Tuesday, September 22, 2009

കണ്ണുകളെ എങ്ങനെ വിശ്വസിക്കും?

അഭയാ കേസിലെ നാര്‍കോ സിഡികള്‍ ആദ്യ കാഴ്ചയില്‍ തന്നെ നിഷ്പക്ഷനായ ഏതൊരാളിലും നിരവധി സംശയങ്ങള്‍ ജനിപ്പിച്ചാല്‍ അതിശയിക്കാനില്ല. ജസ്റ്റീസ്‌ കെ.ഹേമയുടെ നിരീക്ഷണം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്‌. ഈ സിഡികള്‍ ഇത്രയും ജനശ്രദ്ധ നേടിയ ഒരു അന്വേഷണത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റാന്‍ സിബിഐയെപ്പോലെ ഉത്തരവാദിത്വപ്പെട്ട ഒരു ഏജന്‍സിക്ക്‌ എങ്ങനെ കഴിഞ്ഞുവെന്ന്‌ അദ്ഭുതപ്പെട്ടുപോകും. ഇനി ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡി ദൃശ്യങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. പരിശോധയ്ക്കിടെ അവശരാകുന്ന കുറ്റാരോപിതര്‍ പല ചോദ്യങ്ങളും മനസിലാക്കാന്‍ കഴിയാതെ എന്തെങ്കിലും മറുപടി നല്‍കുന്നതിനായി മൂളുകയും ഞരങ്ങുകയും മാത്രമാണ്‌ പലപ്പോഴും ചെയ്യുന്നത്‌. അവ്യക്തമായ ഈ ഞരങ്ങലുകളും മൂളലുകളും എങ്ങനെ തെളിവുകളിലേക്കു നയിക്കും?. ഇതിനൊപ്പമാണ്‌ സിഡികളിലെ വ്യാപക എഡിറ്റിംഗ്‌. സിഡിയിലെ ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പല ഭാഗത്തും തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധനയ്ക്കായി അബോധാവസ്ഥയിലാകുന്നതിന്‌ മുമ്പ്‌ ചോദ്യകര്‍ത്താവ്‌ കുറ്റാരോപിതരുമായി സംസാരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. ഈ സമയത്ത്‌ അഭയയുടെ മരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും ഇവരോടു ചോദിക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയം. എന്നാല്‍, മറ്റു പല കാര്യങ്ങളും സംസാരിക്കുന്നുണ്ടുതാനും. കുറ്റാരോപിതരുടെ ഈ വ്യക്തമായ സംസാരം എഡിറ്റ്‌ ചെയ്ത്‌ അബോധാവസ്ഥയിലായതിനു ശേഷമുള്ള ഇവരുടെ അവ്യക്തമായ സംസാരത്തിനിടയില്‍ കയറ്റിയെന്ന സംശയമാണ്‌ സിഡി നിരീക്ഷിക്കുന്ന ആര്‍ക്കും തോന്നാവുന്നത്‌. ഇതിനുവേണ്ടിയാണോ ആദ്യമേ പൊതുവായി പല കാര്യങ്ങളും ചോദിച്ചതെന്നു ആരെങ്കിലും സംശയിച്ചാല്‍ മറുപടി പറയാനാകുമോ ?.കുറ്റാരോപിതരായ വൈദികര്‍ എത്രപ്രാവശ്യം കാണാന്‍ വന്നിരുന്നു എന്ന ചോദ്യത്തിന്‌ ‘തന്നെ വല്ലപ്പോഴും വിഷ്‌ ചെയ്തിരുന്നു’ എന്നാണ്‌ അബോധാവസ്ഥയില്‍ സിസ്റ്റര്‍ സെഫി പറയുന്നത്‌. ‘എങ്ങനെ വന്നിരുന്നു’ എന്ന ചോദ്യത്തിന്‌ ‘ഫോണില്‍ കുര്‍ബാനയ്ക്ക്‌ വരാന്‍ പറയും അന്നേരം വരും’ എന്നായിരുന്നു മറുപടി. എത്രമണിക്ക്‌ അവര്‍ വരും എന്ന ചോദ്യത്തിന്‌ അഞ്ചുമണിക്ക്‌ എന്നാണ്‌ ഉത്തരം. ഏതു ഫാദറിനോട്‌ നിങ്ങള്‍ക്ക്‌ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ? എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. ‘ഫാദറിന്റെ പേരെന്താ, ഏതു ഫാദറാ’ എന്ന രണ്ടു ചോദ്യങ്ങള്‍ക്കു ശേഷവും എഡിറ്റിംഗ്‌ നടന്നതായി കാണാം. പറയുന്ന ആദ്യപേര്‌ വ്യക്തമല്ല. പൂതൃക്ക അച്ചനോട്‌ സംസാരിച്ചിട്ടുണ്ട്‌ എന്നത്‌ കേള്‍ക്കാം. ‘പിന്നെ’ എന്നു രണ്ടു പ്രാവശ്യം ചോദിക്കുമ്പോഴും എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. പിന്നെയുള്ള ഉത്തരങ്ങളെല്ലാം അവ്യക്തമാണ്‌. ഇതിനിടയില്‍, വൈദികരോടുള്ള ബന്ധത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ സ്നേഹബന്ധമുണ്ടെന്നാണ്‌ പ്രതികരണം. ആരോട്‌ എന്നു ചോദിക്കുമ്പോള്‍ എല്ലാ അച്ചന്മാരോടും എന്നാണ്‌ പറയുന്നത്‌. ഇവിടെ എഡിറ്റിംഗ്‌ ഇല്ല താനും. അച്ചന്മാരുടെ പേര്‌ പറയാനുള്ള ചോദ്യത്തിന്‌ ‘പൂതൃക്ക ജോസച്ചനോട്‌ കോട്ടൂരും’ എന്ന്‌ അവ്യക്തമായി പറയുന്നുണ്ട്‌. വല്ലപ്പോഴും വിഷ്‌ ചെയ്യാന്‍ മാത്രം അച്ചന്മാര്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന്‌ സിസ്റ്റര്‍ സെഫി പറയുന്നത്‌ പരിശോധനയുടെ തളര്‍ച്ചയിലാണ്‌. വിളിച്ചാല്‍ കുര്‍ബാനയ്ക്കായി വരുമെന്നും പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ഈ പറയുന്നത്‌ ശരിയായിരിക്കാനാണ്‌ സാധ്യത. ഫിസിക്കല്‍ റിലേഷന്‍ഷിപ്പ്‌ ഏത്‌ ഫാദറിനോടാണ്‌ എന്നു ചോദിക്കുമ്പോള്‍ മൂന്നുപ്രാവശ്യം എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘പൂതൃക്ക അച്ചനോട്‌ സംസാരിക്കും’ എന്ന ഉത്തരമാണ്‌ കിട്ടുന്നത്‌. അതായത്‌ ഈ ഭാഗത്തുനിന്ന്‌ യഥാര്‍ഥ ഉത്തരം എഡിറ്റ്‌ ചെയ്തു നീക്കിയിരിക്കുന്നു. നിലവിലുള്ള ഉത്തരം മറ്റ്‌ ഏതെങ്കിലും ക്ലിപ്‌ ഇവിടെ തിരുകി കയറ്റി സൃഷ്ടിച്ചതാണെന്നു വ്യക്തം. പിന്നെ ആരോട്‌ എന്ന ചോദ്യത്തിനുശേഷം രണ്ട്‌ എഡിറ്റിംഗ്‌ കഴിഞ്ഞ്‌ ‘നാലുമണിക്ക്‌ നേരത്തോ’ എന്ന മറുചോദ്യമാണ്‌ സിഡിയില്‍ കാണുന്നത്‌. ഒന്നോ, രണ്ടോ പേരുകള്‍ മാത്രം ഉത്തരമായി വരേണ്ട സന്ദര്‍ഭത്തില്‍, ഉത്തരത്തിന്‌ മറുചോദ്യമാണ്‌ കാണുന്നതെങ്കില്‍ എഡിറ്റു ചെയ്തു നീക്കപ്പെട്ട മറ്റു ചോദ്യങ്ങള്‍ ഈ ഭാഗത്ത്‌ ഉണ്ടായിരുന്നെന്നു വ്യക്തം. അതും സന്ദര്‍ഭത്തില്‍നിന്ന്‌ വ്യതിചലിച്ചുള്ള ചോദ്യങ്ങള്‍. ‘സ്നേഹബന്ധമുണ്ട്‌’ എന്നു സിസ്റ്റര്‍ പറഞ്ഞപ്പോള്‍ ആരോട്‌ എന്ന ചോദ്യത്തിന്‌ എഡിറ്റിംഗ്‌ ഇല്ലാതെ തുടര്‍ച്ചയായി സിസ്റ്റര്‍ മറുപടി പറയുന്നത്‌ എല്ലാ അച്ചന്മാരോടും എന്നാണ്‌. ‘അച്ചന്മാരുടെ പേര്‌ പറ’ എന്ന നിര്‍ദേശത്തിന്‌ മറുപടി എഡിറ്റിംഗ്‌ കഴിഞ്ഞ്‌ രണ്ട്‌ വൈദികരുടെയും പേരുകളാണ്‌. മറ്റേതോ അവസരത്തില്‍ പറഞ്ഞ പേരുകള്‍ തന്ത്രപൂര്‍വം ഇവിടെ തിരുകി കയറ്റിയതാണെന്നു പകല്‍പോലെ വ്യക്തം. വിടവു വന്ന ഭാഗങ്ങളില്‍ നികത്താനായി സാധാരണ എഡിറ്റിംഗ്‌ നടത്താറുണ്ട്‌. എന്നാല്‍, ഈ സിഡികളില്‍ നീണ്ട വിടവുകള്‍ എഡിറ്റ്‌ ചെയ്ത്‌ നികത്തപ്പെടാതെ പലഭാഗത്തും കിടക്കുകയാണ്‌. തങ്ങള്‍ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ എഡിറ്റ്‌ ചെയ്താണെങ്കിലും വരുത്താന്‍ കിണഞ്ഞു പരിശ്രമം നടത്തുന്നുണ്ട്‌. അതു സാധിക്കുന്നതുവരെ പലതരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. പരസ്പര ബന്ധമില്ലാതെ ചിതറിക്കിടക്കുന്ന അപൂര്‍ണ ഉത്തരങ്ങളിലൂടെ ഇക്കാര്യം വ്യക്തമാണ്‌. താല്‍പര്യങ്ങള്‍ക്കു നിരക്കാത്തതും ആവശ്യമില്ലാത്തതുമായ ചോദ്യങ്ങളും ഉത്തരങ്ങളുമാകാം എഡിറ്റു ചെയ്ത്‌ നീക്കപ്പെട്ടത്‌. അതുപോലെ പിന്നീട്‌ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടയാക്കുന്ന കാര്യങ്ങളും. കുറ്റകൃത്യത്തെക്കുറിച്ചു വിവരിക്കുന്നെന്നു പറയുന്ന ഭാഗത്തു കൃത്യമായ എഡിറ്റിംഗുകള്‍ കാണാം. ‘എത്രമണിക്കാണ്‌ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം താഴെ കിച്ചണില്‍ വന്നത്‌’ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. തുടര്‍ന്ന്‌ ഉത്തരം ‘നാലുമണി’. ഇവിടെയും യഥാര്‍ഥ ഉത്തരം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അഭയ താഴെ വന്നത്‌ നാലുമണിക്കോ അഞ്ചുമണിക്കോ? തുടര്‍ന്ന്‌ എഡിറ്റിംഗ്‌ ശേഷം ഉത്തരം - അഞ്ചുമണി കഴിഞ്ഞു. അപ്പോള്‍ കിച്ചണില്‍ മറ്റാരുണ്ടായിരുന്നു? തുടര്‍ന്ന്‌ എഡിറ്റിംഗ്‌. ഉത്തരം - അവ്യക്തം. ‘ഒരച്ചന്‍’ എന്ന്‌ വേണമെങ്കില്‍ കരുതാം. ഉള്ളില്‍ വന്ന അച്ചന്റെ പേരെന്താ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അവരെങ്ങനാ ഉള്ളില്‍ വന്നത്‌ എന്ന ചോദ്യത്തിന്‌ ആര്‌ എന്ന മറുചോദ്യം. തോമസ്‌ കോട്ടൂര്‌ പുറത്തുവന്നപ്പോള്‍ വാതില്‍ തുറന്നതാരാ? എന്നു ചോദിക്കുമ്പോള്‍ ഞരക്കം മാത്രം. ഞാന്‍ തുറന്നില്ല എന്ന്‌ ഉത്തരം നല്‍കിയതുപോലെ തോന്നുമ്പോള്‍ വര്‍ധിച്ച അസ്വസ്ഥതയോടെ സിസ്റ്റര്‍ ഓക്കാനിക്കുന്നു. ഇവിടെ സൂക്ഷ്മ നിരീക്ഷണത്തില്‍ രണ്ട്‌ എഡിറ്റിംഗ്‌ കാണാം. ഞാന്‍ തുറന്നു എന്നാണ്‌ സിഡിയിലെ ഉത്തരം. ഇത്‌ മേറ്റ്വിടുന്നോ മുറിച്ചുനീക്കി ഇവിടെ തിരുകിയതാണെന്നു മനസിലാക്കാം. വാതില്‍ തുറന്നപ്പോള്‍ ആരാ വന്നത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ വ്യക്തം. കാമറയുടെ പൊസിഷനില്‍ വളരെ വ്യത്യാസം. തോമസ്‌ കോട്ടൂര്‌ എന്ന ഉത്തരം വളരെ സ്ഫുടം. ഇതിനു മുമ്പുവരെ അവ്യക്തമായി ഞരങ്ങിയും മൂളിയും മാത്രം സംസാരിച്ച സിസ്റ്ററിന്റെ മുഖത്ത്‌ കൂടുത ല്‍ പ്രസന്നതയും കാണാം. ഇതില്‍ നിന്നും വീഡിയോയിലും ഓഡിയോയിലും എഡിറ്റിംഗ്‌ നടന്നുവെന്ന്‌ മനസിലാക്കാം. ആരംഭത്തില്‍ മരുന്ന്‌ സിസ്റ്ററിനെ കൂടുതലായി തളര്‍ത്തുന്നതിന്‌ മുമ്പ്‌ മറ്റേതോ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇവിടെ തിരുകികയറ്റിയതാണ്‌. അഭയയെ തട്ടിയത്‌ (മലയാളത്തിലെ തട്ടലാണോ മലയാളം വ്യക്തമായി അറിയാത്ത ചോദ്യകര്‍ത്താവ്‌ ഉദ്ദേശിച്ചതെന്നറിയില്ല) നിങ്ങളോ തോമസ്‌ കോട്ടൂരോ എന്ന ചോദ്യത്തിന്‌ ആദ്യ ഉത്തരം വ്യക്തമല്ല. സിസ്റ്ററുടെ സംസാരം പൂര്‍ത്തിയാകുന്നതിനു മുമ്പേ സ്വരം മുറിച്ചുകളഞ്ഞിരിക്കുന്നു. ഞാന്‍ കണ്ടില്ല എന്നായിരുന്നു ഉത്തരമെന്നാണ്‌ സിഡി കാണുന്നവര്‍ക്ക്‌ മനസിലാകുന്നത്‌. ‘ഞാന്‍ തട്ട്‌’ എന്ന്‌ സിസ്റ്റര്‍ തുടര്‍ന്ന്‌ പറയുന്നുണ്ടെങ്കിലും അവസാന അക്ഷരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ല. ഞാന്‍ തട്ടിയില്ല എന്ന ഉത്തരമാകാനാണ്‌ ഇവിടെ കൂടുതല്‍ സാധ്യത. ‘എന്തിനാ തട്ടിയത്‌ അവര’്‌ എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. എവിടെ തട്ടിയിട്ടുണ്ടായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളുടെ പൂര്‍ത്തീകരണം എഡിറ്റിംഗ്‌ നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌. സിസ്റ്ററുടെ വാക്കുകള്‍ വളരെ അവ്യക്തവും. കഴുത്തിന്റെ പുറക്‌ വശത്ത്‌ എന്നത്‌ സിസ്റ്റര്‍ പറയുന്നതായി കേള്‍ക്കാം. ഈ ഉത്തരം എവിടെ നിന്നോ പറിച്ചെടുത്ത്‌ കൊണ്ടുവന്നതാണെന്നു കരുതാം. ഏതു സാധനം കൊണ്ടാ തട്ടിയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ഏതു സാധനം എന്നു വീണ്ടും ചോദിക്കുമ്പോള്‍ കോടാലി ഒപ്പമുണ്ടായിരുന്നു എന്നുത്തരം. ഇവിടെ എഡിറ്റിംഗ്‌ കാണുന്നതിനാല്‍ ഈ ഉത്തരം ഈ ചോദ്യത്തിന്റേതല്ലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അഭയയുടെ തലയില്‍ രക്തമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്‌ ഉണ്ടായിരുന്നു എന്നായിരുന്നു മറുപടി. അഭയ സിസ്റ്ററിനെ എത്ര ആള്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി കിണറ്റിലിട്ടതാ എന്ന ചോദ്യത്തിന്‌ ഉച്ചത്തില്‍ അല്ല, അല്ല എന്നാണ്‌ മറുപടി. ഇവിടെയും എഡിറ്റിംഗ്‌ വ്യക്തമാണ്‌. കാരണം വളരെ ക്ഷീണിതയായ സിസ്റ്ററുടെ ശബ്ദം ഒരു സമയത്തും ഇത്രയും ഉയര്‍ന്നിരുന്നില്ല. ഒരാള്‍ മതി എന്ന്‌ വീണ്ടും പറയുന്നുണ്ട്‌. ഇതും എഡിറ്റ്‌ ചെയ്തു ചേര്‍ത്തിരിക്കുന്നതാണ്‌. നിങ്ങള്‍ അഭയ സിസ്റ്ററിന്റെ കാലേ പിടിച്ചോ, കൈയില്‍ പിടിച്ചോ എന്ന ചോദ്യത്തിന്‌ ഞാനെങ്ങും പിടിച്ചി... എന്നാണ്‌ മറുപടി. ഇതിനിടയില്‍ എഡിറ്റിംഗ്‌ നടന്നിരിക്കുകയാണ്‌. ഞാനെങ്ങും പിടിച്ചില്ല എന്നതാണ്‌ പറഞ്ഞതെന്ന്‌ ഇവിടെ വ്യക്തം. ഇതിനിടയില്‍ സിസ്റ്റര്‍ ഓക്കാനിക്കുകയും ഭയാനക ശബ്ദത്തില്‍ ഞരങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന്‌ സിസ്റ്റര്‍ക്ക്‌ ഓക്സിജന്‍ കൊടുക്കുകയാണ്‌. സിസ്റ്ററുടെ മേലുള്ള കുറ്റാരോപണം കൃത്രിമം നിറഞ്ഞതാണെന്ന്‌ സിഡി സസൂക്ഷ്മം നിരീക്ഷിക്കുന്ന ആര്‍ക്കും വ്യക്തമാകും. മുറിച്ചുകെട്ടിയ വാക്കുകള്‍ക്ക്‌ പലപ്പോഴും തുടര്‍ച്ചയില്ല. കൃത്രിമത്വം എല്ലായിടങ്ങളിലും വ്യക്തം. യുക്തിബോധത്തോടെ സിഡിയെ വിലയിരുത്തിയാല്‍ സിസ്റ്ററെ മനഃപൂര്‍വം കുറ്റക്കാരിയാക്കണമെന്ന ഉദ്ദേശത്തോടെ ചോദ്യം ചോദിക്കുന്നതായും ഉത്തരങ്ങള്‍ അത്തരത്തിലുള്ളതാക്കാന്‍ ചോദ്യകര്‍ത്താവ്‌ കിണഞ്ഞ്‌ പരിശ്രമിക്കുന്നതായും കാണാം. ഫാ. തോമസ്‌ കോട്ടൂരിനോട്‌ ആദ്യ പതിനാറ്‌ മിനിറ്റ്‌ പൊതുവായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌. ഇവിടെ ആവശ്യമില്ലാത്തതിനാല്‍ എഡിറ്റിംഗ്‌ അധികമില്ല. അന്നേ ദിവസം നിങ്ങള്‍ കാറിനാണോ സ്കൂട്ടറിനാണോ പോയത്‌ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌ തുടര്‍ന്ന്‌ ‘സ്കൂട്ടറിന്‌, ഇത്‌ താരതമ്യേന ചെലവ്‌ കുറഞ്ഞതാണ്‌ ’ എന്നാണ്‌ ഉത്തരം. എഡിറ്റിംഗ്‌ നടന്നതിനാല്‍ അര്‍ഥമാക്കുന്നത്‌ മഠത്തിലേക്കുള്ള യാത്രയാകണമെന്നില്ല. തുടര്‍ന്ന്‌ മതില്‍ ചാടിക്കടന്നത്‌, വാതില്‍ തുറക്കുന്നത്‌ തുടങ്ങിയ ചോദ്യങ്ങള്‍. ഉത്തരം - എന്നെപ്പോലെ കോട്ടയംകാര്‍ക്ക്‌ സുപരിചിതനായ ഒരു വ്യക്തി പാതിരാസമയത്ത്‌ മഠത്തിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമോ എന്ന മറുചോദ്യം. ഇങ്ങനെ അസാധ്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ പാതിരാ നേരത്തുള്ള മഠത്തില്‍ പ്രവേശനമെന്ന വാചകം അച്ചന്റെ വായില്‍നിന്ന്‌ വീണുകിട്ടിയത്‌ സിഡിയില്‍ പിന്നീട്‌ ശരിക്കും മുതലെടുത്തിട്ടുണ്ട്‌. പാതിരാവിലുള്ള മഠത്തില്‍പോക്ക്‌ പ്രധാന കവാടത്തിലൂടെയോ പുറകുവശത്തുള്ള വാതിലിലൂടെയോ എന്ന ചോദ്യത്തിനുശേഷം എഡിറ്റിംഗ്‌. ‘സാധാരണയായി ആള്‍ക്കാര്‍ പോകുന്നത്‌ - തുടര്‍ന്ന്‌ എഡിറ്റിംഗ്‌ - പുറകുവശത്തെ വാതിലിലൂടെയാണ്‌ ‘ എന്ന ഈ ഉത്തരം പറിച്ചുനടപ്പെട്ടതാണ്‌. പുറംവാതില്‍ ആരു തുറന്നുതന്നു എന്ന ചോദ്യം ഇംഗ്ലീഷില്‍. ഉത്തരം മലയാളത്തില്‍ ‘മദര്‍ സുപ്പീരിയര്‍ ഒരു കോണ്‍വന്റിന്റെ മദര്‍’. തുടര്‍ന്നുള്ള ചോദ്യങ്ങളിലെ ഉത്തരങ്ങളുടെ ഓരോ വാചകത്തിലും ഒന്നിലേറെ പ്രാവശ്യം എഡിറ്റിംഗ്‌ നടന്നതായി കാണാം. ഓരോ വാക്കിനുശേഷവും എഡിറ്റിംഗ്‌ കണ്ടെത്തിയ ക്ലിപ്പുകളുമുണ്ട്‌. ഇതിന്റെ ആവശ്യമെന്ത്‌ ? ലോറിയുടെ പ്ലാറ്റ്‌ ഫോമിന്റെ വലിപ്പത്തിനനുസരിച്ച്‌ ലോഡ്‌ ചെയ്യേണ്ട തടി വെട്ടിയൊരുക്കുന്നതുപോലെ കുറ്റാരോപിതരെ യഥാര്‍ഥത്തില്‍ കുറ്റക്കാരാക്കാന്‍ തുനിഞ്ഞിറങ്ങിയവരെപ്പോലെയുള്ളതായിരുന്നു ചോദ്യകര്‍ത്താക്കളുടെ ഓരോ ചോദ്യവും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യാ സാധ്യതയെപ്പറ്റി ഒന്നും ചോദിച്ചതായി കാണുന്നില്ല. സിസ്റ്റേഴ്സുമായി വൈകാരിക ബന്ധമുണ്ടോ എന്ന ചോദ്യത്തിന്‌ ‘സാധാരണ സൗഹാര്‍ദം മാത്രമായിരുന്നു രണ്ടച്ചന്മാര്‍ക്കും ഉണ്ടായിരുന്നത്‌ ‘ എന്ന ഉത്തരം കിട്ടി. നാര്‍കോ പരിശോധനയിലൂടെ കിട്ടിയ മറ്റ്‌ അറിവുകള്‍ സ്വീകാര്യമാണെങ്കില്‍ ഈ ഉത്തരവും സ്വീകാര്യമാവണമല്ലോ? ഫാ. ജോസ്‌ പൂതൃക്കയിലിനെ പരിശോധനയ്ക്ക്‌ വിധേയമാക്കിയത്‌ കാണിക്കുന്ന സിഡിയിലും ഇതില്‍നിന്ന്‌ ഒട്ടും വ്യത്യസ്തമല്ലാത്ത തന്ത്രങ്ങളാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌.