Friday, August 14, 2009

കുഞ്ഞേട്ടന്‌ തലമുറകളുടെ പ്രണാമം

നൂറ്റാണ്ടിന്റെ അല്‍മായ പ്രേക്ഷിതന്‍ മിഷന്‍ ലീഗ്‌ കുഞ്ഞേട്ടന്‌ പതിനായിരങ്ങളുടെ അശ്രുപൂജ. ആറു പതിറ്റാണ്ട്‌ ചെറുപുഷ്പ മിഷന്‍ലീഗിനെ നയിച്ച്‌ തലമുറകളെ ആത്മീയതയില്‍ സമ്പന്നരാക്കിയ കുഞ്ഞേട്ടന്റെ മൃതദേഹം പാലാ രൂപതയിലെ ചെമ്മലമറ്റം പന്ത്രണ്ട്‌ ശ്ലീഹന്‍മാരുടെ പള്ളിയില്‍ സംസ്കരിച്ചു. പല്ലാട്ടുകുന്നേല്‍ കുടുംബവസതിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. ‘കുഞ്ഞേട്ടന്‍ ജീവിച്ചതും മരിച്ചതും സഭയ്ക്കുവേണ്ടിയായിരുന്നു. പ്രാര്‍ഥനയിലും വിശ്വാസത്തിലും അദ്ദേഹം തലമുറകളെ പരിശീലിപ്പിച്ചു. കുഞ്ഞേട്ടന്റെ ശുശ്രൂഷ സഭാചരിത്രത്തിന്റെ ഭാഗമാണ്‌- മാര്‍ വലിയമറ്റം അനുസ്മരിച്ചു.
സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ആദര്‍ശം ഈ മിഷനറി ലോകം മുഴുവന്‍ അറിയിച്ചു. കുടുംബജീവിതക്കാര്‍ക്ക്‌ മിഷന്‍ പ്രവര്‍ത്തനം സാധ്യമാണെന്നതിന്റെ പ്രതീകമാണ്‌ കുഞ്ഞേട്ടന്‍. ഇദ്ദേഹം കാണിച്ചുകൊടുത്ത സ്നേഹവും ജീവിതവും മാതൃകയാക്കിയാണ്‌ അനേകായിരങ്ങള്‍ ദൈവവിളി സ്വീകരിച്ചത്‌. ക്രിസ്തുവിനുവേണ്ടി ജീവിച്ച ഈ സഹോദരന്‍ എന്നും വിശ്വാസിക്ക്‌ മാതൃകയാണ്‌’. വസതിയിലെ ചരമപ്രസംഗത്തില്‍ ബിഷപ്‌ മാര്‍ ഡോമിനിക്ക്‌ കോക്കാട്ട്‌ അനുസ്‌ മരിച്ചു.
പല്ലാട്ടുകുന്നേല്‍ കുടുബവീട്ടില്‍ നിന്ന്‌ പള്ളിയിലേക്കു സംവഹിച്ച മൃതദേഹത്തെ പതിനായിരങ്ങള്‍ അനുഗമിച്ചു. ചെമ്മലമറ്റം പള്ളിവരെയുള്ള ഒരു കിലോമീറ്റര്‍ റോഡില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു. ജീവിതത്തിന്റെ നാനാ തുറയില്‍പ്പെട്ടവര്‍ കുഞ്ഞേട്ടന്റെ മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.ഏഴു പേരുമായി മിഷന്‍ ലീഗ്‌ സ്ഥാപിച്ചതിനെ അനുസ്മരിച്ച്‌ മിഷന്‍ ലീഗി ന്റെ ഏഴു പതാകകള്‍ വിലാപയാത്രയുടെ മുന്നില്‍ നീങ്ങി. ഈ സഭാരത്നം ആഗോളസഭയ്ക്കും സമൂഹത്തിനും നല്‍കിയ സംഭാവനകള്‍ വിലാപ യാത്രയിലൂടനീളം പ്രഘോഷിച്ചുകൊണ്ടിരുന്നു. മിഷന്‍ലീഗ്‌ രക്ഷാധികാരികൂടിയായ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം പള്ളിയില്‍ അനുശോചന പ്രസംഗം നടത്തി. ‘കുഞ്ഞേട്ടന്റെ ജീവിതം തീര്‍ഥാടനമായിരുന്നു. ദൈവത്തിന്റെ സന്ദേശം അദ്ദേഹം ലോകത്തിന്‌ പകര്‍ന്നു നല്‍കി. കുഞ്ഞേട്ടന്‍ എന്നാല്‍ മിഷന്‍ ലീഗ്‌ എന്ന്‌ നിര്‍വചിക്കാവുന്ന വിധം വിശ്രമമറിയാതെ അദ്ദേഹം പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മിഷന്‍ ലീഗിന്‌ ജന്മം നല്‍കി അ തിനെ വളര്‍ത്തി തലമുറകളെ ഏല്‍പ്പിച്ച ശേഷമാണ്‌ ഈ സഭാസ്നേഹി യാത്രയാകുന്നത്‌. പാറേല്‍ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ കുഞ്ഞേട്ടനെ ദൈവം തിരികെ വിളിച്ച്‌ സ്വര്‍ഗത്തിലേക്കുള്ള വിസ സമ്മാനിക്കുകയായിരുന്നു’- മാര്‍ പെരുന്തോട്ടം പറഞ്ഞു.
തുടര്‍ന്നുള്ള സംസ്കാരശുശ്രൂഷകള്‍ക്ക്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്പുമാരായ മാര്‍ ഡൊമിനിക്‌ കോക്കാട്ട്‌, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍, മാര്‍ മാത്യു അറയ്ക്കല്‍, ഡോ. ജോസഫ്‌ കരിയില്‍, ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരും ജസ്റ്റീസ്‌ കുര്യന്‍ ജോസഫ്‌, ആന്റോ ആന്റണി എംപി, പി.സി ജോര്‍ജ്‌ എംഎല്‍എ, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട , ജനറല്‍ മാനേ ജാര്‍ (സര്‍ക്കുലേഷന്‍) ഫാ. ജോസ്‌ നെല്ലിക്കത്തെരുവില്‍, ദീപിക ബാലസഖ്യം കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, വിവിധ രൂപ താ വികാരി ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യാള്‍മാര്‍, മിഷന്‍ലീഗ്‌ ഭാരവാഹികള്‍ തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു.