Wednesday, July 22, 2009

സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ അംഗീകാരം നല്‍കരുത്‌: ആര്‍ച്ച്‌ ബിഷപ്‌

അധാര്‍മികവും പ്രകൃതി വിരുദ്ധവുമായ സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ അംഗീകാരം നല്‍കരുതെന്ന്‌ തിരുവല്ല അതിരുപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.തോമസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത. അതിരൂപതയുടെ പതിമൂന്നാമത്‌ പാസ്റ്ററല്‍ കൗണ്‍സിലിന്റെ അഞ്ചാമതു സമ്മേളനം തിരുവല്ല ശാന്തിനിലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരേ ഷാജി പൂച്ചേരില്‍ പ്രമേയം അവതരിപ്പിച്ചു.2009- 10 സാര്‍വത്രികസഭ വൈദികവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി അതിരൂപതയിലെ വിവിധ കര്‍മപരിപാടികള്‍ക്കു യോഗം രൂപം നല്‍കി. വൈദികര്‍ക്കു തുടര്‍പരിശീലന പദ്ധതി നടപ്പാക്കുന്നതിനും എല്ലാ മേഖലയിലും വൈദികവര്‍ഷത്തെ സംബന്ധിച്ച പഠനം നടത്തുന്നതിനും അതിരൂപത അസംബ്ലി വിളിച്ചുകൂട്ടുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു.വൈദിക ജീവിതവും സമര്‍പ്പണവും എന്ന വിഷയത്തില്‍ മാവേലിക്കര രൂപത വികാരി ജനറാള്‍ ഫാ.ഡോ.ജോണ്‍ പടിപ്പുരയ്ക്കല്‍ ക്ലാസ്‌ നയിച്ചു. യോഗത്തില്‍ വികാരി ജനറാള്‍മാരായ ഫാ.ഡോ.ആന്റണി കാക്കനാട്ട്‌, മോണ്‍.ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രഫ.കെ.സി മത്തായി, ഫാ.ജോ ഋജ്‌ തേക്കടയില്‍, ഫാ.റോയി ആഞ്ഞിലിമൂട്ടില്‍, ജയ്സ്‌ കോഴിമണ്ണില്‍, പ്രഫ. ജേക്കബ്‌ എം. ഏബ്രഹാം, ബാബു കല്ലുങ്കല്‍, എജി പാറപ്പാട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു