1. വൈദികവര്‍ഷ ആചരണംസാര്‍വത്രിക സഭ പ്രഖ്യാപിച്ചിരിക്കുന്ന വൈദിക വര്‍ഷം 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ കേരളസഭയില്‍ ആചരിക്കും. കേരള കത്തോലിക്കാസഭയില്‍ പതിനായിര ത്തിലധികം വൈദികര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. വൈദികരുടെ ജീവിത നവീകരണം, പൗരോഹിത്യത്തിലേക്കുള്ള വിളിയുടെ പ്രോത്സാഹനം സെമിനാരി പരിശീലന നവീകരണം എന്നിവ ലക്ഷ്യമിടുന്ന പൗരോഹിത്യവര്‍ഷ ആചരണത്തിനായി കെ.സി.ബി.സി. യുടെ പ്രത്യേക സമിതി നേതൃത്വം നല്‍കും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍, ചെയര്‍മാന്‍, കൊല്ലം രൂപാധ്യക്ഷന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍, മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് അബ്രഹാം ജൂലിയോസ് എന്നിവര്‍ സമിതി അംഗങ്ങളാണ്.
2. കോഴിക്കോട് സര്‍വകലാശാലയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കുംഎഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പൊതുപരീക്ഷ തടഞ്ഞുവച്ച് അവരുടെ ഭാവി അവതാളത്തിലാക്കി അതുവച്ച് വിലപേശി ന്യൂനപക്ഷങ്ങളുടെ ജനാധിപത്യപരമായ വിദ്യാഭ്യാസ അവകാശം കവര്‍ന്നെടുക്കാന്‍ കോഴിക്കോട് സര്‍വകലാശാല നടത്തുന്ന സര്‍വാധിപത്യശ്രമങ്ങളില്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തൃശൂര്‍ ജില്ലയില്‍ ഏതാനും വര്‍ഷങ്ങളായി ഏറ്റവും ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ, ജ്യോതി എന്നീ എഞ്ചിനിയറിംഗ് കോളേജുകളിലും ക്രൈസ്തവ മെഡിക്കല്‍ കോളേജുകളിലുമാണ് ഹാള്‍ ടിക്കറ്റ് നല്‍കാതെയും പരീക്ഷ നടത്താന്‍ അനുവദിക്കാ തെയും റിസള്‍റ്റ് നല്‍കാതെയുമൊക്കെ നിരന്തരം പീഡിപ്പിക്കുന്നത്. തികച്ചും ഏകാധിപത്യ പരവും ക്രൂരവുമായ ഈ നിലപാടില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കില്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയും ഒരുമിച്ച് അതിനെ ചെറുക്കണമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
3. ഭരണഘടന വിരുദ്ധ നിലപാടുകളില്‍ നിന്ന് സര്‍വകലാശാലകള്‍ പിന്മാറണംമഹാത്മാഗാന്ധി, കേരള യൂണിവേഴ്സിറ്റികളിലെ ന്യൂനപക്ഷകോളേജുകളില്‍ കോടതി വിധികള്‍ക്കു ശേഷവും പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാതെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷാവകാശമില്ലെന്ന് പ്രഖ്യാപിക്കുകയും ഉത്തരവിറക്കുകയും ചെയ്ത സിന്‍ഡിക്കേറ്റിന്റെ നിലപാടുകള്‍ ഭരണഘടനാവിരുദ്ധവും വിചിത്രവുമാണെന്ന് സമ്മേളനം വിലയിരുത്തി. സര്‍വകലാശാലകള്‍ രാഷ്ട്രീയപ്രേരിതമായി ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്.
4. ക്രെഡിറ്റ് സെമസ്റ്റര്‍ സിസ്റ്റം പുനഃപരിശോധിക്കണംസര്‍വകലാശാലകള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം അഭികാമ്യമെങ്കിലും അതിനു വേണ്ട മുന്നൊരുക്കമോ യൂണിവേഴ്സിറ്റി തലത്തില്‍ അതിനുവേണ്ട സംവിധാനങ്ങളോ ക്രമീകരിക്കാത്തതിനാല്‍ പരാജയപ്പെടുമെന്ന് സമ്മേളനം വിലയിരുത്തി. ഈ വിഷയത്തില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പൊതുജനത്തിനും ശരിയായ ബോധവത്കരണം ആവശ്യമാണ്.
5. അധാര്‍മ്മിക പുസ്തകങ്ങള്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണംകേരള യൂണിവേഴ്സിറ്റി ഡിഗ്രി ക്ലാസ്സുകളിലെ ഭാഷാസാഹിത്യ പഠനത്തിനുവേണ്ടി ശിപാര്‍ശ ചെയ്തിരിക്കുന്ന അശ്ലീലം കലര്‍ന്നതും അധാര്‍മ്മികത പ്രചരിപ്പിക്കുന്നതുമായ പാഠപുസ്തകങ്ങള്‍ പിന്‍വവലിക്കണമെന്ന് കെ.സി.ബി.സി. ആവശ്യപ്പെട്ടു. മാനവനന്മയ്ക്കായി ജീവിച്ച മഹദ്‌വ്യക്തികളുടെ ആത്മകഥകള്‍ പഠിപ്പിക്കേണ്ട ക്ലാസുകളില്‍ നിലവാരം കുറഞ്ഞ ആത്മകഥകള്‍ പഠിപ്പിക്കാന്‍ പരിശ്രമിക്കുന്നത് നമ്മുടെ വിദ്യാഭ്യാസമേഖലയുടെ ധാര്‍മ്മിക അധഃപതനത്തിന്റെ തെളിവാണ്. നളിനി ജമീലയുടെ “ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയും””തസ്ക്കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥയും പഠിപ്പിക്കുവാന്‍ പരിശ്രമിക്കു ന്നത് സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലുകള്‍ രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറയെ വഴി തെറ്റിക്കാനേ ഉപകരിക്കു എന്ന് കെ.സി.ബി.സി. സമ്മേളനം കുറ്റപ്പെടുത്തി.
6. വിദ്യാഭ്യാസ സ്ഥാപനത്തിനും ദൈവാലയത്തിനും നേരെ നടന്ന അക്രമണങ്ങള്‍ അപലപനീയംസി.പി.എം. ആഹ്വാനം ചെയ്ത കരിദിനത്തിന്റെ മറവില്‍ ആലപ്പുഴ രൂപതയ്ക്ക് കീഴിലെ സെന്റ് ജോസഫ് വനിതാ കോളേജും കോളേജിനു സമീപത്തെ പ്രാര്‍ത്ഥനാലയവും, സ്കൂളും അക്രമികള്‍ തല്ലിത്തകര്‍ത്തത് അപലപനീയമാണെന്ന് കെ.സി.ബി.സി. ആരോപിച്ചു. ജനാധിപത്യ ഭരണക്രമത്തില്‍ പ്രതിഷേധിക്കുവാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. പ്രതിഷേധത്തിന്റെ മറവില്‍ അക്രമണങ്ങള്‍ അഴിച്ചുവിടുന്നത് അംഗീകരിക്കാനാവില്ല. ഏത് പാര്‍ട്ടിയായാലും പ്രതിഷേധ സമരങ്ങള്‍ക്കിടെ അക്രമം അഴിച്ചു വിടുന്നത് ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സഭ കൈക്കൊണ്ട നിലപാടുകളുടെ പേരില്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനവും പ്രാര്‍ത്ഥനാലയവും തകര്‍ത്തത് തികഞ്ഞ അനീതിയാണ്.
7. ലോകസഭാ തിരഞ്ഞെടുപ്പില്‍ സഭ സ്വീകരിച്ച നിലപാടുകള്‍ വിലയിരുത്തികഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ സഭ ഒറ്റക്കെട്ടായി നടത്തിയ ഇടപെടലുകള്‍ സമ്മേളനം വിലയിരുത്തി. കേരളത്തില്‍ ഈശ്വരവിശ്വാസവും ധാര്‍മ്മികതയും ജനാധിപത്യമൂല്യങ്ങളും നിലനിറുത്താനാണ് സഭ പ്രത്യേകമായി രംഗത്തുവന്നത്. മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കുംവേണ്ടി ഭാവിയിലും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കെ.സി.ബി.സി. യോഗം തീരുമാനിച്ചു.
8. അടിയന്തിര ജനകീയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഭ പരിശ്രമിക്കുംകേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഭ കാര്യക്ഷമമായി ഇടപെടാന്‍ തീരുമാനിച്ചു. പ്രത്യേകിച്ച് മുല്ലപ്പെരിയാര്‍ പ്രശ്നം, ഇടുക്കി, കുട്ടനാട്, വയനാട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പട്ടയ പ്രശ്നം, സുനാമി ബാധിതരുടെ പ്രശ്നം, മൂലമ്പിള്ളി കുടിയിറക്കല്‍ പ്രശ്നം, തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം എന്നിവ പരിഹരിക്കാന്‍ സഭയുടെ സാമൂഹിക സേവനവിഭാഗത്തിലൂടെ ഇടപെടാനും കെ.സി.ബി.സി. തീരുമാനിച്ചു.