കേന്ദ്രവിദ്യാഭ്യാസനയം സ്വാഗതാര്‍ഹമാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ മാധ്യമലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ വിദ്യാഭ്യാസമാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്നു കരുതുന്നു. വിശദാംശങ്ങള്‍ മനസിലാക്കിയ ശേഷമേ കൂടുതല്‍ വിശദീകരിക്കാനാവുകയുള്ളൂവെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തില്‍ പ്രകടമായ മാറ്റം വന്നിട്ടില്ല. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാലു കോളജുകളുടെ അഫിലിയേഷന്‍ റദ്ദുചെയ്തത് പ്രതികാര നടപടിയായാണ് കാണുന്നത്. ഇത് നീതിപരമല്ല. വ്യക്തമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദു ചെയ്യുന്നത് നീതിയല്ല.അര്‍ഹതയുണ്ടായിട്ടും സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാത്തത് വിവേചനപരമാണ്. ഇക്കാര്യങ്ങള്‍ക്കെതിരേ ന്യായമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കും. സര്‍ക്കാരിന്റെ നയം ചര്‍ച്ചകളെക്കാളുപരി പ്രവര്‍ത്തിയിലാണ് പ്രതിഫലിച്ചുകാണേണ്ടതെന്നു മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.