വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ - തേവര്‍പറമ്പില്‍ ആഗസ്തി അച്ചന്‍ - തന്റെ സ്വര്‍ഗീയജീവിതം ആരംഭിച്ചിട്ട് മുപ്പത്തിയാറു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1973 ഒക്ടോബര്‍ 16-നായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മരണം. സുദീര്‍ഘമായ 82 വര്‍ഷം ജീവിച്ച അദ്ദേഹം അമ്പത്തിരണ്ടു വര്‍ഷം ദൈവിക ശുശ്രൂഷ ചെയ്ത വ്യക്തിയാണ്.ജീവിച്ചിരിക്കേ പ്രസിദ്ധനായിരുന്നില്ല അദ്ദേഹം. ഏതെങ്കിലും പള്ളിയില്‍ വികാരിയായി ജോലി നോക്കിയിട്ടില്ല. പള്ളിയോ മറ്റേതെങ്കിലും കെട്ടിടമോ പണികഴിപ്പിച്ചില്ല. ഒരു സ്ഥാപനത്തിന്റെയും മേധാവിയായിരുന്നിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മരിച്ച് 36 വര്‍ഷങ്ങള്‍ കൊണ്ട് കുഞ്ഞച്ചന്‍ ലോകപ്രസിദ്ധനായിരിക്കുകയാണ്. ദിനംപ്രതി അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിക്കുന്നതുകണ്ട് ലോകം അത്ഭുതപ്പെടുകയാണ്. ഇന്ന് കുഞ്ഞച്ചനെപ്പറ്റിയുള്ള ലേഖനങ്ങള്‍ വിവിധ ഭാഷകളില്‍, വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കുഞ്ഞച്ചന്റെ വെബ്സൈറ്റില്‍ അച്ചനെപ്പറ്റിയുള്ള വിവരങ്ങള്‍ പതിനാലു ഭാഷകളില്‍ ലഭ്യമാണ്. മറ്റാര്‍ക്കും ലഭിക്കാത്ത ഈ വലിയ അംഗീകാരം കുഞ്ഞച്ചന് എങ്ങനെ ലഭിച്ചു?ദൈവിക ഇടപെടല്‍ വഴി മാത്രം സംഭവിക്കാവുന്ന ഒരത്ഭുതമാണ് നമ്മുടെ ദൃഷ്ടിയില്‍ നടന്നിരിക്കുന്നത്. കുഞ്ഞച്ചനിലൂടെ ദൈവം പ്രവര്‍ത്തിക്കുകയായിരുന്നു. സവര്‍ണരും ധനികരും വെളുത്തവരും ആഢ്യത്വമുള്ളവരും മാത്രമല്ല, എല്ലാവരും തള്ളിപ്പറഞ്ഞ പാവങ്ങളും തന്റെ അരുമമക്കള്‍ തന്നെയാണെന്ന് ദൈവം വെളിപ്പെടുത്തി. അടിമത്തത്തില്‍ കഴിഞ്ഞ ഇസ്രയേല്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാന്‍ മോശയെ ദൈവം തെരഞ്ഞെടുത്തു നിയോഗിച്ചതുപോലെ, കുഞ്ഞച്ചനെയും ദയാനിധിയായ ദൈവം ദളിതരുടെ വിമോചകനായി നിയമിച്ചു. 1926 സെപ്റ്റംബറിലാണ് കുഞ്ഞച്ചന്‍ ഈ ജോലി സ്വമേധയാ ഏറ്റെടുത്തത്. രൂപതാധ്യക്ഷനോ മറ്റേതെങ്കിലും സഭാധികാരിയോ അത്യന്തം വിഷമകരമായ ഈ ദൗത്യം ഏല്‍പ്പിച്ചതല്ല. കുഞ്ഞച്ചന്‍ സ്വയം ഏറ്റെടുത്തതാണ് ഈ ദൗത്യം.വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ ജനതയുടെ ഉന്നമനം സാധ്യമാകുകയുള്ളൂവെന്ന് അച്ചനു ബോധ്യമായി. അവരിലാര്‍ക്കും തന്നെ മാതൃഭാഷയിലെ അക്ഷരം പോലും അറിഞ്ഞുകൂടായിരുന്നു അക്കാലത്ത്. സര്‍ക്കാര്‍ സ്കൂളുകളില്‍ അധഃകൃത വര്‍ഗക്കാര്‍ക്കു പ്രവേശനമില്ലാതിരുന്ന ഒരു കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍, ആശാന്‍ കളരികള്‍ എന്നിവ സ്ഥാപിക്കാന്‍ കുഞ്ഞച്ചന്‍ മുന്‍കൈയെടുത്തു. പല സ്ഥലങ്ങളിലും ഉപദേശിമാര്‍ തന്നെയാണ് ഈ സാക്ഷരതാ യജ്ഞത്തില്‍ അദ്ദേഹത്തിനു സഹായകരായിരുന്നത്. പള്ളിവക സ്കൂളുകളിലും നാട്ടുകാര്‍ നടത്തിയിരുന്ന പ്രൈമറി സ്കൂളുകളിലും ദളിത് കുട്ടികള്‍ക്ക് പ്രവേശനം നല്‍കി. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുക മാത്രമല്ല, അവര്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങിക്കൊടുത്തിരുന്നതും കുഞ്ഞച്ചനായിരുന്നു. ദളിത് കത്തോലിക്കരില്‍നിന്നുതന്നെ ചിലരെ ഓരോ പ്രദേശത്തും മൂപ്പന്മാരായി അച്ചന്‍ നിയോഗിച്ചിരുന്നു. അതതു സ്ഥലത്തുള്ളവരുടെ നേതാവാണു മൂപ്പനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അവര്‍ വഴി ആ പ്രദേശത്തുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുക എളുപ്പമായിരുന്നു. നിര്‍ദേശങ്ങളും ഉപദേശങ്ങളുമൊക്കെ അവര്‍ വഴിയാണ് എല്ലാവരെയും അറിയിച്ചിരുന്നത്. പള്ളിയില്‍ വരാത്തവരെയും ദുര്‍മാര്‍ഗികളായി ജീവിക്കുന്നവരെയും മൂപ്പന്മാര്‍ വഴി അച്ചന്‍ വിളിച്ചുകൂട്ടി ഉപദേശം നല്‍കിയിരുന്നു.സംഘടനാതലത്തിലും തന്റെ ‘മക്കള്‍ക്ക്’ നേതൃത്വം നല്‍കാന്‍ കുഞ്ഞച്ചന്‍ ശ്രദ്ധിച്ചിരുന്നു. ദളിത് ക്രൈസ്തവ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികളെ അവരില്‍നിന്നുതന്നെ തെരഞ്ഞെടുത്തിരുന്നു. സംഘടനയുടെ വാര്‍ഷികാഘോഷങ്ങള്‍ മോടിയായി നടത്താന്‍ കുഞ്ഞച്ചന്‍ ഉത്സാഹിച്ചു. ദളിത് ബാലികാബാലന്മാരുടെ പ്രസംഗങ്ങളും കലാപരിപാടികളും യോഗത്തെ മോടിപി ടിപ്പിച്ചു.1926-ല്‍ ആരംഭിച്ച ഈ സാധുജനോദ്ധാരണ യത്നങ്ങള്‍ 1973 ഒക്ടോബര്‍ 16-ന് അന്ത്യശ്വാസം വലിക്കുന്നതുവരെ നീണ്ടുനിന്നു. ജീവിച്ചിരിക്കെ കുഞ്ഞച്ചന്‍ ആരുമല്ലായിരുന്നു. പാലാ രൂപതയില്‍പ്പോലും അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. കാരണം എന്നും സ്വന്തം ഇടവകയില്‍തന്നെയായിരുന്നല്ലോ അച്ചന്റെ ശുശ്രൂഷ. അതും ആരാലും പരിഗണിക്കപ്പെടാത്ത മനുഷ്യമക്കളുടെ ഇടയില്‍. ജനിച്ചുവളര്‍ന്ന, ജോലി ചെയ്ത സ്ഥലത്തുതന്നെ മരിച്ച് അടക്കപ്പെടുകയും ആ സ്ഥലത്തു തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുക. സഭാചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ട സംഭവമാണ്. 2006 ഏപ്രില്‍ 30-ന് രാമപുരം പള്ളിയങ്കണത്തില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ തിരുനാള്‍ ഒക്ടോബര്‍ 16-ന് രാമപുരത്ത് ആഘോഷിക്കുന്നു.