അഭയാ കേസിലെ അന്വേഷണവും നടപടികളും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ നടത്തി ക്കൊണ്ടിരിക്കെ കേസന്വേഷണത്തിലെ നാര്‍കോ സിഡി ചോര്‍ന്നത് ഗൗരവമുള്ള വീഴ്ചയാണെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് വ്യക്തമാക്കി. ഇക്കാര്യം കോടതി ഗൗരവമായി അന്വേഷിക്കുകയും വീഴ്ചവരുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്കെതിരേ നടപടിയെടുക്കുകയും വേണം. ഈ സംഭവത്തെ ചെറുതായി കാണാനോ നീതീകരിക്കാനോ ആവുന്നതല്ല. നാര്‍കോ അനാലിസിസ് സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയതാണ്. സിഡിറ്റിന്റെ പരിശോധനയിലും കൃത്രിമത്വം കണെ്ടത്തിയിരുന്നു.ഇത്തരത്തില്‍ കൃത്രിമത്വമുള്ളൊരു സിഡി ആധികാരിക വിവരമെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തി രണ്ടു വൈദികരെയും ഒരു കന്യാസ്ത്രീ യെയും അധിക്ഷേപിക്കുന്നത് മനുഷ്യാവകാശലംഘനമാണ്. ഇക്കാര്യത്തില്‍ കോടതി കര്‍ക്കശമായ ഇടപെടല്‍ നടത്തണം- മാര്‍ മാത്യു മൂലക്കാട്ട് ആവശ്യപ്പെട്ടു.