Monday, June 8, 2009

ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം അവകാശ നിഷേധം: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

ക്രൈസ്തവരുടെ ജനാധിപത്യപരവും ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാതിരിക്കുന്നതുകൊണ്ടു മാത്രമാണു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വഴിയടഞ്ഞതെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്റെ വക്താവ്‌ പ്രസ്താവിച്ചു. ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ചര്‍ച്ചകളില്‍നിന്നും പിന്‍മാറിയതാണു പ്രശ്നങ്ങള്‍ക്കു കാരണമെന്ന മട്ടിലുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍.മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി നല്‍കിയിരിക്കുന്ന ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം നിയമംമൂലം റദ്ദുചെയ്യാന്‍ ശ്രമിച്ചവരും കരാര്‍ ഒപ്പിടിച്ച്‌ കൈയേറാന്‍ ശ്രമിക്കുന്നവരും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പുതന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്‌. അതു തിരിച്ചറിയാനും അതിനോടു ജനാധിപത്യപരമായിത്തന്നെ പ്രതികരിക്കാനും ക്രൈസ്തവ സമൂഹത്തിനു കഴിഞ്ഞുവെന്നാണു തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്‌.ഭരണഘടന ഉറപ്പുതരുന്ന വിദ്യാഭ്യാസ അവകാശവും അതു വ്യാഖ്യാനിച്ചുകൊണ്ടുള്ള പതിനൊന്നംഗ സുപ്രീംകോടതി ബഞ്ചിന്റെ വിധിതീര്‍പ്പും അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്കു മാത്രമേ പ്രസക്തിയുള്ളുവെന്നും മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ധാര്‍മിക മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും മതമേലധ്യക്ഷന്മാര്‍ ഇടപെടുന്നതിനെ രാഷ്ട്രീയ ഇടപെടലായി ചിത്രീകരിക്കാനുള്ള ശ്രമം ഖേദകരമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി