Friday, July 24, 2009

സിബിഐ നടപടികളില്‍ വീണ്ടും ദുരൂഹത നിറയുന്നു

അഭയാ കേസിലെ നാര്‍കോ അനാലിസിസ്‌ സിഡി പരിശോധനയ്ക്കുള്ള സാങ്കേതിക പരിജ്ഞാനം സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ്‌ ഫോര്‍ ഇമേജിങ്‌ ടെക്നോളജി(സിഡിറ്റ്‌)ക്ക്‌ ഇല്ലെന്ന്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതോടെ, തങ്ങളുടെ അന്വേഷണത്തിലെ അപാകതകള്‍ സിബിഐ സ്വയം സമ്മതിക്കുകയാണെന്നു ചൂണ്ടിക്കാ ണിക്കപ്പെടുന്നു.നാര്‍കോ അനാലിസിസ്‌ സിഡിയുടെ അടിസ്ഥാനത്തിലാണ്‌ കുറ്റാരോപിതരായ മൂന്നു വ്യക്തികളെ സിബിഐ അറസ്റ്റ്‌ ചെയ്തത്‌. അതുകൊണ്ടു തന്നെ നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നില്ലെന്ന്‌ വരുത്തി തീ ര്‍ക്കേണ്ടത്‌ സിബിഐയുടെ ആവശ്യമാണ്‌. സിഡിറ്റിനെ നാര്‍കോ സിഡിയില്‍ കൃത്രിമത്വം നടന്നിട്ടുണേ്ടാ എന്നു പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയതു കോടതിയാണ്‌. സിബിഐ ഉദ്യോഗസ്ഥരുടെയും കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെയും സാന്നിധ്യത്തിലാണ്‌ പരിശോധന നടന്നത്‌. നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നുവെന്നു സിഡിറ്റ്‌ സാക്ഷ്യപ്പെടുത്തി. എന്നാല്‍, ഈ ഘട്ടത്തില്‍ സിബിഐ ഇതു നിഷേധിച്ചില്ല, മറിച്ച്‌ പ്രതികളാണ്‌ കൃത്രിമം നടത്തിയതെന്നു പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതു വിനയാകുമെന്നു തിരിച്ചറിഞ്ഞതോടെ വൈകാതെ വീണ്ടും നിലപാട്‌ മാറ്റി.വീണ്ടും ബാംഗളൂര്‍ ഫോറന്‍സിക്‌ ലാബ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ. മാലിനിയെ ചോദ്യം ചെയ്യുകയും സിഡിയില്‍ കൃത്രിമത്വം നടന്നില്ലെന്നു കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കുകയുമായിരുന്നു. മറ്റൊരു വിദഗ്ധരെയും സമീപിക്കാതെ മാലിനിയുടെ വാക്കു മാത്രം കേട്ടാണ്‌ സിബിഐ സിഡിയില്‍ കൃത്രിമമില്ലെന്നു വാദിച്ചത്‌. വ്യാജരേഖ ചമച്ചതിനു ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട വ്യക്തിയായ മാലിനിയുടെ മൊഴി സിബിഐ അപ്പാടെ വിശ്വസിച്ചുവെന്നതു തന്നെ ദുരൂഹമാണ്‌.ഡോ. മാലിനിയുടെ മാത്രം മൊഴിയെ ആശ്രയിച്ച്‌ സിഡിയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നു കോടതിയില്‍ സിബിഐ നല്‍കിയ മൊഴിയെ നിയമവിദഗ്ധരും വിമര്‍ശിച്ചിരുന്നു. സിഡിറ്റിനെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട്‌ സിഡി പരിശോധിപ്പിച്ചു തങ്ങളുടെ നിലപാട്‌ കൂടുതല്‍ സത്യസന്ധവും ആധികാരികവും ആണെന്നു തെളിയിക്കുന്നതിന്‌ സിബിഐ തയാറാകാത്തതിലും അപാകതയുണെ്ടന്നു പറഞ്ഞിരുന്നു.നാര്‍കോ അനാലിസിസ്‌ സിഡിയില്‍ കൃത്രിമത്വം നടന്നുവെന്നു കുറ്റാരോപിതരും വാദിഭാഗവും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുമ്പോള്‍ കൂടുതല്‍ യുക്തിഭദ്രമായ രീതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയില്ലെങ്കില്‍ അതു കോടതിയുടെ വിമര്‍ശനത്തിന്‌ കാരണമാകുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നിട്ടും സിഡിറ്റിനെ കുറ്റം പറഞ്ഞ്‌ സ്വന്തം മുഖം രക്ഷിക്കുന്നതിനുള്ള ശ്രമമാണ്‌ സിബിഐ നടത്തിക്കൊണ്ടിരിക്കുന്നത്‌. നാര്‍കോ അനാലിസിസ്‌ സിഡിയില്‍ മനപ്പൂര്‍വമുള്ള എഡിറ്റിംഗോ ശബ്ദക്രമീകരണമോ നടത്തിയിട്ടില്ലെന്നും മുമ്പ്‌ നാര്‍കോ അനാലിസിസ്‌ സിഡി പരിശോധിച്ചുള്ള പരിചയം സിഡിറ്റിന്‌ ഇല്ലെന്നും സിബിഐ വാദിക്കുന്നു. എന്നാല്‍, നാര്‍കോ അനാലിസിസ്‌ സിഡിക്കും മറ്റു ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡിക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്നു സിബിഐ ചൂണ്ടിക്കാണിച്ചിട്ടില്ല. എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലുമൊ ക്കെ ഏതു സിഡിയില്‍ നടത്തിയാലും ഒരുപോലെയാണെന്നതും സിബിഐ സൗകര്യപൂര്‍വം മറക്കുന്നു.സിഡിറ്റിലെ ഉദ്യോഗസ്ഥരെ രണ്ടാം വട്ടവും ചോദ്യം ചെയ്തതിനുശേഷം അവര്‍ സിഡിയില്‍ കൃത്രിമത്വം നടന്നു എന്ന മൊഴിയില്‍ ഉറച്ചു നിന്നപ്പോള്‍ മാത്രമാണോ അവരുടെ സാങ്കേതിക പരിജ്ഞാനത്തില്‍ സിബിഐ്ക്ക്‌ സംശയമുദിക്കുന്നതെന്ന ചോദ്യവും നിലനില്‍ക്കുന്നു. സിബിഐ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ മുമ്പാകെ സമര്‍പ്പിച്ച 71 പേജുള്ള കുറ്റപത്രത്തില്‍ 133 സാക്ഷികളെയാണ്‌ ചേര്‍ത്തിരിക്കുന്നത്‌. ഇതില്‍ സന്‍ജു പി. മാത്യു, അടയ്ക്കാ രാജു എന്നിങ്ങനെ നാലഞ്ചു സാക്ഷികളെ കൂടാതെ ബാക്കി എല്ലാ സാക്ഷികളെയും സിഡിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരെ അറസ്റ്റുചെയ്തതിന്‌ ശേഷമാണ്‌ ചോദ്യംചെയ്തു മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്‌. യുക്തിഭദ്രമായ രീതിയില്‍ തെളിവുകള്‍ കൂട്ടിയിണക്കി, പഴുതികളില്ലാത്തവിധം കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനു പകരം ആദ്യം കുറ്റാരോപിതരെ അറസ്റ്റു ചെയ്യുകയും പിന്നീട്‌ അവര്‍ക്കെതിരായ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുക എന്ന സമീപനമാണ്‌ സിബിഐ അഭയാ കേസില്‍ സ്വീകരിച്ചത്‌. കട്ടിലിന്‌ ഒപ്പിച്ച്‌ കാലു മുറിക്കുന്ന ഈ സമീപനമാണ്‌ ഇപ്പോള്‍ സിബിഐക്ക്‌ വിനയായിരിക്കുന്നത്‌. ഡോ. മാലിനിയെ കൂടുതല്‍ ചോദ്യം ചെയ്യാനോ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിധേയമാക്കാനോ സിബിഐ മടിക്കുന്നത്‌ എന്തുകൊണെ്ടന്നത്‌ ഇനിയും ദുരൂഹതയായി തുടരുന്നു. കുറ്റാരോപിതരുടെ അഭിഭാഷകനും അഭയുടെ പിതാവിന്റെ അഭിഭാഷകനും ഒരേ സ്വരത്തില്‍ ഡോ. മാലിനിയുടെ പ്രവര്‍ത്തികളെ സംശയിച്ചുകൊണ്ട്‌ കോടതിയില്‍ വാദം തുടരുന്ന അവസരത്തില്‍പോലും സിബിഐയുടെ ഗുഡ്ബുക്കിലാണ്‌ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌ എന്നത്‌ നിഷ്പക്ഷമതികളെപ്പോലും അത്ദുതപ്പെടുത്തുന്നു.