Wednesday, June 24, 2009

സിബിഐ ഇതിനു മറുപടി പറയേണ്ടതല്ലേ ?

അഭയാ കേസില്‍ അറസ്റ്റിന്‌ ആധാരമായി സിബിഐ സ്വീകരിച്ചിരുന്ന നാര്‍കോ പരിശോധനയുടെ സിഡികളില്‍ കൃത്രിമം നടന്നുവെന്ന വിവാദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡിവൈഎസ്പി അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘത്തിന്റെ അന്വേഷണ കാലത്തു തന്നെ ഇതുയര്‍ന്നു വന്നിരുന്നു. ബാംഗളൂരിലെ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ വച്ചാണ്‌ നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നതെന്ന്‌ അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹം കോടതിയുടെ പോലും രൂക്ഷ വിമര്‍ശനത്തിന്‌ വിധേയനായി. നാര്‍കോ സിഡിയുടെ ആധികാരികതയില്‍ സംശയമുണ്ടായിരുന്നതു കൊണ്ടാവണം അദ്ദേഹം ഇതിലെ തെളിവുവച്ച്‌ ആരേയും അറസ്റ്റു ചെയ്തില്ല. പിന്നീട്‌ കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റീസ്‌ ഹേമ, നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നിട്ടുണെ്ടന്നു ചൂണ്ടിക്കാട്ടുകയും ബാംഗളൂര്‍ ഫോറന്‍സിക്‌ ലബോറട്ടറിയിലെ അസിസ്റ്റന്റ്‌ ഡയറക്ര് എസ്‌. മാലിനി നല്‍കിയ റിപ്പോര്‍ട്ട്‌ താന്‍ വിശ്വസിക്കുകയില്ലെന്നു പറയുകയും ചെയ്തിരുന്നു. നാര്‍കോ സിഡിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നു പറഞ്ഞാണ്‌ നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം മൂന്നു പേരെ അറസ്റ്റ്‌ ചെയ്ത്‌ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ വലിയ ആഘോഷമാക്കിയത്‌. നാര്‍കോ സിഡികളില്‍ കൃത്രിമം നടന്നെന്നു വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞതോടെ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ സിബിഐ ബാധ്യസ്ഥരായിരിക്കുകയാണ്‌.
1. ഇപ്പോഴത്തെ അന്വേഷണസംഘം ചുമതലയേല്‍ക്കുന്നതിനു മുമ്പു തന്നെ നാര്‍കോ പരിശോധനാ സിഡിയില്‍ കൃത്രിമത്വമുണെ്ടന്ന വിവാദം ഉയര്‍ന്നിരുന്നു. ഫോറന്‍സിക്‌ ലാബിലെ അസി.ഡയറക്ടര്‍ ഡോ.എസ്‌. മാലിനിയാണ്‌ കൃത്രിമത്വം കാണിച്ചതെന്നായിരുന്നു അന്ന്‌ സിബിഐയുടെ ആരോപണം. എന്നാല്‍, മാലിനിക്ക്‌ കോടതി ക്ലീന്‍ചിറ്റ്‌ നല്‍കി. പിന്നീട്‌ അന്വേഷണ ചുമതലയേറ്റെടുത്ത നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഈ ആരോപണത്തിന്റെ നിജസ്ഥിതി കണെ്ടത്താഞ്ഞത്‌ എന്തുകൊണ്ട്‌?
2. കൃത്രിമത്വമുണെ്ടന്നു ആരോപണമുയര്‍ന്ന സിഡിയുടെ ആധികാരികത പരിശോധിക്കാതെ അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്‌ നടത്തിയത്‌ ശരിയോ?
3. ഈ നാര്‍കോ പരിശോധനയുടെ സിഡികള്‍ വിശ്വസനീയമല്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ്‌ ഹേമയുടെ പരാമര്‍ശം പിന്നീടും കണക്കിലെടുക്കാതിരുന്നത്‌ നീതിയോ?
4. ഈ നാര്‍കോ പരിശോധനയുടെ സിഡികളില്‍ കൃത്രിമത്വമുണെ്ടന്നു കണെ്ടത്താന്‍ വിദഗ്ധരുടെ ആവശ്യമില്ലെന്നും ഏതൊരു സാധാരണക്കാരനുപോലും തിരിച്ചറിയാമെന്നുമുള്ള ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം അതീവ ഗൗരവമുള്ളതല്ലേ?
5. ഈ പരാമര്‍ശം കണക്കിലെടുത്താല്‍, സാധാരണക്കാരനു പോലും മനസിലാകുന്ന കൃത്രിമം തിരിച്ചറിയാന്‍ കഴിവില്ലാത്തവരാണോ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌?
6. സാധാരണക്കാരനു കണെ്ടത്താന്‍ കഴിയുന്ന ഒരു കൃത്രിമം സിബിഐക്കു മനസിലായില്ല എന്നു കരുതേണ്ടി വരുമോ? അതല്ല കണ്ടില്ലെന്നു നടിച്ചതാണെന്ന്‌ ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ അവരെ കുറ്റപ്പെടുത്താ നാവുമോ?
7. വിശ്വസനീയമല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അറസ്റ്റും കോലാഹലങ്ങളും എന്തിനു വേണ്ടിയായിരുന്നു?
8. സമൂഹത്തില്‍ ആദരണീയരായിരുന്ന മൂന്നുപേരെ ഇത്തരത്തില്‍ അവഹേളിച്ചതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന്‌ അന്വേഷണസംഘം എങ്ങനെ ഒഴിഞ്ഞുമാറും?
9.നാര്‍കോ പരിശോധന സിഡി യെക്കുറിച്ചു കുറ്റാരോപിതര്‍ നേരത്തെ ഉന്നയിച്ച പരാതികള്‍ പരിഗണിക്കാതിരുന്നത്‌ ശരിയായോ ?
10. നിലവിലുള്ള സിഡി കുറ്റാരോപിതരെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ്‌ തയാറാക്കപ്പെട്ടിട്ടുള്ളത്‌ എന്നതിനാല്‍ പ്രതിഭാഗമല്ല തിരിമറിക്കു പിന്നിലെന്നു വ്യക്തമല്ലേ?
11. പ്രതിഭാഗം തന്നെയാണ്‌ സിഡിയില്‍ കൃത്രിമം നടത്തിയതെന്ന്‌ വീണ്ടും പ്രചാരണം നടത്തുന്നത്‌ ആരുടെ മുഖംരക്ഷിക്കാനാണ്‌?
12. കുറ്റാരോപിതര്‍ തന്നെ അവര്‍ക്കെതിരേ ഉപയോഗിക്കാവുന്ന രീതിയില്‍ സിഡിയില്‍ കൃത്രിമം നടത്തിയെന്നുള്ള പ്രചാരണം സാമാന്യബുദ്ധിയുള്ള ആര്‍ക്കെങ്കിലും വിശ്വസിക്കാ നാവുമോ?
13. പ്രതിഭാഗമാണ്‌ കൃത്രിമത്തിനു പിന്നിലെങ്കില്‍ ഇപ്പോള്‍ സിഡിയില്‍ അവര്‍ക്കെതിരേ അവശേഷിക്കുന്ന പരാമര്‍ശം കൂടി നീക്കം ചെയ്തു സുരക്ഷിതരാകുമായിരുന്നില്ലേ ?
14. കൃത്രിമം നടത്തിയവര്‍ തങ്ങളെ അറസ്റ്റു ചെയ്യാന്‍ ഇട നല്‍കുന്ന പഴുത്‌ സിഡിയില്‍ അവശേഷിപ്പിച്ചുവെന്ന്‌ ഇനി അന്വേഷണ സംഘം പറയുമോ?
15. നാര്‍കോ സിഡിയിലെ കൃത്രിമം വിവാദമായ പശ്ചാത്തലത്തില്‍ ഫോറന്‍സിക്‌ ലാബിനൊപ്പം തന്നെ ഇപ്പോഴത്തെ അന്വേഷണ സംഘവും സംശയത്തിന്റെ നിഴലിലാണ്‌. അതിനാല്‍ ഈ കൃത്രിമത്തെക്കുറിച്ചു നിലവിലുള്ള സംഘം തന്നെ അന്വേഷിക്കുന്നതു നീതിയാണോ ?
16. സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള അന്വേഷണത്തിലും പരിശോധനകളിലും തിരിമറി വ്യക്തമായ സ്ഥിതിക്ക്‌ പരിശോധന നടത്തിയവരെയും ഈ അന്വേഷണങ്ങളില്‍ പങ്കെടുത്തവരെയും നാര്‍കോ പരിശോധനയ്ക്കു വിധേയരാക്കേണ്ട തല്ലേ?
17. നാര്‍കോ പരിശോധന സിഡിയുടെ പിന്‍ബലത്തില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തിട്ട്‌ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമ ര്‍പ്പിക്കുമെന്നു പ്രഖ്യാപിച്ച സിബിഐ ആറുമാസങ്ങള്‍ പിന്നിട്ട ശേഷവും അതിനു തയാറാകാത്തതില്‍ ദുരൂഹതയില്ലേ ?