ധാര്‍മിക നൈര്‍മല്യവും ആത്മീയശുദ്ധിയുമുള്ള യുവജനങ്ങളെയാണ് സഭയും സമൂഹവും ആഗ്രഹിക്കുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഇത്തരം യുവജനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ധാര്‍മിക, വിശ്വാസ ജീവിതത്തില്‍ കറതീര്‍ന്നവരായി മാറിയാല്‍ ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ലൂര്‍ദ് ഫൊറോനാ കേന്ദ്രത്തില്‍ ചങ്ങനാശേരി അതിരൂപത യുവദീപ്തി- കെസിവൈഎം തെക്കന്‍ മേഖലാ യുവജന കണ്‍വന്‍ഷന്‍ തെശ്ബാഹത്ത -2009 ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്. ക്രൈസ്തവ യുവജനങ്ങള്‍ക്ക് സഭയാണ് ശക്തിയുടെ സ്രോതസ്. ഇത് ഭൗതികശക്തിയല്ല. ഇത് ആധ്യാത്മികവും ധാര്‍മികവുമായ ദൈവികശക്തിയുടെ സ്രോതസാണ്. ഭൗതിക ശക്തിയെ ആശ്രയിച്ചിരുന്നെങ്കില്‍ സഭ പണേ്ട നാമാവശേഷമായേനെ. സഭയെക്കാള്‍ ഭൗതികശക്തിയുള്ള സാമ്രാജ്യങ്ങള്‍ എതിര്‍ത്തിട്ടും സഭ നിലനിലനില്‍ക്കുന്നത് ദൈവികശക്തി സഭയ്ക്കൊപ്പമുള്ളതുകൊണ്ടാണ്. സഭയെ എതിര്‍ത്തവരാരാരും ഇന്ന് നിലനില്‍ക്കുന്നില്ല. കാലഘട്ടങ്ങളെ അതിജീവിച്ച് നിലനില്‍ക്കാന്‍ സാധിക്കുന്നതും ദൈവം കൂടെയുള്ളതുകൊണ്ടാണ്. ദൈവം സ്ഥാപിച്ചതും നയിക്കുന്നതും വസിക്കുന്നതുമായ ശക്തിയാണ് തിരുസഭയ്ക്കുള്ളത്.കാനാന്‍ദേശത്തേക്ക് യാത്ര ചെയ്ത ഇസ്രയേലിന് ദൈവ സാന്നിധ്യത്തിന്റെ അടയാളമായിരുന്നു നോഹയുടെ പേടകം. ഇന്നത്തെ കാലത്ത് നോഹയുടെ പേടകം പോലെയാണ് സഭ. ഈ പേടകത്തിനുള്ളില്‍ വസിക്കുന്നവര്‍ക്ക് കാറ്റോ കോളോ പേമാരിയോ പേടിക്കേണ്ട. സഭയാകുന്ന പേടകത്തില്‍ പ്രവേശനം കിട്ടിയവരാണ് നമ്മള്‍. ആ സുരക്ഷിതത്വബോധം എപ്പോഴുമുണ്ടാകണമെന്ന് മാര്‍ പെരുന്തോട്ടം നിര്‍ദേശിച്ചു. ഈശോ നയിക്കുന്ന കപ്പലാണിത്. ഇത് ഒരിക്കലും മുങ്ങുകയില്ല എന്ന ആത്മവിശ്വാസം ഉണ്ടാകണം. ഈ പേടകത്തിനു പുറത്തിറങ്ങി ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെയുള്ള യാത്രയല്ല നാം നടത്തേണ്ടത്. സഭയുടെ കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നുള്ള യാത്രയാവണം. ഇതുവഴി സഭയുടെ ദൈവശക്തിയെ സ്വന്തമാക്കാന്‍ സാധിക്കും. സ്വര്‍ഗത്തില്‍ മുടിചൂടി നില്‍ക്കുന്ന വിജയസഭയാണ് നമ്മുടെ ലക്ഷ്യം. ഈ യാത്രയില്‍ ആരും ഒറ്റപ്പെടരുത്.ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ക്രൈസ്തവ യുവജനം ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷ സമൂഹത്തെ നയിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇസ്രയേല്‍ ചെറു സമൂഹമായിരുന്നു. നിരവധി പ്രതിസന്ധികളിലൂടെയാണ് അവര്‍ കാനാന്‍ ദേശത്ത് എത്തിയത്. ചെറിയ സമൂഹമായ നമുക്ക് എത്താവുന്ന വലിയ ലക്ഷ്യമുണ്ട്. ഈ ലക്ഷ്യം നേടാന്‍ ശ്രമിക്കുമ്പോള്‍ ഒരുകാര്യം മറക്കരുത്. കര്‍ത്താവ് എപ്പോഴും കൂടെയുണ്ടാകണം. കര്‍ത്താവ് കൂടെയില്ലാതെ യാത്ര ചെയ്താല്‍ ഏത്ര ശക്തനായാലും വീണുപോകുമെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. ചടങ്ങില്‍ അതിരൂപതാ പ്രസിഡന്റ് കെ.സി ജോജോ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖലാ പാസ്റ്ററല്‍ കോര്‍ഡിനേറ്ററും ലൂര്‍ദ് ഫൊറോനാ വികാരിയുമായ റവ.ഡോ.ജോണ്‍ വി.തടത്തില്‍, അതിരൂപതാ ഡയറക്ടര്‍ ഫാ.ബാബു പുത്തന്‍പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി പി.ജെ. സെബാസ്റ്റ്യന്‍, ലാലിച്ചന്‍ മറ്റത്തില്‍, അതിരൂപതാ ഭാരവാഹികളായ ജോപ്സി പി.സേവ്യര്‍, സുദീപ് കെ.ജോസ്, സിസ്റ്റര്‍ മേഴ്സിന്‍ എസ്ഡി, സ്റ്റെഫി ജോസ്, ബ്ലെസി വര്‍ഗീസ്, ടിന്റു ആന്‍ തോമസ്, ബ്രദര്‍ റോജന്‍ പുരയ്ക്കല്‍, ഫൊറോനാ ഡയറക്ടര്‍മാരായ ഫാ.തോമസ് കമ്പിയില്‍, ഫാ.ഫിലിപ്പ് പന്തമാക്കല്‍, ഫാ.ജോസഫ് കൊച്ചുചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ലാസുകള്‍ ഫാ.മനോജ് വടക്കേടത്ത്, ഫാ.ജോണ്‍സണ്‍ കരൂര്‍, പ്രഫ.സി.പി.റോയി തുടങ്ങിയവരും നയിച്ചു.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് 1002 ദിവസമായി തുടരുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തില്‍ യുവദീപ്തി പ്രവര്‍ത്തകര്‍ മുല്ലപ്പെരിയാര്‍ സമരാനുഭാവ റാലി നടത്തി. തിരുവനന്തപുരം, അമ്പൂരി, കൊല്ലം-ആയൂര്‍ ഫൊറോനകളില്‍ നിന്നുമായി നൂറുകണക്കിന് യുവജനങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു. സമാപന സമ്മേളനം പി.സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.