Tuesday, August 18, 2009

സീറോ മലബാര്‍ സഭ സമസ്ത മേഖലകളിലും സുസജ്ജമാകണം: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

സമൂഹത്തിന്റെ സര്‍വ മേഖലകളിലും കാലോചിതമായ കാഴ്ചപ്പാടും ആസൂത്രണവും വിശ്വാസസമൂഹത്തിലുണ്ടാകണമെന്ന്‌ തൃശൂര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ രണ്ടു ദിവസമായി നടന്നു വരുന്ന അന്താരാഷ്ട്ര അല്‍മായ അസംബ്ലിയില്‍, സഭ 2030ല്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സീറോ മലബാര്‍ സഭ ആഗോളവത്കരണത്തിന്റെ എല്ലാ പ്രവണതകളെയും ചെറുത്തു തോല്‍പിക്കാന്‍ സ്വയം നവീകരിക്കേണ്ടതുണെ്ടന്ന്‌ അധ്യക്ഷപ്രസംഗത്തില്‍ തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം ഉദ്ബോധിപ്പിച്ചു. റോ മുന്‍ ഡയറക്ടര്‍ ഹോര്‍മീസ്‌ തരകന്‍ മോഡറേറ്ററായിരുന്ന സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ്‌ വിദ്യാഭ്യാസമേഖലയെയും, ചങ്ങനാശേരി അതിരൂപതാ പിആര്‍ഒ ഡോ. പി സി അനിയന്‍കുഞ്ഞ്‌ ആത്മീയ മേഖലയെയും പ്ലാനിംഗ്‌ കമ്മീഷന്‍ മുന്‍ അംഗം ഡോ. എന്‍.ജെ കുര്യന്‍ സാമ്പത്തികമേഖലയെയും, ഇന്‍ഫാം ദേശീയ പ്രസിഡന്റും മുന്‍ റബര്‍ ബോര്‍ഡ്‌ ചെയര്‍മാനുമായ പി.സി സിറിയക്‌ കാര്‍ഷിക മേഖലയെയും കുറിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.പ്രവാസി സീറോമലബാര്‍ സഭാ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സാഗര്‍ ബിഷപ്‌ മാര്‍ ആന്റണി ചിറയത്ത്‌ അധ്യക്ഷനും, ഡോ. മോഹന്‍ തോമസ്‌ (ഖത്തര്‍) മോഡറേറ്ററുമായിരുന്നു. സിബി ജോസഫ്‌ വാണിയപ്പുരയ്ക്കല്‍ (ഖത്തര്‍), ഡോ. ജോര്‍ജ്‌ അരീക്കല്‍ (ജര്‍മനി)എന്നിവരും സ‘യുടെ വെല്ലുവിളികളെക്കുറിച്ച്‌ പി. സെഡ്‌. തോമസ്‌ (ഡല്‍ഹി), പി ഐ ലാസര്‍ (തൃശൂര്‍), അഡ്വ. റോമി ചാക്കോ (ഡല്‍ഹി) എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഛാന്ദാ ബിഷപ്പ്‌ മാര്‍ വിജയാനന്ദ്‌ നെടുമ്പുറം സന്ദേശം നല്‍കി. ‘സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍-പ്രവര്‍ത്തനങ്ങളും, മാര്‍ഗരേഖയും’ എന്ന വിഷയത്തില്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ചെയര്‍പേഴ്സണും, ടി.കെ ജോസ്‌ മോഡറേറ്ററുമായിരുന്നു.