Wednesday, July 1, 2009

വിമോചന സമരത്തെ പുച്ഛിക്കുന്നത്‌ ജനങ്ങള്‍ കമ്യൂണിസം ഉപേക്ഷിക്കുമെന്ന ഭയം മൂലം: സിഎല്‍സി

ജനാധിപത്യ വിശ്വാസികളുടെ ത്യാഗോജ്വലമായ വിമോചനസമരത്തെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ പുച്ഛിക്കുന്നത്‌ സമരത്തിന്റെ യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിഞ്ഞാല്‍ കമ്യൂണിസം ഉപേക്ഷിക്കും എന്ന ഭയം കൊണ്ടാണെന്ന്‌ സിഎല്‍സി സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭിപ്രായപ്പെട്ടു. വിമോചനസമരത്തിന്റെ സന്ദേശം സാമൂഹ്യപാഠപുസ്തകത്തില്‍ ചേര്‍ക്കുന്നത്‌ ജനാധിപത്യവ്യവസ്ഥിതിയെ പോഷിപ്പിക്കും. ഈ ധര്‍മസമരത്തില്‍ പങ്കെടുത്തവര്‍ക്ക്‌ അര്‍ഹിക്കുന്ന പെന്‍ഷന്‍ അനുവദിക്കണമെന്ന്‌ സെക്രട്ടറിയേറ്റ്‌ യോഗം ആവശ്യപ്പെട്ടു. 1957-ലെ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ സേച്ഛാധിപത്യത്തിലേക്ക്‌ വഴിതെറ്റിയപ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ നടത്തിയ ധര്‍മസമരമായിരുന്നു വിമോചനസമരം. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനാല്‍ പതിനഞ്ചുപേരുടെ ജീവന്‍ പോലീസ്‌ വെടിവയ്പില്‍ പൊലിഞ്ഞു. വിദ്യാഭ്യാസ ബില്ലിലൂടെ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുക മാത്രമല്ല വിദ്യാഭ്യാസ രംഗമാകെ താറുമാറാക്കുകയും ചെയ്തു. രണ്ടുലക്ഷത്തോളം പേരാണ്‌ വിമോചചനസമരത്തില്‍ അറസ്റ്റ്‌ വരിച്ചത്‌. സമരത്തില്‍ പങ്കെടുത്ത ചില സംഘടനകള്‍ സമരത്തിന്റെ അമ്പതാം വാര്‍ഷികം ആചരിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നും സെക്രട്ടറിയേറ്റ്‌ യോഗം ചൂണ്ടികാട്ടി. പാലാരിവട്ടം പി.ഒ.സി. യില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രമോട്ടര്‍ ഫാ. ജോസ്‌ വയലിക്കോടത്ത്‌, പ്രസിഡണ്ട്‌ സണ്ണി പൗലോസ്‌, സെക്രട്ടറി ഡെന്നീസ്‌ കെ. ആന്റണി , സിസ്റ്റര്‍ ജ്യോതിസ്‌, റിജൂ കാഞ്ഞൂക്കാരന്‍, സി.ഡി. ജോസ്‌ എ.ഡി.ഷാജു എന്നിവര്‍ പ്രസംഗിച്ചു.