പുനലൂര്‍ രൂപതയുടെ പുതിയ ബിഷപ്പായി ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അഭിഷിക്തനായി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.സൂസൈപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. മുഖ്യകാര്‍മികന്‍ ഡോ.സൂസൈ പാക്യം കൈവയ്പ് ശുശ്രൂഷകള്‍ക്കുശേഷം നിയുക്ത ബിഷപ്പിന്റെ ശിരസില്‍ തൈലാഭിഷേകം നടത്തി. വിശ്വാസത്തിന്റെ മുദ്രയായ മോതിരവും അംശമുടിയും അജപാലനാധികാരത്തിന്റെ ചിഹ്നമായ ദണ്ഡും അണിയിച്ചു. തുടര്‍ന്ന് പുതിയ രൂപതാധ്യക്ഷന്‍ മറ്റു മെത്രാന്മാരില്‍നിന്ന് സമാധാന ചുംബനം സ്വീകരിച്ചു.പുനലൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ധൂപവാഹകന്‍, കുരിശുവാഹകന്‍, ദീപവാഹകര്‍, വൈദികര്‍ എന്നിവര്‍ക്കു പിന്നിലായി രണ്ട് സ ഹായ വൈദികരുടെ മധ്യേ യാണ് നിയുക്ത മെത്രാനെ ബലി വേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്ന് പ്രധാന കാര്‍മികനെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. പിന്നീട് ദീപം തെളിച്ച് കര്‍മങ്ങള്‍ ആരംഭിച്ചു.ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ മെത്രാനായി അഭിഷേകം ചെയ്യുന്നതിനുള്ള അപ്പസ്തോലിക തീട്ടൂരം ലഭിച്ചിട്ടുണേ്ടാ എന്ന് കാര്‍മികര്‍ ചോദിച്ചു. പുനലൂര്‍ രൂപതയിലെ മോണ്‍. മാര്‍ട്ടിന്‍ പി.ഫെര്‍ണാണ്ടസ് ലത്തീന്‍ ഭാഷയിലുള്ള അപ്പോസ്തലിക തീട്ടൂരം വായിച്ചു. പിന്നീട് തീട്ടൂരം മലയാളത്തിലും വായിച്ചു. കൊല്ലം മെത്രാന്‍ ഡോ.സ്റ്റാന്‍ലി റോമന്റെ ഉദ്ബോധന പ്രസംഗത്തിനുശേഷം പ്രധാന കാര്‍മികന്റെ മുന്നില്‍ നിയുക്ത മെത്രാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. സകല വിശുദ്ധന്മാരോടുമുള്ള പ്രാര്‍ഥനയ്ക്കുശേഷം നിയുക്ത മെത്രാന്റെ ശിരസില്‍ പ്രധാന കാര്‍മികനും സഹകാര്‍മികരായ മറ്റ് മെത്രാന്മാരും കൈവയ്പ്പ് കര്‍മം നടത്തി. തുടര്‍ന്ന് നിയുക്ത മെത്രാ ന്റെ ശിരസിനു മീതേ സുവിശേഷഗ്രന്ഥം തുറന്നുവച്ച് പ്രാര്‍ഥിച്ചു. പിന്നീട് ശിരസില്‍ തൈലാഭിഷേകം നടത്തി സുവിശേഷഗ്രന്ഥം നിയുക്ത മെത്രാന് നല്‍കിയശേഷം അധികാരചിഹ്നങ്ങള്‍ അണിയിച്ചു. രൂപതയിലെ വൈദികര്‍ ബലി വേദിയിലെത്തി നിയുക്ത ബിഷപ്പിന്റെ മോതിരം ചുംബിച്ച് ആദരവും വിധേയത്വവും പ്രകടിപ്പിച്ചു. മെത്രാഭിഷേക കര്‍മങ്ങള്‍ക്കുശേഷം ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു.മെത്രാഭിഷേക ചടങ്ങുകളില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍, സ്ഥാനമൊഴിയുന്ന പുനലൂര്‍ ബിഷപ് ഡോ.ജോസഫ് കരിയില്‍, മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ ഡോ.സ്റ്റാന്‍ലി റോമന്‍, ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, മാര്‍ ജോസഫ് കാരിക്കാശേരി, ഡോ.ജോസഫ് പണ്ടാരശേരില്‍, ഡോ.ഏബ്രഹാം മാര്‍ യൂലിയോസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ തോമസ് ചക്യത്ത്, മാര്‍ മാത്യു അറയ്ക്കല്‍, യാക്കോബ് മാര്‍ ബര്‍ണബാസ്, ഡോ. പീറ്റര്‍ തുരുത്തിക്കോണത്ത്, കൊല്ലം രൂപതാ മുന്‍ ബിഷപ് ഡോ.ജോസഫ് ജി. ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു. വിവിധ രൂപതകളില്‍ നിന്നുള്ള മുന്നൂറോളം വൈദികരും കന്യാസ്ത്രീകളും വൈദിക വിദ്യാര്‍ഥികളും പതിനായിരക്കണക്കിന് അല്‍മായരും മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുത്തു