Wednesday, June 24, 2009

അഫിലിയേഷന്‍ റദ്ദുചെയ്ത നടപടി ന്യൂനപക്ഷാവകാശ ലംഘനം: ഉമ്മന്‍ചാണ്ടി

ഏറ്റവും നവീനമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നാല്‌ കോളജുകളുടെ തുടര്‍ അഫിലിയേഷന്‍ റദ്ദു ചെയ്ത നടപടി സംസ്ഥാനത്തെ ന്യൂനപക്ഷാവകാശ ലംഘനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്നു പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി. ധനാഭ്യര്‍ഥനാ ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും സ്ഥിരാംഗീകാരം ലഭിച്ച ജൂബിലി, അമലാ മെഡിക്കല്‍ കോളജുകളുടേയും എ.ഐ.സി.ടിയുടെ അംഗീകാരം ലഭിച്ച ജ്യോതി, സഹൃദയാ എന്നീ എന്‍ജിനീയറിംഗ്‌ കോളജുകളുടേയും അഫിലിയേഷന്‍ റദ്ദാക്കിയതില്‍ തൃപ്തികരമായ ഒരു കാരണവും ഇതുവരെ പറയാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഇത്‌ രഹസ്യ അജന്‍ഡയുടെ ഭാഗമാണ്‌. ന്യൂനപക്ഷപ്രേമം പ്രസംഗത്തില്‍ മാത്രമേയുള്ളു എന്ന്‌ അദ്ദേഹം പറഞ്ഞു. ചെങ്ങറ ഭൂസമരം 690 ദിവസം പിന്നിട്ടിട്ടും ഒന്നു തിരിഞ്ഞു നോക്കാനുള്ള മര്യാദപോലും സര്‍ക്കാര്‍ കാണിക്കുന്നില്ല. പത്തോളം പേര്‍ അവിടെ ഇതുവരെ മരിച്ചിട്ടുണ്ട്‌. ഭൂസമരക്കാരുടെ ആവശ്യങ്ങള്‍ മുഴുവനും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. എങ്കിലും പരിഹരിക്കാവുന്ന പ്രശ്നങ്ങളും ഉണ്ട്‌.സ്മാര്‍ട്ട്സിറ്റി, വിഴിഞ്ഞം, കൊച്ചി മെട്രോ റെയില്‍വേ എന്നിവയുടെ കാര്യത്തിലും നിഷേധാത്മകമായ നിലപാടുകളാണ്‌ സര്‍ക്കാരിന്റേത്‌. കേരളത്തെ പുരോഗതിയുടെ വലിയ പാതകളില്‍ എത്തിക്കുന്നു ഇത്തരം പദ്ധതികളുടെ വിജയത്തിന്‌ ഉപാധികളില്ലാത്ത പിന്തുണയാണ്‌ പ്രതിപക്ഷം നല്‍കുന്നതെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങളില്‍ പോസിറ്റീവായ ഒരു ചുവടുപോലും വയ്ക്കാന്‍ കഴിയുന്നില്ല. തിരുവനന്തപുരം നഗരവികസനത്തിന്റെ ഭാഗമായ ബേക്കറി ഓവര്‍ബ്രിഡ്ജിന്റെ കാര്യം തന്നെയാണ്‌ ഇതിന്‌ ക്ലാസിക്ക്‌ ഉദാഹരണം. 11 മാസം കൊണ്ടാണ്‌ നഗരത്തിലെ അണ്ടര്‍പാ സേജ്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ പൂര്‍ത്തിയാക്കിയത്‌. എന്നാല്‍, മൂന്നു വര്‍ഷമായിട്ടും പാലത്തിന്റെ പണി തുടങ്ങിയടുത്തുതന്നെ നില്‍ ക്കുകയാണ്‌. സ്വാശ്രയകോളജ്‌ പ്രവേശനത്തെ സംബന്ധച്ചുള്ള അനിശ്ചതത്വങ്ങളും ഇതേ രീതിയില്‍ തന്നെ. അന്യസംസ്ഥാന ലോബിയെ സഹായിക്കാന്‍ മാത്രമേ സര്‍ക്കാര്‍ നടപടികള്‍ ഉപകരിക്കുന്നുള്ളു. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ചര്‍ച്ച തുടരുകയാണ്‌. ഡിഗ്രിതലത്തില്‍ ചോയിസ്‌ ബേസ്ഡ്‌ ക്രഡിറ്റ്‌ ആന്റ്‌ സെമിസ്റ്റര്‍ സിസ്റ്റം നടപ്പാക്കിയെന്നാണ്‌ മന്ത്രി പറയുന്നത്‌. എന്നാല്‍, അതെന്താണെന്ന്‌ ഇപ്പോഴും വ്യ ക്തമല്ല. എന്തായാലും വിദ്യാര്‍ഥികള്‍ക്ക്‌ ഉപയോഗപ്രദമായതല്ല എന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണെ്ടന്ന്‌ അദ്ദേഹം പറഞ്ഞു.. ഏതു രംഗം പരിശോധിച്ചാലും അപാകതകളും മെല്ലെപ്പോക്കും ദാര്‍ഷ്ട്യവും മാത്രമാണ്‌ സര്‍ക്കാര്‍ സംഭാവനയായി കാണാന്‍ കഴിയുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.