അഭയാ കേസുമായി ബന്ധപ്പെട്ട നാര്‍കോ അനാലിസിസ് സി.ഡി മാധ്യമങ്ങള്‍ക്കു ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുറ്റാരോപിതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നു കോട്ടയം അതിരൂപതയുടെ പ്രതിനിധി അഡ്വ. അജി ജോസഫ് കോയിക്കല്‍ വ്യക്തമാക്കി. കോടതി ഭദ്രമായി സൂക്ഷിക്കുന്ന തെളിവ് മാധ്യമങ്ങള്‍ പുറത്തുവിട്ടതില്‍ കോടതിയലക്ഷ്യ കേസ് നല്‍കുന്ന കാര്യവും പരിഗണിക്കും. സിബിഐ സമര്‍പ്പിച്ച സിഡി ശരിയോ തെറ്റോ എന്നത് കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ്. കേസിലെ ആരോ പണ വിധേയര്‍ ശാസ്ത്രീയ പരിശോധനയില്‍ കുറ്റം സമ്മതിച്ചു എന്ന് ദൃശ്യമാകുന്ന സിഡി ഭാഗത്ത് എഡിറ്റിംഗ് നടന്നിട്ടുള്ളതായി സംശയിക്കുന്നു.സിഡിയില്‍ തിരിമറിയുള്ളതായി ജസ്റ്റീസ് രാംകുമാറും ജസ്റ്റീസ് ഹേമയും വ്യക്തമാക്കിയിട്ടുണ്ട്. സിഡിറ്റിലെ ശാസ്ത്രീയ പരിശോധനയില്‍ ഇത് ആവര്‍ത്തിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ റിക്കാര്‍ ഡുകള്‍ ജനങ്ങളുടെ മധ്യത്തില്‍ പ്രതികളെ ആക്ഷേപിക്കുംവിധം പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. സിഡി എങ്ങനെ പുറത്തുവന്നു എന്ന കാര്യത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. ഈ കേസില്‍ ജസ്റ്റീസ് രാംകുമാറും ജസ്റ്റീസ് ഹേമയും നല്‍കിയ ഉത്തരവുകള്‍ക്കെതിരേ സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാനുള്ള നടപടിപോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിഡി മാധ്യമങ്ങള്‍ക്ക് ചോരുകയും മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നത്. ഇത് നിയമത്തോടും വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്- അഡ്വ. അജി കോയിക്കല്‍ വ്യക്തമാക്കി.