സ്വവര്‍ഗ്ഗ ലൈംഗീകത കുറ്റകരമാണെന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-)0 വകുപ്പ് എടുത്തു കളയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കെ. സി. ബി.സി. ജാഗ്രതാസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങളെ കത്തോലിക്കാസഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ വേണ്ടിവന്നാല്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ മുന്നറിയിപ്പു നല്‍കി. സ്വവര്‍ഗ്ഗ ലൈംഗീകത പ്രകൃതിവിരുദ്ധവും അധാര്‍മികവുമാണ്. അതിനെ നിയമപരമായി അംഗീകരിച്ചാല്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥയെയും ധാര്‍മിക കെട്ടുറപ്പിനേയും പ്രതികൂലമായി ബാധിക്കും. സ്വവര്‍ഗ്ഗ ലൈംഗീകതയോട് അനുഭാവമുള്ള വ്യക്തികളെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തരുത്; മറിച്ച് അനുകമ്പയോടെ വേണം അവരെ കാണുവാന്‍- കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗ്ഗ ലൈംഗീകതയ്ക്ക് നിയമസാധ്യത നല്‍കുവാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കെ.സി.ബി.സി. ജാഗ്രത സമിതി ആവശ്യപ്പെട്ടു.