Wednesday, September 23, 2009

മൂല്യാധിഷ്ഠിത സമൂഹനിര്‍മിതിയില്‍ സ്ത്രീകള്‍ക്ക്‌ നിര്‍ണായക പങ്ക്‌: മാര്‍ ചക്യത്ത്‌

സ്നേഹത്തില്‍ അധിഷ്ഠിതമായ ജീവിതക്രമം പുലര്‍ത്തിക്കൊണ്ട്‌ സമൂഹത്തില്‍ മൂല്യങ്ങള്‍ വളര്‍ത്താന്‍ സ്ത്രീകള്‍ക്ക്‌ നിര്‍ണായകമായ പങ്കു വഹിക്കാനാവുമെന്ന്‌ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍. തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതയുടെ മൈക്രോ ഫിനാന്‍സ്‌ സംരംഭമായ വെസ്കോ ക്രെഡിറ്റ്‌ കേരള പിന്നോക്ക വികസ കോര്‍പറേഷന്റെ സഹകരണത്തോടെ പൊന്നുരുന്നിയില്‍ സംഘടിപ്പിച്ച വായ്പാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ചക്യത്ത്‌. ആരോഗ്യം, സമ്പത്ത്‌, കഴിവുകള്‍ തുടങ്ങി പ്രപഞ്ചത്തിലെ എല്ലാ വിഭവങ്ങളും എല്ലാവര്‍ക്കുമായി പങ്കുവെയ്ക്കപ്പെടുമ്പോഴാണ്‌ സമത്വസുന്ദരമായ സമൂഹം രൂപപ്പെടുന്നത്‌. പുരുഷന്മാരേക്കാള്‍ സത്യസന്ധത സ്ത്രീകള്‍ പുലര്‍ത്തുന്നതിനാല്‍ പൊതുരംഗത്തെ അഴിമതി കുറയ്ക്കുന്നതിന്‌ സ്ത്രീകളുടെ പങ്കാളിത്തം സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇരുപതിനായിരത്തോളം പേര്‍ക്ക്‌ സബ്സിഡി നല്‍കി അതിരൂപത മെഡിക്ലെയിം ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചേര്‍ത്തതായും മാര്‍ തോമസ്‌ ചക്യേത്ത്‌ അറിയിച്ചു. വെല്‍ഫയര്‍ സര്‍വീസ്‌ സൊസൈറ്റി ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, അധ്യക്ഷനായിരുന്നു. കേരള പിന്നോക്ക വികസന കോര്‍പറേഷന്‍ മാനേജിംഗ്‌ ഡയറക്ടര്‍ കെ.ഐ ചാക്കോ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. 104 സംഘങ്ങള്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതിക്കായി കുറഞ്ഞ പലിശ നിരക്കില്‍ ഒരു കോടി ഇരുപതു ലക്ഷം രൂപ വായ്പയായി വിതരണം ചെയ്തു. കെ.എസ്‌.ബി.സി.ഡി.സി എറണാകുളം ജില്ലാ മാനേജര്‍ പ്രിതി ജോസഫ്‌, വെസ്കോ ക്രഡിറ്റ്‌ ജനറല്‍ മാനേജര്‍ ജോസ്‌ സെബാസ്റ്റ്യന്‍, ഷൈജി സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.