സിസ്റ്റര്‍ ടീനയെ സഭ പുറത്താക്കിയിട്ടില്ലെന്നും സ്വയം വിടുതല്‍ നല്‍കണമെന്ന് നിര്‍ബന്ധിച്ച് ആവശ്യപ്പെട്ടതാണെന്നും ഇത് സഭ അംഗീകരിക്കുകമാത്രമാണ് ചെയ്തതെന്നും സി.എം.സി സഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എഡ്വര്‍ഡ് സി.എം.സി അറിയിച്ചു. സിസ്റ്റര്‍ ടീന സഭയില്‍ നിന്ന് പുറത്തായതിനെ സംബന്ധിച്ചു തെറ്റിദ്ധാരണ ഉളവാക്കുന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പത്രക്കുറിപ്പ് സൂപ്പീരിയര്‍ ജനറല്‍ പുറപ്പെടുവിച്ചത്. സൂപ്പീരിയര്‍ ജനറലിന്റെ പത്രക്കുറിപ്പില്‍ പറയുന്നത് : 2009 ജനുവരിയില്‍ സി.എം.സി സഭാംഗമായി തുടരുവാന്‍ തൃപ്തിയില്ലെന്നും സന്യാസസഭയില്‍നിന്നു തനിക്ക് വിടുതല്‍ നല്‍കണമെന്നും കാണിച്ച് സിസ്റ്റര്‍ ടീന മേലധികാരികള്‍ക്കു കത്ത് നല്‍കി. വളരെ ചിന്തിച്ചും പ്രാര്‍ഥിച്ചും സാവകാശം മാത്ര മേ ഇപ്രകാരമുള്ള തീരുമാനമെടുക്കാവൂ എന്ന പറഞ്ഞു പ്രസ്തുത കത്ത് മേലധികാരികള്‍ സിസ്റ്റര്‍ക്കു തിരികെ നല്‍കി. ഒന്നരമാസത്തിനുശേഷം സഭയില്‍നിന്നു വിടുതല്‍ നല്‍കണമെന്ന് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. സഭാനിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷം സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ സിസ്റ്റര്‍ ടീനയെ സഭയില്‍നിന്നു വിടുതല്‍ ചെയ്തു. പ്രസ്തുത ഉത്തരവ് എറണാകുളം പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ തന്റെ കൗണ്‍സിലറിന്റെ സാന്നിധ്യത്തില്‍ സിസ്റ്റര്‍ ടീനയ്ക്ക് കൈമാറി. ഇത് സിസ്റ്റര്‍ ടീന കൈപ്പറ്റി. അതോടെ സിസ്റ്റര്‍ സി.എം.സി സഭാംഗമല്ലാതായി. മഠത്തില്‍നിന്നു മാറുന്നതിന് 10 ദിവസത്തെ സാവകാശമാണ് സിസ്റ്റര്‍ ചോദിച്ചത്. എന്നാല്‍, പത്ത് ദിവസം കഴിഞ്ഞും പോകാതിരുന്നപ്പോള്‍ സഭാംഗമല്ലാത്തതിനാല്‍ മഠത്തില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നുള്ള കാര്യം സുപ്പീരിയര്‍ രേഖാമൂലം ടീനയേയും സഹോദരന്‍ ജറോമിനെയും അറിയിച്ചു. വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സഹോദരനോടും ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് അധികാരികളെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള മറുപടിയാണ് ലഭിച്ചത്. മേയ് 19ന് സഭ വിട്ടുപോകുന്നതിനുള്ള തന്റെ അപേക്ഷ പിന്‍വലിക്കുന്നുവെന്നു കാണിച്ച് സഭ സുപ്പിരിയര്‍ ജനറലിന് സിസ്റ്റര്‍ ടീന കത്തയച്ചു. ഈ കത്ത് ലഭിച്ചുവെങ്കിലും സിസ്റ്റര്‍ ടീനയെ തിരിച്ചെടുക്കാന്‍ സഭാനിയമം അനുവദിക്കുന്നില്ലെന്ന് അധികാരികള്‍ രേഖാമൂലം വീണ്ടും അറിയിച്ചു. ഇതിനിടയില്‍ ഉണ്ടായ ബസപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടീനയ്ക്ക് മാനുഷിക പരിഗണനയോടെ ചികിത്സയ്ക്കും ശുശ്രൂഷയ്ക്കും ആവശ്യമായ ചെലവുകളെല്ലാം സി.എം. സി അധികാരികള്‍ വഹിച്ചെങ്കിലും സി.എം.സിയിലെ അംഗമാണെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ല. എന്നാല്‍, ടീന ഇപ്പോഴും താന്‍ സി.എം.സി സന്യാസിനീ സഭാംഗമാണെന്ന് അവകാശപ്പെടുന്നു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തെങ്കിലും വീട്ടുകാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയാറായിട്ടില്ല. അതിനാല്‍ ടീന ആശുപത്രിയില്‍ കഴിയുകയാണെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.