Monday, June 29, 2009

വിമര്‍ശിക്കുന്നവര്‍ സഭയുടെ വിശുദ്ധിയും കാണണം: മാര്‍ വിതയത്തില്‍

ക്രൈസ്തവ സഭയെ വിമര്‍ശിക്കുന്നവര്‍ സഭയുടെ വിശുദ്ധിയും പ്രവര്‍ത്തന മേഖലകളിലെ നന്മയും കണെ്ടത്താന്‍ ശ്രമിക്കണമെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സഭയുടെ കേരളത്തിലെ എല്ലാ രൂപതകളിലെയും യുവജന നേതാക്കളുടെ ദ്വിദിന നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭയുടെ ചരിത്രം, പാരമ്പര്യം, കനോന്‍ നിയമങ്ങള്‍ എന്നിവയെക്കുറിച്ചു ശരിയായി പഠിക്കാന്‍ യുവതലമുറ തയാറാകണം. വിശ്വാസസത്യങ്ങളില്‍ അടിയുറച്ചുനിന്നു പ്രതികരിക്കാന്‍ യുവതലമുറ സജ്ജരാകണമെന്ന്‌ കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 13 മുതല്‍ 15 വരെ സഭാ മൗണ്ട്‌ സെന്റ്‌ തോമസില്‍ ചേരുന്ന അന്തര്‍ദേശീയ അല്‍മായ അസംബ്ലി, സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കി സഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്തി പകരുമെന്ന്‌ മാര്‍ വിതയത്തില്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ സീ റോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ബിജു മാത്യു അരീക്കാട്ട്‌, സാവിയോ പാമ്പൂരി, ജോപ്സി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം-അങ്കമാലി അതിരുപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ യുവജന പ്രതിനിധികളെ അഭിസംബോധന ചെയ്തു. സഭാ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ എക്സികൃൂ‍ട്ടീവ്‌ ഡയറക്ടര്‍ റവ.ഡോ.പോളി കണ്ണൂക്കാടന്‍, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു പുളിമൂട്ടില്‍, അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ. കൊച്ചുറാണി ജോസഫ്‌, ഡോ.സാബു ഡി മാത്യു, അഗസ്റ്റിന്‍ ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ഡോ. സണ്ണിക്കുട്ടി തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.