Friday, October 9, 2009

ഇന്‍ഡ്യന്‍ മിഷന്‍ കോണ്‍ഗ്രസ്‌ ഒക്ടോബര്‍ 14 മുതല്‍ 18 വരെ

ഭാരതസഭയുടെ ചരിത്രത്തിലാദ്യമായി ഒരു മിഷന്‍ കോണ്‍ഗ്രസ്‌ നടത്തപ്പെടുന്നു. ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കരസഭകള്‍ സംയുക്തമായാണ്‌ മിഷന്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്നത്‌. ഈ മാസം 14 മുതല്‍ 18 വരെയുളള തീയതികളില്‍ മുംബെയിലെ ഗൊരെഗാവിലുളള സെന്റ്‌ പയസ്‌ സെമിനാരി കോമ്പൗണ്ടിലാണ്‌ ‘യേശു മഹോത്സവ്‌ ‘ എന്ന പേര്‌ നല്‍കിയിരിക്കുന്ന മിഷന്‍ കോണ്‍ഗ്രസ്‌ അരങ്ങേറുന്നത്‌. എല്ലാ ഭൂഖണ്ഡങ്ങളിലും മിഷന്‍ കോണ്‍ഗ്രസ്‌ നടത്തുക എന്നുളളത്‌, ഭാഗ്യസ്മരണനാര്‍ഹനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഒരു സ്വപ്നമായിരുന്നു. യേശുനാഥന്റെ സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം ലോകത്തോട്‌ പ്രഘോഷിക്കുവാനും, ക്രൈസ്തവജനതയില്‍ ദൈവസ്നേഹവും പരസ്നേഹവും ഉജ്ജീവിപ്പിക്കുവാനുമായാണ്‌ മിഷന്‍ കോണ്‍ഗ്രസുകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടത്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടത്തപ്പെടുന്ന ‘യേശു മഹോത്സവ്‌ ‘ ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികളുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായി മാറ്റുവാനും അതോടൊപ്പം സുവിശേഷമൂല്യങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തിനായി പ്രചരിപ്പിക്കാനുമുളള ശ്രമമാണ്‌ ഈ കോണ്‍ഗ്രസിലൂടെ നടത്തുന്നത്‌.
“നിങ്ങളുടെ വെളിച്ചം ലോകത്തിന്റെ മുമ്പില്‍ പ്രകാശിക്കട്ടെ; സന്ദേശവും സന്ദേശവാഹകരുമാവുക” എന്നുളളതാണ്‌ യേശുമഹോത്സവത്തിന്റെ വിഷയം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികളാണ്‌ മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്‌. എല്ലാരൂപതകളില്‍ നിന്നും മേജര്‍ സെമിനാരികളില്‍നിന്നുമുളള പ്രതിനിധികളും സന്യാസ - സന്യാസിനി സമൂഹങ്ങളുടെ ജനറല്‍ സുപ്പീരിയേഴ്സുമാണ്‌ ഈ പ്രതിനിധികള്‍. ഇന്ത്യയിലെ 120-ല്‍ അധികം മെത്രാന്മാര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്‌. ഒക്ടോബര്‍ 14 ന്‌ ഉച്ചതിരിഞ്ഞ്‌ ആരംഭിക്കുന്ന ‘യേശു മഹോത്സവ്‌ ‘ ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്‌ പെദ്രേനെപസ്‌ ക്വിന്താന ഉദ്്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ തലവനും ഭാരതത്തിലെ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ അദ്ധ്യക്ഷനായിരിക്കും. കോണ്‍ഗ്രസിന്റെ ഓരോ ദിവസത്തിനും പ്രത്യേക പ്രതിപാദന വിഷയമുണ്ട്‌. ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. ഒരോ ദിവസത്തേയും ആരാധനാക്രമങ്ങള്‍ വിവിധ വ്യക്തിസഭകളുടെ പാരമ്പര്യത്തിനനുസൃതമാണ്‌ നടത്തുന്നത്‌. വിവിധ സഭകളുടേയും പ്രവിശ്യകളുടേയും നേതൃത്വത്തില്‍ എല്ലാദിവസവും സാസ്ക്കാരിക പ്രദര്‍ശനങ്ങളും കലാപ്രദര്‍ശനങ്ങളും നടത്തപ്പെടും. ഒക്ടോബര്‍ 18 ന്‌ കര്‍ദ്ദിനാള്‍ ഒസ്‌വാള്‍ഡ്‌ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുളള സമാപന ബലിയോടെ കോണ്‍ഗ്രസ്‌ അവസാനിക്കും.
‘യേശു മഹോത്സവ’ത്തില്‍ സീറോ മലബാര്‍ സഭയുടെ പങ്കാളിത്തത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ സഭയിലെ സുവിശേഷവല്‍ക്കരണത്തിനായുളള കമ്മീഷനാണ്‌. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേലും മെത്രാന്‍സമിതി അംഗങ്ങളായ മാര്‍ സൈമണ്‍ സ്റ്റോക്കും, മാര്‍ ആന്റണി ചിറയത്തും നേതൃത്വം നല്‍കുന്ന വിവിധ കമ്മറ്റികള്‍, ബോംബെയിലെ കല്യാണ്‍ രൂപതയുടെ സഹായത്തോടെ കോണ്‍ഗ്രസിനായുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ എം എസ്സ്‌ റ്റി അറിയിച്ചു.