Saturday, October 24, 2009

മാര്‍ ജോണ്‍ വടക്കേല്‍ അഭിഷിക്തനായി

ബിജ്നോര്‍ രൂപതയുടെ രണ്ടാമത്‌ ബിഷപ്പായി സി.എം.ഐ സഭാംഗമായ മാര്‍ ജോണ്‍ വടക്കേല്‍ അഭിഷിക്തനായി. കോട്‌വാര്‍ സെന്റ്‌ ജോസഫ്സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ മുഖ്യകാര്‍മികനായി രുന്നു.ഡോ. വിന്‍സന്റ്‌ എം. കോണ്‍ സെസോ (ഡല്‍ഹി), മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ (കോതമംഗലം), മാര്‍ സൈമണ്‍ സ്റ്റോക്ക്‌ പാലാത്ര (ജഗദല്‍പൂര്‍), മാര്‍ വിജയനാനന്ദ്‌ നെടുമ്പുറം (ഛാന്ദ), മാര്‍ ഡൊമിനിക്‌ കോക്കാട്ട്‌, മാര്‍ തോമസ്‌ തുരുത്തിമറ്റം (ഗൊരഖ്പൂര്‍), മാര്‍ ജോസഫ്‌ കുന്നത്ത്‌ (അദിലാബാദ്‌), മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (ഉജ്ജൈന്‍), ഡോ. ആല്‍ബര്‍ട്ട്‌ ഡിസൂസ (ആഗ്ര), ഡോ. ആന്റണി ഫെര്‍ണാണ്ടസ്‌ (ബറേലി), ഡോ.ഫ്രാന്‍സിസ്‌ കലിസ്റ്റ്‌ (മീററ്റ്‌), ഡോ. ഓസ്വാള്‍ഡ്‌ ലൂയിസ്‌(ജെയ്പൂര്‍), ഡോ. റാഫി മഞ്ഞേലി (വാരാണസി), ഡോ. ഇസിദോര്‍ ഫെര്‍ണാണ്ടസ്‌ (അലഹബാദ്‌), ഡോ.സ്റ്റെനിസ്ലാവോസ്‌ ഫെര്‍ണാണ്ടസ്‌ (ഗാന്ധിനഗര്‍), ഡോ.ജെറാള്‍ഡ്‌ മത്തിയാസ്‌ (ലക്നോ) തുടങ്ങിയ ബിഷപ്പുമാര്‍ സഹകാര്‍ മികരായിരുന്നു.വ്യാഴാഴ്ച രാവിലെ ഒന്‍പതിന്‌ സമൂഹബലിയോടെ ആരംഭിച്ച അഭിഷേകച്ചടങ്ങുകളിലും അനു മോദന സമ്മേളനത്തിലും കേന്ദ്രമന്ത്രി ഹരീഷ്‌ റാവത്ത്‌, സി. എം.ഐ പ്രിയോര്‍ ജനറാള്‍ ഫാ.ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, മുന്‍മന്ത്രി സുരേന്ദ്രസിംഗ്‌ നെഗി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.ഉത്തരാഖണ്ഡിലെ ആറു ജില്ലകളും ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയും ഉള്‍പ്പെടുന്നതാണ്‌ 1972 മുതല്‍ സിഎംഐ സഭയുടെ ചുമതലയിലുള്ള ബി ജ്നോര്‍ രൂപത. 1977 ഫെബ്രുവരി 26ന്‌ നിയമിതനായ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടനാണ്‌ പ്രഥമബിഷപ്‌. 37 വര്‍ഷം സേവനമനുഷ്ഠിച്ചശേഷമാണ്‌ ഇദ്ദേഹം വിരമിച്ചത്‌.കോതമംഗലം രൂപത വാഴക്കുളം ബെസ്ലഹേം ഇടവകയില്‍ വടക്കേല്‍ (പെരിയകോട്ടില്‍) പരേതനായ പി.യു തോമസിന്റെയും എന്‍.ഡി മേരിയുടേയും പുത്രനാണ്‌ അറുപത്താറുകാരനായ മാര്‍ ജോണ്‍ വടക്കേല്‍. കോട്‌വാര്‍ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍, വികാരി ജനറാള്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 200 വൈദികരും 400 കന്യാസ്ത്രീകളും കുടുബാംഗങ്ങളായ അന്‍പത്‌ പേരും ഉള്‍പ്പെടെ അയ്യായിരത്തോളം പേര്‍ മെത്രാഭിഷേകച്ചടങ്ങില്‍ പങ്കെടുത്തു.