Friday, July 10, 2009

സ്വവര്‍ഗലൈംഗികത: സഭാനിലപാടിന്‌ പിന്തുണയേറുന്നു

സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിവിധി രാജ്യത്തെങ്ങും ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയാക്കിയിരിക്കെ, കത്തോലിക്കാസഭ സ്വീകരിച്ച നിലപാടിന്‌ പിന്തുണയേറുന്നു. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുക വഴി കുടുംബം, വിവാഹം, ധാര്‍മികത എന്നിവയെ തകര്‍ക്കുമെന്നും സ്വവര്‍ഗ ലൈംഗികത പല സാമൂഹിക വിപത്തുകള്‍ക്കും വഴിതെളിക്കുമെന്നാണ്‌ കത്തോലിക്കാസഭയുടെ നിലപാട്‌. സഭയുടെ നിലപാടിനോട്‌ യോജിച്ചുകൊണ്ട്‌ ഇതിനോടകം ഡല്‍ഹിയിലെ മുസ്ലിം മതപ ണ്ഡിതന്മാരും സിഖ്‌ -ജൈന മതനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്‌. പ്രധാനമന്ത്രിക്ക്‌ നിവേദനം നല്‍കുവാന്‍ ഇവര്‍ തീരുമാനിച്ചു. കുടുംബജീവിതത്തിന്‌ ഊന്നല്‍ നല്‍കിയുള്ള ഭാരതീയപാരമ്പര്യത്തില്‍ മുറുകെ പിടിക്കുന്ന സംഘ്പരിവാര്‍ സംഘടനകളും ഡല്‍ഹി ഹൈക്കോടതിവിധിയ്ക്കെ തിരേ രംഗത്തുവരാന്‍ ഒരുങ്ങുകയാണ്‌. അതേസമയം, ക്രൈസ്തവസഭ ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്വവര്‍ഗലൈംഗികതയെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്രമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്‌, നിയമമന്ത്രി വീരപ്പമൊയ്‌ലി എന്നിവരാണ്‌ പ്രത്യേക യോഗം ചേര്‍ന്നത്‌.തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുപ്രകാരം പ്രധാനമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നാണ്‌ നിയമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞത്‌. അതേസമയം, സ്വര്‍ഗ ലൈംഗികത നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാ‍ം വകുപ്പ്‌ ഭേദഗതി ചെയ്യുന്നതിനോടു പ്രധാനമന്ത്രി ഡോ.മാന്‍ മോഹന്‍സിംഗിന്‌ യോജിപ്പില്ലെന്നാണ്‌ അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്‌. മതവിഭാഗങ്ങളെ വെറുപ്പിച്ചുകൊണ്ട്‌ യാതൊരു തീരുമാനവും പാടില്ലെന്നും വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മന്ത്രിമാരോട്‌ നിര്‍ദ്ദേശിച്ചതായും സൂചനയുണ്ട്‌. ഡല്‍ഹി ഹൈക്കോടതി വിധിയ്ക്കെതിരേ ബിജെപിയും കോണ്‍ ഗ്രസും ഇതുവരെ പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. എന്നാല്‍, ആര്‍ജെഡി അധ്യക്ഷനും മുന്‍ കേന്ദ്ര റെയില്‍വേമന്ത്രിയുമായ ലാലുപ്രസാദ്‌ യാദവ്‌ ഇന്നലെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്‌. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന കോടതിവിധി അത്യന്തം അപകടകരമാണെന്നും എത്രയും പെട്ടെന്ന്‌ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ലാലുപ്രസാദ്‌ യാദവ്‌ ആവശ്യപ്പെട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു കാരണവശാലും ഇത്‌ ഇന്ത്യയില്‍ നിയമവിധേയമാക്കരുത്‌. ചിലരുടെ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനമെടുക്കരുത്‌. നമ്മുടെ സമൂഹത്തില്‍ യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്‌ ഇത്തരം അധാര്‍മിക ചെയ്തികള്‍-ലാലു വ്യക്തമാക്കി. നമ്മുടെ സംസ്കാരത്തിന്‌ നിരക്കാത്ത, സമൂഹത്തെ മോശമായി ബാധിക്കുന്ന ഇത്തരം കോടതിവിധികള്‍ അംഗീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ രതിക്കാര്‍ക്ക്‌ ചുരുങ്ങിയത്‌ പത്തുവര്‍ഷമെങ്കിലും തടവുശിക്ഷ ലഭ്യമാക്കണമെന്നും ലാലു ആവശ്യപ്പെട്ടു. അതേസമയം, സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ കോടതി വിധി സംബന്ധിച്ച്‌ ദേശവ്യാപകമായ ചര്‍ച്ച വേണമെന്ന്‌ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ ഗിരിജാവ്യാസ്‌ പറഞ്ഞു. ഇതൊരു സങ്കീര്‍ണ്ണമായ വിഷയമാണെന്നും ആഴത്തില്‍ പഠിക്കേണ്ടതുണെ്ടന്നും അവര്‍ വ്യക്തമാക്കി.കോടതിവിധി നമ്മുടെ കുടുംബവ്യവസ്ഥിതിയിലും സമൂഹജീവിതത്തിലും ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്ന്‌ പഠിച്ചശേഷം മാത്രമേ അന്തിമതീരുമാനം ഉണ്ടാകാന്‍ പാടുള്ളൂവെന്നും ഗിരിജാവ്യാസ്‌ വ്യക്തമാക്കി