Wednesday, June 24, 2009

സിബിഐ മാപ്പു പറയണം: കെസിവൈഎല്‍

അഭയക്കേസില്‍ നാര്‍ കോ സി.ഡിയില്‍ കൃത്രിമം നടന്നിട്ടുണെ്ടന്ന്‌ സിഡിറ്റിന്റെ കണെ്ടത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ മാപ്പുപറയണമെന്നു കെസിവൈഎല്‍ ആവശ്യപ്പെട്ടു. കേസില്‍ സിബിഐ നടത്തിയ അവകാശവാദം നാര്‍ക്കോ അനാലിസിസില്‍ വ്യക്തമായ തെളിവുകള്‍ കണെ്ടത്തി എന്നായിരുന്നു. എന്നാല്‍, ആ തെളിവുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌. ഒരുപക്ഷേ, സി.ഡിയില്‍ കൃത്രിമം നടത്തിയത്‌ സിബിഐയു ടെ അറിവോടെയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.സി.ഡിയില്‍ കൃത്രിമം നടത്തിയത്‌ ആരാണെന്ന്‌ കണ്ടുപിടിക്കാതെ ഈ കേസ്‌ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യാതൊരു പ്രസക്തിയുമില്ല. ജാമ്യഹര്‍ജി പരിഗണിച്ചുകൊണ്ട്‌ ജസ്റ്റീസ്‌ കെ. ഹേമ പുറപ്പെടുവിച്ച പരാമര്‍ശങ്ങള്‍ സത്യമാണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കുറ്റാരോപിതര്‍ക്ക്‌ എതിരേയുള്ള സി.ബി.ഐയുടെ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും യഥാര്‍ഥ പ്രതികളെ കണെ്ടത്തണമെന്നും കെസിവൈഎല്‍ അതിരൂപത സമിതി ആവശ്യപ്പെട്ടു. അറസ്റ്റ്‌ ചെയ്ത്‌ ഏഴുമാസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സി.ബി.ഐ ഇനിയെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെ കേസിനെ സമീപിച്ച്‌ നിരപരാധികളെ കുറ്റവിമുക്തരാക്കണമെന്ന്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ്‌ ജേക്കബ്‌ വാണിയംപുരയിടം അധ്യക്ഷതവഹിച്ചു. ചാപ്ലെയിന്‍ ഫാ. ജിനു കാവില്‍, ജനറല്‍ സെക്രട്ടറി ലിന്‍സണ്‍ കൈതമല, ട്രഷറര്‍ ജിജോ വരകുകാലായില്‍, വൈസ്‌ പ്രസിഡന്റ്‌ ടോമി പുഴക്കരോട്ട്‌, വിനീത തെക്കേവട്ടപ്പറമ്പില്‍, ഫ്രാന്‍സിസ്‌ സിറിയക്‌, സിസ്റ്റര്‍ സിന്‍സി എന്നിവര്‍ പ്രസംഗിച്ചു.