Monday, August 10, 2009

ധാര്‍മികതയ്ക്കു വേണ്ടി പോരാടുക സഭയുടെ ദൗത്യം: ഡോ. ജോസഫ്‌ കാരിക്കശേരി

ധാര്‍മികതക്കും സത്യത്തിനും വേണ്ടി പോരാടുകയാണ്‌ സഭയുടെ ദൗത്യമെന്ന്‌ ബിഷപ്‌ ജോസഫ്‌ കാരിക്കശേരി അഭിപ്രായപ്പെട്ടു. എറണാകുളം പി.ഒ.സിയില്‍ കെ.സി.ബി.സി അഖിലകേരള പ്രോ-ലൈഫ്‌ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വവര്‍ഗരതിയെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുനിഷ്ഠമായ ധാര്‍മികത ചോദ്യം ചെയ്യപ്പെടുകയും ആപേക്ഷികത്വം പ്രോത്സാഹിപ്പിക്കയും ചെയ്യുന്നത്‌ കൊണ്ടാണ്‌ സ്വവര്‍ഗരതിപോലുള്ള തിന്മകള്‍ക്ക്്‌ പ്രചാരമുണ്ടാകുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വവര്‍ഗരതിയും അനുരാഗവും നിയമാനുസൃതമാകുമ്പോള്‍ അനേകര്‍ അത്‌ ധാര്‍മികമായി ശരിയെന്ന്‌ കരുതുമെന്നതാണ്‌ ഏറ്റവും വലിയ അപകടം. അതുകൊണ്ട്‌ തന്നെ സ്വവര്‍ഗരതി നിയമാനുസൃതമാക്കാനുള്ള നടപടിയില്‍ നിന്ന്‌ പിന്‍തിരിയണം.സ്വവര്‍ഗലൈംഗികതയുടെ മാനസിക ധാര്‍മിക നൈയാമിക ജീവശാസ്ത്രവശങ്ങളെക്കുറിച്ച്‌ ഡോ.ജോര്‍ജ്‌ മണ ലേല്‍,ഡോ.ബൈജു ജൂലിയാന്‍,ഡോ.സ്റ്റീഫന്‍ ആലത്തറ,സിസ്റ്റര്‍ ഡോ.മാര്‍സലസ്‌,ഫാ.ജോസ്‌ കോട്ടയില്‍,അഡ്വ.തോമസ്‌ തണ്ണിപ്പാറ എന്നിവര്‍ ക്ലാസെടുത്തു. അബ്രഹാംപുത്തന്‍കുളം,ജോര്‍ജ്‌ സേവ്യര്‍,സാബുജോസ്‌,ജേക്കബ്‌ പള്ളിവാതുക്കല്‍ എന്നിവര്‍ സെമിനാറിന്‌ നേതൃത്വം നല്‍കി. ഇടവകകള്‍തോറും ലൈംഗിക ധാര്‍മികതയെക്കുറിച്ച്‌ സെമിനാറുകളും, അധാര്‍മികതയ്ക്കെതിരെ അഖിലകേരള പ്രാര്‍ഥനമാര്‍ച്ചും നടത്താന്‍ തീരുമാനിച്ചു.