Friday, July 24, 2009

അഭയാകേസ്‌: കുറ്റപത്രത്തിലെ നിന്ദ്യ ഭാഷ സ്ത്രീത്വത്തിനു നേര്‍ക്കുള്ള അക്രമം- വൃന്ദ

അഭയാ കേസില്‍ പ്രതിയാക്കപ്പെട്ട കന്യാസ്ത്രീയെക്കുറിച്ച്‌ സിബിഐയുടെ കുറ്റപത്രത്തില്‍ നിന്ദ്യവും അശ്ലീലകരവും അപമാനകരവുമായ പദപ്രയോഗങ്ങള്‍ നടത്തിയത്‌ സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌. സ്ത്രീകളുടെ അന്തസ്‌ തകര്‍ക്കുന്ന തരത്തില്‍ ആഭാസ പ്രയോഗം നടത്തിയ സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി പ്രോസിക്യൂട്ട്‌ ചെയ്യുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും വേണമെന്നു പ്രധാനമന്ത്രിയോട്‌ വൃന്ദ ആവശ്യപ്പെട്ടു.കൊച്ചിയിലെ കോടതിയില്‍ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ ഒരു കന്യാസ്ത്രീയെക്കുറിച്ച്‌ നടത്തിയ പദപ്രയോഗങ്ങള്‍ പത്രത്തില്‍ വായിച്ചപ്പോള്‍ നടുക്കവും രോഷവുമാണ്‌ ഉണ്ടായത്‌. ഇതു വായിക്കുന്ന ഏതൊരാള്‍ക്കും ഇതേ പ്രതികരണമുണ്ടാകുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. പ്രതിയായ സിസ്റ്റര്‍ സെഫിക്കെതിരേ കുറ്റപത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അശ്ലീലവും പ്രാകൃതവും അശാസ്ത്രീയവുമാണ്‌. ഇത്‌ സ്ത്രീത്വത്തിന്റെ അന്തസിനു നേര്‍ക്കുള്ള ആക്രമണമാണ്‌. ആ സ്ത്രീയെ അപമാനിക്കലുമാണ്‌. ഒപ്പം വൈകൃത മനോഭാവവും ആണിത്‌. സ്ത്രീകളുടെ അന്തസ്‌ കാക്കാനും പീഡനം, അശ്ലീലത തുടങ്ങിയവ തടയാനുമുള്ള നിയമപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രമിനല്‍ നടപടിക്ക്‌ മതിയായതാണ്‌ ഒരു വനിതയ്ക്കെതിരേ ഉപയോഗിച്ച ഈ ഭാഷ- പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ വൃന്ദ ചൂണ്ടി ക്കാട്ടി.ബലാത്സംഗം അടക്കം സ്ത്രീകളുമായി ബന്ധപ്പെട്ട പല കേസുകളിലും ഇരകള്‍ക്കെതിരേ അന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും ഏറെ നിന്ദ്യമാണ്‌. ഈ കേസില്‍ പ്രതിയാക്കപ്പെട്ടയാളാണ്‌ സിബിഐയുടെ നിന്ദ്യ ഭാഷയ്ക്ക്‌ ഇരയായത്‌. കൊല്ലപ്പെട്ട കന്യാസ്ത്രീക്ക്‌ നീതി ലഭ്യമാക്കുന്നതിലും കുറ്റക്കാരെ ശിക്ഷിക്കുന്നതിലും എല്ലാ പിന്തുണയുമുണെ്ടന്നും വൃന്ദ പറഞ്ഞു. എന്നാല്‍, സ്ത്രീത്വത്തിന്റെ അന്തസ്‌ കാക്കുന്നതിനോട്‌ ചുരുങ്ങിയ ബഹുമാനമെങ്കിലും കാണിക്കണമെന്ന സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ഇത്തരം നിന്ദ്യമായ ഭാഷ ഉപയോഗിച്ചാല്‍ സ്ത്രീകള്‍ക്ക്‌ പ്രാദേശിക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന്‌ എന്തു പ്രതീക്ഷി ക്കാനാകും?കുറ്റപത്രത്തെക്കുറിച്ചുള്ള പത്രറിപ്പോര്‍ട്ട്‌ ശരിയെങ്കില്‍, സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുകയും പ്രോസിക്യൂഷന്‌ വിധേയരാക്കുകയും വേണമെന്ന്‌ വൃന്ദ ആവശ്യപ്പെട്ടു. സിപിഎം ഓഫീസില്‍നിന്ന്‌ വൃന്ദയുടെ കത്ത്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയിട്ടുണ്ട്‌.