായാല്‍ ടെലിവിഷന്‍ ഇന്റര്‍നെറ്റ് തുടങ്ങിയ വിഷ്വല്‍ മീഡിയ കഴിവതും ഉപയോഗിക്കാതിരിക്കുക. വിവിധ വിഷയങ്ങള്‍ക്കായി സമയം ഭാഗിച്ചു വച്ച് പഠിക്കുക. ഈ സമയം കൃത്യമായി പാലിക്കാനും ശ്രദ്ധിക്കണം. നിശ്ചിത സമയത്തിനുള്ളില്‍ ഒരു വിഷയം പഠിച്ചു തീര്‍ന്നില്ലെങ്കില്‍ അഞ്ചോ പത്തോ മിനിട്ട് മാത്രം അടുത്ത വിഷയത്തില്‍ നിന്ന് കടമെടുക്കുക. അതില്‍ കൂടുതല്‍ ഒട്ടും അരുത്. പഴയ ചോദ്യപ്പേപ്പറുകള്‍ സമയക്ലിപ്തതയോടെ ഉത്തരമെഴുതി ശീലിക്കുന്നത് പരീക്ഷാസമയം നന്നായി ഉപയോഗിക്കാന്‍ പ്രാപ്തരാക്കുംനല്ല ആരോഗ്യനിലയും ദിവസേനയുള്ള വ്യായാമവും ഓര്‍മ്മശക്തിയെ വര്‍ദ്ധിപ്പിക്കും. ശാരീരികവും മാനസികവുമായ ക്ഷതങ്ങള്‍ മനസിനെ തളര്‍ത്തുകയും ഓര്‍മശക്തിയും ഏകാഗ്രതയും നശിപ്പിക്കുകയും ചെയ്യും. ഒരിക്കല്‍ വായിച്ചുപോയ കാര്യങ്ങള്‍ മറന്നുപോകാന്‍ ഇടയുണ്ട്. അതുകൊണ്ട് അവ ആവര്‍ത്തിച്ച് വായിച്ച്്് ഓര്‍മയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കാം. പഠിച്ച ഭാഗങ്ങള്‍ ചെറു കുറിപ്പുകളാക്കി സൂക്ഷിക്കുക. പരീക്ഷാസമയങ്ങളില്‍ ഈ ചെറിയ നോട്ടുകള്‍ വളരെ ഉപകാരപ്രദമാകും. ശക്തി കൂടിയ മരുന്നുകള്‍ ക്ഷീണമുണ്ടാക്കും. അത്്് ഓര്‍മശക്തിയേയും ബാധിക്കും. ഡോക്ടറുമായി സംസാരിച്ച് അതിന് പരിഹാരമുണ്ടാക്കാം. പഠനസമയത്ത്് ആവശ്യമായ സമയം വിശ്രമത്തിനായി കണ്ടെത്തുക. ആ സമയം മാതാപിതാക്കള്‍ക്കൊപ്പമോ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമോ മറ്റോ ചെലവഴിക്കാം. ഓര്‍മിച്ചുവക്കേണ്ട കാര്യങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ ശ്രമിച്ച് അവ ക്രമീകരിക്കുക. ആശയങ്ങളെ ചിത്രങ്ങളോ വസ്തുക്കളോ ആയി സങ്കല്‍പിച്ച്് അവയെ ഓര്‍മിക്കാം. ഓര്‍ത്തെടുക്കാന്‍ കഴിയുമെന്ന്്് സ്വയമൊരു ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ വിദ്യാഭ്യാസ കൗണ്‍സിലിംഗിലൂടെ മനസ്സിലാക്കി പരിശീലിക്കുന്നതും നന്നായിരിക്കും. പരീക്ഷാദിവസങ്ങളില്‍ നന്നായി ഉറങ്ങേണ്ടത് പരീക്ഷാ സമയത്ത് പഠിച്ചത് ഓര്‍മകിട്ടാന്‍ തീര്‍ച്ചയായും ആവശ്യമാണ്.കുട്ടികളില്‍ പഠനവൈകല്യങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കണം. അവര്‍ക്ക് ബുദ്ധിക്കുറവാണെന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്തുകയോ കളിയാക്കുകയോ അരുത്. അധ്യാപകരോട് വൈകല്യത്തെക്കുറിച്ച് സംസാരിക്കണം. അങ്ങനെയുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധയും സമീപനവും ആവശ്യമാണ്. അത് ലഭ്യമായാല്‍ അവര്‍ക്ക് മറ്റു വിദ്യാര്‍ഥികളെ പോലെ പഠിക്കാന്‍ സാധിക്കും. ഗൃഹാന്തരീക്ഷം കുട്ടികളുടെ പഠനത്തെ സംബന്ധിക്കുന്ന പ്രധാന ഘടകമാണ്. മാതാപിതാക്കള്‍ തമ്മിലുള്ള സംഘര്‍ഷം, അമിതമായ നിയന്ത്രണങ്ങള്‍, കഠിനമായ ശിക്ഷാനടപടികള്‍ തുടങ്ങിയവയെല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കും.പരീക്ഷയെഴുതുമ്പോള്‍ ഏകാഗ്രത അത്യാവശ്യമാണ്. അതുകൊണ്ട്്‌ഏകാഗ്രത നശിപ്പിക്കാനിടയുള്ള ഇരിപ്പിടങ്ങള്‍ ഒഴിവാക്കുക. ഹാളില്‍ എന്തെങ്കിലും അസൗകര്യം നേരിട്ടാല്‍ അധ്യാപകനെ അറിയിക്കുക. അധ്യാപകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും പരീക്ഷാനിയമങ്ങളും ശ്രദ്ധിച്ച്്്മനസിലാക്കണം. ചോദ്യപേപ്പര്‍ മുഴുവന്‍ പരിശോധിച്ച്്് ഓരോ ചോദ്യത്തിനും നല്‍കിയിരിക്കുന്ന മാര്‍ക്കിനനുസരിച്ചുള്ള ഉത്തരമെഴുതാന്‍ ശ്രദ്ധിക്കണം. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ എത്ര സമയമെടുക്കുമെന്ന്് ആദ്യമേ കണക്കാക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയശേഷം ഉത്തരക്കടലാസ് ഒരാവര്‍ത്തി വായിച്ചു നോക്കാനുള്ള സമയവും കണ്ടെത്തണം. ഉത്തരങ്ങള്‍ക്ക്്് നമ്പറിട്ടിരിക്കുന്നത് ശരിയാണോ എന്ന് ഉറപ്പുവരുത്തുക. എളുപ്പമറിയാവുന്നവ ആദ്യമെഴുതണം. ഒരു ചോദ്യവും ഉത്തരമെഴുതാതെ വിട്ടുകളയരുത്. ഉപന്യാസചോദ്യങ്ങള്‍ക്ക്്് ഉത്തരമെഴുതുമ്പോള്‍ ആശയങ്ങള്‍ ക്രമത്തില്‍ അടുക്കും ചിട്ടയോടും കൂടി എഴുതാന്‍ ശ്രമിക്കാം. അങ്ങനെ എല്ലാവിധ തയാറെടുപ്പുകളും മുന്‍കരുതലുകളോടേയും ഈ പുതിയ അധ്യയനവര്‍ഷം ആരംഭിക്കൂ. വിജയം നിങ്ങളുടെ കൈപ്പിടിയിലൊതുങ്ങും. തീര്‍ച്ച.