Wednesday, August 5, 2009

സിബിഐ അന്വേഷണം പ്രഖ്യാപനത്തിലൊതുങ്ങി : ബിജു പഴയമ്പള്ളി

അഭയാ കേസില്‍ ഇന്‍ക്വിസ്റ്റ്‌ തയാറാക്കിയതിന്റെ പേരില്‍ സിബിഐയുടെ നിരന്തര ചോദ്യം ചെയ്യലിനു വിധേയനായ എഎസ്‌ഐ വി.വി അഗസ്റ്റിന്‍ ജീവനൊടുക്കിയിട്ട്‌ ആറു മാസം പിന്നിട്ടു. അഗസ്റ്റിന്റെ മരണത്തെക്കുറിച്ച്‌ സമഗ്രമായി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിബിഐ പക്ഷേ, ഒരിക്കല്‍ പോലും അതിനു ശ്രമിക്കാത്തത്‌ ദുരൂഹതയായി തുടരുന്നു. ഈ അന്വേഷണത്തിനായി ഒരു തവണപോലും അഗസ്റ്റിന്റെ കുടുംബാംഗങ്ങളുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ല. തന്റെ മരണത്തിനു കാരണം സിബിഐ ആണെന്ന്‌ ആത്മഹത്യാക്കുറിപ്പില്‍ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ സിബിഐ നിരന്തരമായി അഗസ്റ്റിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെക്കുറിച്ച്‌ വളരെ വ്യക്തമായ അഗസ്റ്റിന്‍ ഡയറിയില്‍ കുറിച്ചിരുന്നു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ താങ്കള്‍കൂടെ മനസുവച്ചാല്‍ മാപ്പുസാക്ഷിയാക്കാമെന്നും ആലോചിച്ചു തീരുമാനിക്കാനും പറഞ്ഞാണ്‌ സിബിഐ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്‌. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ അഭയ കൊല്ലപ്പെട്ട ദിവസം അഗസ്റ്റിന്‍ പതിവിലും നേരത്തെ ഓഫീസില്‍ എത്തിയില്ലേ അതിനെന്തിനായിരുന്നു എന്നായിരുന്നു സിബിഐയുടെ ചോദ്യം. മൂന്നാം ദിവസത്തെ സിബിഐ ടീമിന്റെ ചോദ്യം ചെയ്യല്‍ കൂടുതല്‍ കഠിനമായിരുന്നെന്നു കുറിപ്പില്‍ പറയുന്നു. കസേരയില്‍നിന്ന്‌ എഴുന്നേല്‍പ്പിച്ച്‌ നിറുത്തി, തന്നെ വിടുകയില്ലെന്നും മറ്റുമുള്ള സ്വരത്തിലേക്ക്‌ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതായി അഗസ്റ്റിന്‍ രേഖപ്പെടുത്തിയിരുന്നു. ‘പതിന്നാലു ദിവസം കസ്റ്റഡിയില്‍ വാങ്ങും സൂക്ഷിച്ചോ’ എന്നു പറഞ്ഞാണ്‌ സിബിഐ 23-ാ‍ം തിയതിയിലെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്‌.പതിനാറുവര്‍ഷമായി തുടര്‍ന്നുകൊണ്ടിരുന്ന അന്വേഷണവും നിരന്തരമായി ചോദ്യം ചെയ്യലും ശാസ്ത്രീയ പരീക്ഷണവും വി.വി അഗസ്റ്റിന്‍ തളര്‍ത്തിയിരുന്നു. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷസംഘം ചുമതലയേറ്റതോടെ വി.വി അഗസ്റ്റിന്തിരേയുള്ള നീക്കം രൂക്ഷമായിരുന്നു. കുറ്റം തെളിയിക്കുന്നതിന്‌ ആരെ വേണമെങ്കിലും ചോദ്യം ചെയ്യുന്നതിന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ അവകാശമുണ്ട്‌. യുക്തിഭദ്രമായി തെളിവുകള്‍ ശേഖരിക്കേണ്ടത്‌ അവരുടെ ഡ്യൂട്ടിയാണ്‌. ചോദ്യംചെയ്യലിന്‌ വിധേയമാകുന്ന വ്യക്തി കുറ്റകൃത്യത്തിനോ തെളിവു നശിപ്പിക്കുന്നതിനോ കൂട്ടുനിന്നുവെന്ന്‌ ഏതെങ്കിലും തരത്തില്‍ തെളിയക്കപ്പെടണം. വി.വി അഗസ്റ്റിന്റെ കാര്യത്തില്‍ അ ങ്ങനെയൊന്നുമില്ലെന്നു കേസ്‌ ഡയറി പഠിച്ചാല്‍ മനസിലാവും.അഗസ്റ്റിന്‍ രണ്ടു ദിവസം, 1992 ഏപ്രില്‍ 27നും 28നും, മാത്രമേ കേസ്‌ അന്വേഷിച്ചുള്ളു. 992 മാര്‍ച്ച്‌ 28ന്‌ അഗസ്റ്റിന്‍ എഴുതിയ അവസാന എന്‍ട്രിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: കാണരുതാത്തത്‌ എന്തെങ്കിലും അഭയ അന്നു രാവിലെ കണ്ടിരിക്കാം. അഭയ തന്നെ തിരിച്ചറിയുമെന്ന്‌ തോന്നിയ ആരെങ്കിലും അഭയയുടെ മരണത്തിനു കാരണമായ എന്തെങ്കിലും ചെയ്യുകയും അവരെ കിണറ്റിലേക്കു തള്ളിയിടുകയും ചെയ്തിരിക്കാം... ഈ വസ്തുത നിഷേധിക്കാനോ തള്ളിക്കളയാനോ ആവില്ല- എന്ന്‌ വ്യക്തമായി അഗസ്റ്റിന്‍ എഴുതിയിരുന്നു. ഈ റിപ്പോര്‍ട്ടു തന്നെയാണ്‌ ഇപ്പോള്‍ സിബിഐ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കഥയായി അവതരിപ്പിക്കുന്നതും. അഭയാ കേസില്‍ എഎസ്‌ഐ വി.വി അഗസ്റ്റിന്‍ ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്മെന്റില്‍ ഇന്‍ക്വിസ്റ്റ്‌ തയാറാക്കിയത്‌ രാവിലെ 10.30 എന്നത്‌ 8.30 എന്ന്‌ മനപ്പൂര്‍വം രേഖപ്പെടുത്തിയെന്ന്‌ ആരോപിക്കപ്പെട്ടിരുന്നു. ഇതുമാത്രമാണ്‌ എഎസ്‌ഐ അഗസ്റ്റിന്‍ സിബിഐ സംശയിക്കാനുള്ള കാരണവും. എന്നാല്‍, സിബിഐ ഡിവൈഎസ്പി വര്‍ഗീസ്‌ പി. തോമസ്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത തീയതി 29-3-1989 എന്നാണു കേസ്‌ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.അഭയ മരിക്കുന്നതിനു മൂന്നുവര്‍ഷം മുമ്പുള്ള തീയതിയാണിത്‌. എന്നാല്‍, എന്തുകൊണ്ട്‌ സിബിഐ വര്‍ഗീസ്‌ പി. തോമസിനെ സംശയിക്കുന്നില്ല എന്നു വ്യക്തമല്ല. മരിച്ച അഭയയുടെ കഴുത്തില്‍ കാണപ്പെട്ട പരിക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വി.വി അഗസ്റ്റിന്‍ അത്‌ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ മനപ്പൂര്‍വം ചേര്‍ത്തില്ല എന്ന്‌ സിബിഐ ആരോപിക്കുന്നുണ്ട്‌. എന്നാല്‍, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. സി. രാധാകൃഷ്ണനും കഴുത്തിലെ പരിക്കുകളെക്കുറിച്ചു പറയുന്നില്ല. സിബിഐ നിര്‍ദേശിച്ചിരുന്ന എല്ലാ ശാസ്ത്രീയ പരിശോധനകള്‍ക്കും അഗസ്റ്റിന്‍ എന്നും വിധേയനായിരുന്നു. ബ്രെയിന്‍ മാപ്പിംഗും, പോളിഗ്രാഫ്‌ ടെസ്റ്റിനും വിധേയനായി. രണ്ടു തവണ ബാംഗളൂരിലും രണ്ടു തവണ ഡല്‍ഹിയിലും ടെസ്റ്റുകള്‍ക്കായി പോയി. ഇതെല്ലാം പെന്‍ഷന്‍ തുകയില്‍ നിന്നു മിച്ചം പിടിക്കുന്ന പണം കൊണ്ടായിരുന്നു. നാര്‍കോ അനാലിസിസ്‌ നടത്തുന്നതിനും അഗസ്റ്റിന്‍ സമ്മതപത്രം നല്‍കിയിരുന്നു. എന്നാല്‍, അതിനു മുമ്പായി നടത്തിയ വൈദ്യപരിശോധനയിലായിരുന്നു അഗസ്റ്റിന്‌ ഹദ്രോഗമുണെ്ടന്നു കണെ്ടത്തിയത്‌. അതിനാല്‍ നാര്‍കോ അനാലിസിസ്‌ പരിശോധന ഒഴിവാക്കുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ തനിക്ക്‌ ഭയമില്ലെന്നായിരുന്നു പപ്പ എപ്പോഴും പറഞ്ഞിരുന്നതെന്ന്‌ അഗസ്റ്റിന്റെ മക്കള്‍ പറയുന്നു. പല മാധ്യമങ്ങളും ചാനലുകാരും പ്രചരിപ്പിച്ചിരുന്നത്‌ അഗസ്റ്റിന്‌ വന്‍തോതില്‍ പണം ലഭിച്ചിരുന്നുവെന്നാണ്‌. മരിക്കു മ്പോഴും വന്‍ സാമ്പത്തിക ബാധ്യത ബാക്കിയായിരുന്നു. തങ്ങള്‍ അതുവരെ ആഘോഷിച്ച ഒരു ഇരയെ പിന്നീട്‌ ഒരു മാധ്യമങ്ങളും തിരിഞ്ഞുനോക്കിയില്ല.