Friday, July 24, 2009

വിദ്യാഭ്യാസ വകുപ്പില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നയങ്ങളിലും പ്രവര്‍ത്തനങ്ങളിലും പൊതുസമൂഹത്തിന്‌ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്‌ സര്‍ക്കാര്‍ എയ്ഡഡ്‌ വിദ്യാലയങ്ങളില്‍ നിന്നും രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ ഈ വര്‍ഷം മാത്രം കൊഴിഞ്ഞു പോയതെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ ജോസഫ്‌ പവ്വത്തില്‍ വിലയിരുത്തി. അനേകലക്ഷം രൂപ ഓരോ സര്‍ക്കാര്‍ സ്കൂളിനുവേണ്ടിയും ഓരോ വര്‍ഷവും എസ്‌.എസ്‌.എ ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്‌. എന്നാല്‍ അതിന്റെ ഒരു ശതമാനം പോലും അതുപോലെ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ്‌ സ്കൂളുകള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എന്നിട്ടും സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോകലാണ്‌ പലമടങ്ങായി വര്‍ധിച്ചത്‌ എന്ന കാര്യവും ശ്രദ്ധേയമാണ്‌.മതവിരുദ്ധതയേയും അക്രമ പ്രവര്‍ത്തനങ്ങളേയും ആദര്‍ശവത്ക്കരിക്കുന്നതുമായ പാഠപുസ്തകങ്ങളും, നിലവാരമില്ലാത്ത സിലബസും എല്ലാം പൊതുവിദ്യാഭ്യാസത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. ഹയര്‍ സെക്കന്‍ഡറി പ്രവേശനം പത്തുദിവസം കൊണ്ട്‌ നടന്നിരുന്നത്‌ ഏകജാലകത്തിലാക്കി വിദ്യാര്‍ഥി പ്രവേശനം അവസാന നിമിഷം വരെ അനിശ്ചിതത്തിലാക്കുന്നതും കൊഴിഞ്ഞുപോക്കിന്റെ ഗതിവേഗം വര്‍ധിപ്പിച്ചിരിക്കുന്നു. അധ്യാപക രാഷ്ട്രീയവും സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്കരണങ്ങളും കൊഴിഞ്ഞുപോകലിനു കാരണമായെന്നു സുകുമാരപിള്ള കമ്മീഷന്റെ നിഗമനങ്ങളും ശ്രദ്ധേയമാണ്‌. കോളജുകളി ലും മുന്നൊരുക്കമില്ലാതെയും അധ്യാപകനിയമങ്ങള്‍ നടത്താതെയും ക്രെഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ രീതി അവംലബിക്കുന്നതും വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ കുടിയേറാന്‍ കാരണമാവുകയാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു.