“അതേ എനിക്കറിയാം. പാലാ രൂപത, അല്‍ഫോന്‍സാമ്മയുടെ നാട്, കഴിഞ്ഞ ഒക്ടോബര്‍ ഞാന്‍ ഇന്നും ഓര്‍മിക്കുന്നു.” റോമിലെത്തിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ പാലാ രൂപതാംഗങ്ങള്‍ക്കാകെ അഭിമാനത്തിന്റെ നിമിഷങ്ങളാണു സമ്മാനിക്കുന്നത്. കഴിഞ്ഞ 30-നാണ് ബുധനാഴ്ച സന്ദര്‍ശനത്തിനിടയില്‍ മാര്‍ കല്ലറങ്ങാട്ട് പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ചത്.അല്‍ഫോന്‍സാമ്മയുടെ പേരില്‍ നാണയം ഇറക്കിയതോടെ രാജ്യം ഭാരതസഭയേയും അല്‍ഫോന്‍സാമ്മയേയും ആദരിച്ചതായി മാര്‍പാപ്പ തുടര്‍ന്ന് രൂപതാധ്യക്ഷനോടു പറഞ്ഞു. അല്‍ഫോന്‍സാമ്മയുടെ കബറിടവും രൂപതാ ആസ്ഥാനവുമായി എത്ര ദൂരമുണ്ടെന്ന് പരിശുദ്ധ പിതാവ് ചോദിച്ചറിഞ്ഞു. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി രൂപതയ്ക്കും കേരളസഭയ്ക്കും ഭാരതസഭയ്ക്കാകമാനവും അഭിമാനകരവും പ്രത്യേക ദൈവിക വരദാനവുമാണെന്ന് ബനഡിക്ട് മാര്‍പാപ്പ മാര്‍ കല്ലറങ്ങാട്ടിനോടു പറഞ്ഞത് ഭാരതസഭയ്ക്കാകെ ആഹ്ലാദത്തിന്റെ അനുഗ്രഹവചസുകളായി. അല്‍ഫോന്‍സാ നാണയവും സമ്മാനിച്ച് പ്രത്യേക അനുഗ്രഹവും വാങ്ങിയാണ് ബിഷപ് മടങ്ങിയത്. മിലാനയിലെ വിശുദ്ധ അം ബ്രോസിന്റെ കബറിടം, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ കബറിടം, അസീസിയില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ കബറിടം, വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ കബറിടം, ഫ്രാന്‍സിലെ ആഴ്സ്, സ്പെയിനില്‍ സാന്റിയാനോയിലുള്ള വിശുദ്ധ യാക്കോബിന്റെ കബറിടം, ഫാത്തിമ എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രൂപതാമക്കള്‍ക്കായി പ്രാര്‍ഥിച്ചാണ് മാര്‍ കല്ലറങ്ങാട്ട് ഇന്നലെ രൂപതാ ആസ്ഥാനത്ത് തിരികെ എത്തിയത്.