Saturday, June 27, 2009

അഭയാ കേസില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ല

അഭയാകേസിലെ സാക്ഷികളായ സിസ്റ്റര്‍ ഷേര്‍ളി, അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാര്‍കോ അനാലിസിസിന്‌ വിധേയയമാക്കുന്നതിന്‌ വിസമ്മതിക്കുന്നത്‌ എന്തെങ്കിലും വിവരങ്ങള്‍ ഒളിച്ചുവയ്ക്കാനല്ലെന്നും പരിശോധന അധാര്‍മികവും വ്യക്തി സ്വതന്ത്ര്യത്തെ ഹനിക്കുന്നതും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണെന്നും സെന്റ്‌ ജോസഫ്സ്‌ കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ ആനി ജോണ്‍ അറിയിച്ചു. മൂന്നുപേരെയും അന്വേഷണസംഘങ്ങള്‍ അമ്പതിലേറെ പ്രാവശ്യം ചോദ്യംചെയ്യലിനും ബ്രെയിന്‍ മാപ്പിംഗ്‌, പോളിഗ്രാഫ്‌ ടെസ്റ്റ്‌ തുടങ്ങിയ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്‌. ആരോഗ്യത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടുപോലും സിസ്റ്റര്‍ സെഫിയെ നാര്‍കോ പരിശോധനയ്ക്കു വിധേയമാക്കിയത്‌ ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ലാത്തതുകൊണ്ടും സത്യം തെളിയണമെന്നാഗ്രഹിച്ചതുകൊണ്ടുമാണ്‌. നാര്‍കോ പരിശോധനയ്ക്ക്‌ വിധേയമാക്കണമെന്ന്‌ ഇപ്പോള്‍ സി.ബി.ഐ. ആവശ്യപ്പെട്ടിരിക്കുന്ന മൂന്നുപേര്‍ക്കും ആരോഗ്യപ്രശ്നമുള്ളവരാണ്‌. നാര്‍കോ അനാലിസിസില്‍ കൃത്രിമം നടന്നുവെന്ന്‌ വ്യക്തമായി തെളിഞ്ഞ സാഹചര്യത്തില്‍ ഇനിയൊരു പരീക്ഷണത്തിന്‌ സാക്ഷികള്‍ മാത്രമായ ഇവരെ വിധേയമാക്കുന്നതിനെയാണ്‌ എതിര്‍ക്കുന്നത്‌. ഈ കേസുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ അന്വേഷണം നടത്തുന്ന സി.ബി.ഐ. സംഘം അധാര്‍മികപാതയിലൂടെയാണ്‌ നീങ്ങുന്നതെന്ന്‌ കന്യാത്വപരിശോധനയും തുടര്‍ന്നുള്ള കുപ്രചാരണങ്ങളും വെളിവാക്കുന്നു. അന്വേഷണഏജന്‍സികളോട്‌ സഹകരിച്ച ഇവരെ ഇനിയുമൊരു ടെസ്റ്റിനു വിധേയമാക്കാന്‍ ശാഠ്യം പിടിക്കുന്നത്‌ സത്യം കണ്ടുപിടിക്കാനല്ലെന്നും സി.ബി.ഐ ആഗ്രഹിക്കുന്ന തരത്തിലുള്ള തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഞങ്ങള്‍ കരുതുന്നു. നാര്‍കോ അനാലിസിസ്‌ സി.ഡി. യില്‍ ആരാണു തിരുത്തിയത്‌, എന്താണു തിരുത്തിയത്‌, എന്തിനാണ്‌ തിരുത്തിയത്‌ എന്നുകണ്ടുപിടിക്കാനിരിക്കെ തിരിമറികള്‍ പ്രതിഭാഗത്തിന്റെ സ്വാധീനത്തോടു കൂടിയാണെന്നു പറയുന്നത്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള തന്ത്രമാണെന്നു സംശയിക്കുന്നതായി സിസ്റ്റര്‍ ആനി പ്രസ്താവനയില്‍ പറഞ്ഞു.