Tuesday, September 15, 2009

സിഡി സംപ്രേഷണം മനുഷ്യാവകാശ ലംഘനം: ജാഗ്രതാ സമിതി

അഭയാ കേസിലെ നാര്‍കോ സിഡി സംപ്രേഷണത്തിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ്‌ ചില ടിവി ചാനലുകള്‍ നടത്തിയിരിക്കുന്നതെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി ആരോപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണത്തിലിരിക്കുന്ന കേസിലാണ്‌ ഇതു സംഭവിച്ചിരിക്കുന്നത്‌ എന്നത്‌ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നാര്‍കോ സിഡികളില്‍ എഡിറ്റിംഗ്‌ നടന്നിട്ടുണ്ട്‌ എന്ന്‌ ഹായ്‌ ക്കോടതി സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്‌. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഏല്‍പ്പിച്ച സിഡിറ്റ്‌ സിഡികളില്‍ എഡിറ്റിംഗ്‌ നടന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്തു.ഈ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കിയിട്ടില്ല. സാഹചര്യം ഇതായിരിക്കേ സിഡികള്‍ ചില ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തത്‌ മനുഷ്യത്വരഹിതമായ നടപടിയാണ്‌. അബോധാവസ്ഥയില്‍ നടത്തുന്ന ചോദ്യംചെയ്യലിന്റെ സംപ്രേഷണം വഴി മാധ്യമങ്ങള്‍ ധാര്‍മികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നു. എഡിറ്റിംഗ്‌ നടന്നിട്ടുണ്ട്‌ എന്ന്‌ വളരെ വ്യക്തമായി തിരിച്ചറിയാവുന്ന ഈ സിഡികള്‍ സംപ്രേഷണം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോടതിക്കു ബാധ്യതയുണെ്ടന്നും ജാഗ്രതാ സമിതി പറഞ്ഞു.പ്രമാദമായ ഒരു കേസ്‌ കത്തിനില്‍ക്കേയാണ്‌ ഈ കേസില്‍ കുറ്റാരോപിതരെ അറസ്റ്റു ചെയ്തത്‌. ഇപ്പോള്‍ മറ്റൊരു പ്രമാദമായ കേസില്‍ പല പ്രമുഖരും സംശയത്തിന്റെ നിഴലിലായപ്പോള്‍ സിഡി സംപ്രേഷണത്തിലൂടെ ജനശ്രദ്ധ തരിച്ചുവിടാനുള്ള ഗൂഢാലോചനയാണ്‌ നടന്നതെന്നു സംശയമുണെ്ടന്നും ജാഗ്രതാ സമിതി പറഞ്ഞു.