Tuesday, September 22, 2009

നാര്‍കോ സിഡിയിലെ ഞെട്ടിക്കുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ പുറത്താകുന്നു

അഭയാ കേസിലെ നാര്‍കോ സിഡികളെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ ഹേമയുടെ നിരീ ക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ‘സിഡികളിലെ എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലുകളും മനസിലാക്കാന്‍ സാങ്കേതിക വിദഗ്ധരുടെയൊന്നും ആവശ്യമില്ല. ഏതൊരു സാധാരണക്കാരനും ഒറ്റനോട്ടത്തില്‍ വ്യക്തമാകും’- അഭയാ കേസിലെ കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ പ്രഗത്ഭമതിയായ ന്യായാധിപ നടത്തിയ ഈ നിരീക്ഷണം പക്ഷേ, പലരും വേണ്ടത്ര ഗൗരവത്തോടെ ഉള്‍ക്കൊണ്ടില്ല. എന്നു മാത്രമല്ല ആ സിഡികളാണ്‌ ഒറിജിനല്‍ എന്നു പ്രചാരണം നടത്തുകയും ചെയ്തു. പിന്നീട്‌ കോടതി നിര്‍ദേശപ്രകാരം സാങ്കേതിക സ്ഥാപനമായ സി-ഡിറ്റ്‌ ഈ സിഡികള്‍ പരിശോധിച്ചപ്പോള്‍ നാര്‍കോ സിഡികളുടെ പൊള്ളത്തരം പുറത്തായി. സിഡികളില്‍ വ്യാപക എഡിറ്റിംഗ്‌ നടന്നിരിക്കുന്നു. പക്ഷേ, വിദഗ്ധര്‍ അടിവരയിട്ടു പറഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മാത്രം ഒന്നും ബോധ്യമായില്ല ! അല്ലെങ്കില്‍ അങ്ങനെ നടിച്ചു. ഇപ്പോള്‍ ചാനലുകളിലൂടെ പുറത്തായ നാര്‍കോ സിഡികള്‍ പരിശോധിക്കാന്‍ ഇടയായ പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു സാങ്കേതിക വിദഗ്ധന്‍ ഇതാ കേരളത്തിന്റെ മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ തുറന്നെഴുതുന്നു. നാര്‍കോ സിഡിയില്‍ പ്രതികളാക്കപ്പെട്ടവര്‍ ‘കുറ്റകൃത്യം വിവരിച്ചു’ എന്നു പറയുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ തന്ത്രപരമായ എഡിറ്റിംഗ്‌ നടന്നതായിട്ടാണ്‌ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്‌. അതായത്‌ ഓരോ ചോദ്യങ്ങള്‍ ക്കും നല്‍കിയ യഥാര്‍ഥ ഉത്തരങ്ങളല്ല സിഡി യില്‍ പലേടത്തും കാണുന്നതെന്നു വ്യക്തം.