Monday, October 26, 2009

ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലംചെയ്തു.

കെസിബിസി പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലംചെയ്തു. ഇന്ന്‌ രാവിലെ 11.10ന്‌ എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയിലായിരുന്നു വിശ്വാസി സമൂഹത്തെ ദു:ഖത്തിലാഴ്ത്തിയ മഹാ ഇടയന്റെ വേര്‍പാട്‌. ഭൗതികദേഹം നാളെ രാവിലെ 9.30 ന്‌ അതിരൂപതയുടെ ഭദ്രാസന ദേവാലയമായ എറണാകുളം സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന്‌ വയ്ക്കും.

ബുധനാഴ്ച 3.30 ന്‌ അസീസി കത്തീഡ്രലില്‍ പ്രത്യേകമായി തയ്യാറാക്കുന്ന കല്ലറയില്‍ സംസ്കാരം നടത്തും. പനിയും ഛര്‍ദിയും വയറുവേദനയും മൂലം കഴിഞ്ഞ ദിവസമാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. സംസ്ക്കാര സമയവും മറ്റും അല്‍പം മുമ്പ്‌ ചേര്‍ന്ന അതിരൂപത ആലോചനാ സമിതിയോഗമാണ്‌ തീരുമാനിച്ചത്‌. അതിരൂപതാ അഡ്മിനിസ്ട്രേറ്ററായി ആലോചനാസമിതിയോഗം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരിയെ നിയോഗിച്ചു.

ഭാരതതത്വചിന്തയുടെ തേജസ്‌ ഉള്‍ക്കൊണ്ട ആത്മീയാചാര്യനായിരുന്നു ആര്‍ച്ച്‌ ബിഷപ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. അജനപാലന ദൗത്യത്തിന്‌ നിയോഗിക്കപ്പെടുന്നതിനു മുന്‍പേ ആഗോള തലത്തില്‍ കത്തോലിക്കാ സഭയില്‍ അറിയപ്പെടുന്ന തത്വചിന്തകനും, റോമില്‍ ഉന്നത പഠനത്തിന്‌ എത്തിയിരുന്ന വൈദികരുടെയും മറ്റും മാര്‍ഗദര്‍ശിയും മികച്ച അധ്യാപകനുമായിരുന്നു ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍. ഇതിന്റെ ഏറ്റവും വലിയ അംഗീകാരമായിരുന്നു തുടര്‍ച്ചയായി രണ്ടു പ്രാവശ്യം(ആറു വര്‍ഷം) ഡോ.ഡാനിയേല്‍ അച്ചാരുപറമ്പിലിനെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റോമിലെ ഉര്‍ബാനിയ പൊന്തിഫിക്കല്‍ സര്‍വകലാശാലയുടെ റെക്ടറായി നിയമിച്ചത്‌.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു ഇത്‌. യൂറോപ്യനല്ലാത്ത ആദ്യത്തെ റെക്ടറും ഡോ.അച്ചാരുപറമ്പിലായിരുന്നു. എഴുപത്‌ വര്‍ഷത്തെ ധന്യജീവിതത്തിന്റെ നാള്‍ വഴികള്‍ എന്നും എളിമയുടേതായിരുന്നു. മഞ്ഞുമ്മല്‍ നിഷ്പാദുക സന്യാസ സമൂഹത്തില്‍ അംഗമായി പൗരോഹിത്യം സ്വീകരിച്ച്‌ അജപാലന ദൗത്യമാരംഭിച്ച ഡോ. അച്ചാരുപറമ്പിലിനെ 13 വര്‍ഷം മുന്‍പ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നിയോഗിക്കുകയായിരുന്നു.

1996 ഓഗസ്റ്റ്‌ അഞ്ചിനാണ്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പായി നിയോഗിതനായത്‌. അതേ വര്‍ഷം നവംബര്‍ മൂന്നിന്‌ മെത്രാഭിഷിക്തനായി. 1997 മുതല്‍ കെആര്‍എല്‍സിബിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. 1998- 2001 കാലഘട്ടത്തില്‍ കെസിബിസി പ്രസിഡന്റായിരുന്നു. 2007 മുതല്‍ വീണ്ടും ഇതേ സ്ഥാനം വഹിച്ചുവരുന്നു. 2008 ഒക്ടോബര്‍ മുതല്‍ ആറു മാസക്കാലം കൊച്ചി രൂപതയുടെ അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററുമായിരുന്നു.

ദ ഡെസ്റ്റിനി ഓഫ്‌ മാന്‍ ഇന്‍ ദ ഇവല്യൂഷണറി തോട്ട്‌ ഓഫ്‌ ശ്രീ അരബിന്ദോ, ഹൈന്ദവ മതം - ജീവിതവും ദര്‍ശനങ്ങളും, ഹൈന്ദവ മതം - സനാതന സത്യത്തിന്റെ നിത്യാന്വേക്ഷണം, ഹൈന്ദവ മിസ്റ്റിസിസവും ആധ്യാത്മികതയും എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍.