കേരളത്തില്‍ ന്യൂനപക്ഷ ജനവിഭാഗമാണ് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു. എറണാകുളം ആശിര്‍ഭവനില്‍ കേരളത്തിലെ ലത്തീന്‍ രൂപതകളിലെ അല്‍മായ നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ സാഹചര്യത്തില്‍ ജനങ്ങള്‍ സ്ഥിരതയാര്‍ന്ന ഒരു സര്‍ക്കാരിനെ ആഗ്രഹിച്ചതിന്റെ ഫലമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികളിലെ നന്മതിന്മകള്‍ ന്യൂനപക്ഷ ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ജനകീയ പ്രശ്നങ്ങളിലൂടെയുള്ള ശക്തമായ നിലപാടും ആത്മാര്‍ഥമായ ഇടപെടലും സാമൂഹ്യമാറ്റത്തിന് കാരണമാകുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ചെറിയതുറയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. ആലപ്പുഴയിലെ സെന്റ് ജോസഫ്സ് കോളജിന് നേരെയും ചാപ്പലിന് നേരെയുമുണ്ടായ ആക്രമണത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.