അക്രമം നടത്തിയിട്ട് അറിയില്ലെന്നു പറയുന്നതു തെറ്റാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കൊല്ലം രൂപതാ മെത്രാനുമായ ഡോ. സ്റ്റാന്‍ലി റോമന്‍. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളും കോളജും ചാപ്പലും കരിദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തേക്കുറിച്ച് കെസിബിസിക്കുള്ള ആശങ്ക കഴിഞ്ഞ ദിവസം ചേര്‍ന്ന സമ്മേളനം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് മനേജ്മെന്റ് നിയമനങ്ങള്‍ നടത്തിയാലും അംഗീകരിക്കാത്ത അവസ്ഥയാണ്. തൃശൂരില്‍ രണ്ടുകോളജുകളിലെ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നല്‍കാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണ്. പാവപ്പെട്ടവരായ നമ്മളെ എന്തിന് സര്‍ക്കാര്‍ വേദനിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ ആരുടെ പക്ഷത്ത് ആര്‍ക്കുവേണ്ടി നിലനില്‍ക്കുന്നുവെന്നും ബിഷപ് ചോദിച്ചു. ഇവിടെ അക്രമം അഴിച്ചുവിട്ടത് ആസൂത്രിതമായാണെന്നും സമരം നടത്താന്‍ ഒരു വിഭാഗത്തിന് അവകാശമുള്ളതുപോലെ ജീവിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണെ്ടന്നും ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പറഞ്ഞു. ഒരാളെ ഉപദ്രവിച്ചുകൊണ്ട് അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ബിഷപ് പറഞ്ഞു. സമ്മേളനത്തിനു മുമ്പ് സ്കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും വിശ്വാസികളും അണിനിരന്ന പടുകൂറ്റന്‍ റാലിയും ഉണ്ടായിരുന്നു