Saturday, June 6, 2009

സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടില്ല: ക്രൈസ്തവ മാനേജ്മെന്റ്‌ അസോസിയേഷന്‍

ക്രൈസ്തവ സ്വാശ്രയ മാനേജ്മെന്റുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്നും ഇത്‌ സംബന്ധിച്ചു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കേരള കാത്തലിക്‌ എന്‍ജിനീയറംഗ്‌ മാനേജ്മെന്റ്‌ അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍ പി.ജെ ഇഗ്നേഷ്യസ്‌. ക്രൈസ്തവ സ്വാശ്രയ മാനേജ്മെന്റ്‌ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയിട്ടും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഏകപക്ഷീയമായി പിന്‍മാറുകയായിരുന്നുവെന്ന്‌ സിപിഎം കരടവലോകന റിപ്പോര്‍ട്ടില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്‌. ക്രൈസ്തവ എന്‍ജിനീയറിംഗ്‌ -മെഡിക്കല്‍ മാനേജ്മെന്റുകള്‍ സര്‍ക്കാരുമായി ഇതേ വരെ കരാറി ലെത്തിയിട്ടില്ല.2008 നവംബറില്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയനും സ്വാശ്രയ ക്രൈസ്തവ മാനേജുമെന്റ്‌ പ്രതിനിധികളും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തിയിരുന്നു. പിന്നിട്‌ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ പ്ലാനിംഗ്‌ ബോര്‍ഡ്‌ മെമ്പര്‍ സി.പി നാരായണനും, കൊച്ചിന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്‌ അംഗം ജോബ്‌ കുളവേലിയും പി.രാജീവ്‌ എംപിയും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍നിന്ന്‌ നിരന്തരം നിരസിച്ചതോടെയാണ്‌ ചര്‍ച്ച അലസിയത്‌. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന്‌ മുന്‍ ഉപാധിയായി സര്‍ക്കാരും യൂണിവേഴ്സിറ്റിയും ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക്‌ മേല്‍ പ്രതികാര നടപടി എടുക്കുകില്ലെന്ന ധാരണയുണ്ടായെങ്കിലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലെ നാല്‌ സ്വാശ്രയ മാനേജ്മെന്റ്‌ കോളേ ജുകള്‍ക്കെതിരേ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ ആരംഭിച്ചെന്നും ഭീഷണികളും മറ്റും ഇപ്പോഴും തുടരുകയാണെന്നും പി.ജെ ഇഗ്നേഷ്യസ്‌ പറഞ്ഞു.ക്രൈസ്തവ മാനേജുമെന്റുകള്‍ പലപ്പോഴും വിട്ടുവീഴ്ചയ്ക്ക്‌ തയാറായെങ്കിലും അവയൊന്നും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഒരു ധാരണയിലും എത്തിച്ചേര്‍ന്നിരുന്നില്ലെങ്കിലും ധാരണയില്‍നിന്നു പിന്‍മാറി എന്നാണ്‌ പറയുന്നത്‌. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മാനേജുമെന്റ്‌ തയാറാണെന്നും ഇതേവരെ ധാരണയില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ക്രൈസ്തവ മാനേ ജുമെന്റുകള്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു