ഈവര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ തെരഞ്ഞെടുത്തു. ആണവനിരായുധീകരണത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ബന്ധവും മെച്ചപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങളാണ് പ്രസിഡന്റായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം തികയുംമുമ്പ് ബറാക് ഒബാമയ്്ക്ക് സമാധാനത്തിനുള്ള പരമോന്നത പുരസ്കാരം നേടിക്കൊടുത്തത്. ഒബാമ ആണവനിരായുധീകരണത്തിനു വഹിക്കുന്ന പങ്കും അദ്ദേഹത്തിന്റെ നയതന്ത്രമികവും ഉദാത്തമാണെന്ന് നൊബേല്‍കമ്മിറ്റി വിലയിരുത്തി. രാജ്യാന്തര നയതന്ത്രബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ജനതകള്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ഒബാമ ചെയ്ത സേവനങ്ങളും കമ്മിറ്റി പരിഗണിച്ചു. കൂടാതെ, മുസ്ലിംരാജ്യങ്ങളുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിന്റെ പാത തുറന്നതും സംഘര്‍ഷം നടക്കുന്ന രാജ്യങ്ങളിലേക്കു പ്രതിനിധികളെ അയച്ച് സമാധാനദൂതനാകാനുള്ള ശ്രമങ്ങളും ആഗോളതാപനം ചെറുക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും കമ്മിറ്റി ഗൗരവമായെടുത്തു. ഒബാമയുടെ ആണവായുധ രഹിത ലോകത്തിനായുള്ള വ്യക്തമായ കാഴ്ചപ്പാടും അതിലൂന്നിയ പ്രവര്‍ത്തനവുമാണ് പ്രധാനമായും പരിഗണിച്ചതെന്നും കമ്മിറ്റി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 205 പേരാണ് ഈവര്‍ഷത്തെ നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ 33 എണ്ണം സംഘടനകളായിരുന്നു. അവാര്‍ഡിന്റെ 108 വര്‍ഷത്തെ ചരിത്രത്തിലെ റിക്കാര്‍ഡായിരുന്നു ഇത്രയും നാമനിര്‍ദേശങ്ങള്‍. സമാധാനത്തിനുള്ള നൊബേല്‍പുരസ്കാരം നേടുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. തിയോഡാര്‍ റൂസ്‌വെല്‍ട്ട്(1906), വൂഡ്രോ വില്‍സന്‍(1919), ജിമ്മി കാര്‍ട്ടര്‍(2002) എന്നിവരാണ് നൊബേല്‍ സമാധാന പുരസ്കാരം നേടിയിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍. 1961-ല്‍ ജനിച്ച ഒബാമ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റാണ്. 2009 ജനുവരി 20-നാണ് അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടത്. വര്‍ണവെറിയുടെ ഏറെ തിക്താനു‘വങ്ങള്‍ നേരിട്ട ഒബാമ 1996-ലാണ് രാഷ്ട്രീയജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ഇല്ലിനോയി സെനറ്ററായിട്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.2004-ല്‍ അമേരിക്കന്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഏറെ വാശിയേറിയ പോരാട്ടത്തില്‍ ഹില്ലരി ക്ലിന്റണെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ്സ്ഥാനാ ര്‍ഥിയായി ഒബാമ തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിച്ചുകൊണ്ട് റിപ്പബ്ലിക്ക ന്‍പാര്‍ട്ടിയുടെ ജോണ്‍ മക്കെയ്നെ തോല്‍പ്പിച്ചു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 52.9 ശതമാനം ജനകീയ വോട്ടും 365 ഇലക്ടറല്‍വോട്ടും നേടിയാണ് ഒബാമ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായത്. 1.4 ദശലക്ഷം സമ്മാനത്തുക വരുന്ന പുരസ്കാരം ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ പത്തിന് ഒസ്ലോയില്‍ നടക്കുന്ന ചടങ്ങില്‍ ഒബാമ ഏറ്റുവാങ്ങും.