Thursday, October 15, 2009

അനധികൃത പാര്‍ക്കിംഗ്‌; കര്‍ശന നടപടി വേണം: കെ.സി.വൈ.എം

അങ്കമാലി ടൗണില്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാന്‍ കഴിയാത്ത വിധത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ കെ.സി.വൈ.എം അങ്കമാലി ബസിലിക്ക ഫൊറോനാ സമിതി കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട മന്ത്രിയുടെ സ്വന്തം നാടായ അങ്കമാലിയില്‍ പോലീസിന്റെ മൗനാനുവാദത്തോടു കൂടിയാണ്‌ ഈ അനധികൃത പാര്‍ക്കിംഗ്‌ നടക്കുന്നതെന്ന്‌ കൗണ്‍സില്‍ ആരോപിച്ചു. നടപ്പാതയിലേക്ക്‌ കയറ്റി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതു മൂലം വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലേക്കിറങ്ങി പ്രാണഭീതിയോടെയാണ്‌ കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികാരികള്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്‌. പ്രശ്ന പരിഹാരത്തിന്‌ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്‌ യോഗം അറിയിച്ചു. ഫൊറോനാ പ്രസിഡന്റ്‌ ജോഷി ജോസഫ്‌ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.വര്‍ഗീസ്‌ മാമ്പിള്ളി, അതിരൂപതാ ജനറല്‍ സെക്രട്ടറി ജിനോ കൂട്ടാല, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ജേക്കബ്‌ ഇടശ്ശേരി, ഫൊറോനാ ജനറല്‍ സെക്രട്ടറി ടിജോ ജോണ്‍, സിബി ഇഞ്ചോടി, ബിജു ഗര്‍വാസിസ്‌ എന്നിവര്‍ പ്രസംഗിച്ചു.