Friday, October 16, 2009

ക്രൈസ്തവര്‍ ക്രിസ്തുവിന്റെ പ്രകാശം പരത്തേണ്ടവര്‍: ആര്‍ച്ച്‌ ബിഷപ്‌ ക്വിന്താന

അന്ധകാരാവൃതമായ സമൂഹത്തില്‍ ക്രിസ്തുവിന്റെ പ്രകാശം പരത്താന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്‌ ക്രൈസ്തവരെന്ന്‌ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ ഡോ. പെദ്രോ ലോപ്പസ്‌ ക്വിന്താന. മുംബൈ ഗൊരേഗാവ്‌ സെന്റ്‌ പയസ്‌ സെമിനാരിയില്‍ നടക്കുന്ന ഒന്നാം മിഷന്‍ കോണ്‍ഗ്രസില്‍ ഇന്നലെ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശപ്പും വേദനയും ദാരിദ്ര്യവും കലാപവും ലൈംഗിക ചൂഷണവും അരങ്ങുവാഴുന്ന സമൂഹത്തിലേക്കാണ്‌ ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വെളിച്ചവുമായി ഇറങ്ങേണ്ടത്‌. ജ്ഞാനസ്നാനത്തിലൂടെ ലഭിച്ച പ്രകാശം കുടുംബത്തിലും സമൂഹത്തിലും പങ്കുവച്ച്‌ അന്ധകാരത്തെ നീക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആര്‍ച്ച്‌ ബിഷപ്‌ ഡോ. ക്വിന്താന മുഖ്യകാര്‍മികത്വം വഹിച്ച സമൂഹബലിയില്‍ സിബിസിഐ പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മുംബൈ ആര്‍ച്ച്‌ ബിഷപ്പും മിഷന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനുമായ കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, റാഞ്ചി ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ ഡോ. ടെലിസ്ഫോര്‍ ടോപ്പോ, ബത്തേരി രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു’ എന്ന വിഷയ ത്തില്‍ ഉജ്ജയിനിലെ റൂഹാലയ മേജര്‍ സെമിനാരി പ്രഫസര്‍ ഫാ. സെബാസ്റ്റ്യന്‍ കിഴക്കയില്‍ പ്രബന്ധം അവതരിപ്പിച്ചു. രാവിലെ നടന്ന സിമ്പോസിയത്തില്‍ സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ മോഡറേറ്ററായിരുന്നു. മെത്രാന്‍മാരും വൈദികരും സന്യസ്തരുമടക്കം ഇന്ത്യയിലെ 160 രൂപതകളില്‍ നിന്നുള്ള 1500 പ്രതിനിധികള്‍ ‘പ്രഭു യേശു മഹോത്സവ്‌’ എന്ന പേരിലുള്ള ചതുര്‍ദിന മിഷന്‍ കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നുണ്ട്‌.