ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്കോളര്‍ഷിപ്പുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. ഇതാദ്യമായാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ സമുദായാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളുടെ വിതരണം നടക്കുന്നത്. 2008-09 അധ്യയനവര്‍ഷത്തെ അപേക്ഷകരില്‍നിന്നുള്ള അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പാണു വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലായി 46,347 വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളത്. ആകെ അപേക്ഷകരില്‍ അഞ്ചു ശതമാനം വിദ്യാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. 9,38,000 അപേക്ഷകളാണ് സംസ്ഥാനത്ത് ലഭിച്ചത്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനായി 4.63 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭിച്ചിട്ടുള്ളത്.സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ സ്കോളര്‍ഷിപ്പ് തുക നല്‍കുമെന്നായിരുന്നു മുന്‍കൂട്ടി അറിയിച്ചിരുന്നതെങ്കിലും ആദ്യവര്‍ഷത്തെ സ്കോളര്‍ഷിപ്പെന്ന നിലയില്‍ ഇക്കുറി സ്കൂളുകളില്‍നിന്ന് പ്രധാനാധ്യാപകര്‍ വഴി തുക നേരിട്ടു വിതരണം ചെയ്യും. ഇതിലേക്കായി സംസ്ഥാനത്തെ മുഴുവന്‍ ഡിഇഒ ഓഫീസുകളിലേക്കും സ്കോളര്‍ഷിപ്പ് തുക കൈമാറിയിട്ടുണ്ട്. ഡിഇഒ തലത്തില്‍ ഉപജില്ലകളിലേക്കും സ്കൂളുകളിലേക്കും തുക വിതരണത്തിനുള്ള നടപടികളും പൂര്‍ത്തീകരിച്ചു.ഒരു വര്‍ഷത്തോളം നീണ്ട അനിശ്ചിത്വത്തിനൊടുവിലാണ് സ്കോളര്‍ഷിപ്പ് വിതരണം നടക്കുന്നതെന്നതു ശ്രദ്ധേയം. സാമ്പത്തിക മാനദണ്ഡങ്ങളും പഠന നിലവാരവുമാണ് സ്കോളര്‍ഷിപ്പിനായി പ്രധാനമായും പരിഗണിച്ചിരുന്നത്. സാമ്പത്തിക നിലവാരം സംബന്ധിച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്‍കുന്ന സത്യവാങ്മൂലമായിരുന്നു പ്രധാന തെളിവ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ പിന്നീടു സമര്‍പ്പിച്ച അധികാരികളുടെ സാക്ഷ്യപത്രത്തില്‍ വരുമാനം സംബന്ധിച്ച സാക്ഷ്യപ്പെടുത്തലില്‍ മാറ്റംമറിച്ചിലുകളുണ്ടായത് ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു. ഈ ആശങ്കകളെ ഇല്ലാതാക്കിയാണ് ഇപ്പോള്‍ സ്കോളര്‍ഷിപ്പ് വിതരണം ആരംഭിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള പണമാണ് സ്കോളര്‍ഷിപ്പിനായി നല്‍കുന്നത്.2007-08 അധ്യയനവര്‍ഷത്തെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ വൈകിയതിനാല്‍ ഈ അധ്യയനവര്‍ഷം അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിലൊന്നിലേറെ കുറഞ്ഞിരുന്നു. ഈ വര്‍ഷം 2,21,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇവരില്‍ 1,61,000 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുമെന്നു വ്യക്തമായിട്ടുണ്ട്. ആയിരം രൂപ വീതമാണ് ഓരോ വിദ്യാര്‍ഥിക്കും സ്കോളര്‍ഷിപ്പായി നല്‍കുന്നത്. ഈ അധ്യയനവര്‍ഷം അപേക്ഷകരില്‍ 75 ശതമാനത്തോളം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നേടാനാകുമെന്ന അറിയിപ്പ് എത്തിക്കഴിഞ്ഞു. ഈ അധ്യയനവര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിച്ചിട്ടുള്ളതായും പട്ടിക കേന്ദ്രസര്‍ക്കാരിലേക്കു കൈമാറിയിട്ടുള്ളതായും തിരുവനന്തപുരത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സെല്‍ അറിയിച്ചു.