Monday, November 9, 2009

രാഷ്ട്രീയ കക്ഷികള്‍ സഭയെ അവഗണിച്ചാല്‍ പ്രതികരിക്കും: ഡോ. തെക്കത്തെച്ചേരില്‍

രാഷ്ട്രീയ കക്ഷികള്‍ വിജയപുരം രൂപതയെ അവഗണിച്ചാല്‍ പ്രതികരിക്കുമെന്ന്‌ വിജയപുരം രൂപതാ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. വണ്ടിപ്പെരിയാറ്റില്‍ നടക്കുന്ന വിജയപുരം രൂപതാ ദിനാഘോഷ പരിപാടികള്‍ക്കെത്തിയ ബിഷപ്‌ ദീപികയോടു സംസാരിക്കുകയായിരുന്നു. എല്ലാക്കാലവും വിജയപുരം രൂപതയെ രാഷ്ട്രീയകക്ഷികള്‍ പാര്‍ശ്വവത്കരിക്കുകയായിരുന്നു. കാലങ്ങളായുള്ള രാഷ്ട്രീയ അവഗണന സഭാമക്കളുടെ ജീവിത നിലവാരം താഴ്ത്തിയെന്ന്‌ ബിഷപ്‌ പറഞ്ഞു. പാവപ്പെട്ടവരായി സഭാമക്കള്‍ മാറുന്ന കാഴ്ചയാണ്‌ ഇതുമൂലമുണ്ടാകുന്നത്‌. വികസനത്തിന്റെ ഏറ്റവും പ്രധാന ഘടകമായ വിദ്യാഭ്യാസ മേഖലയില്‍ സഭാമക്കള്‍ ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസവും തൊഴിലും ലഭിക്കാതാകുന്നത്‌ സഭാമക്കളെ തിന്മയുടെ ലോകത്തേക്കു തള്ളിവിടും. തെരഞ്ഞെടുപ്പുകള്‍ക്ക്‌ സഭയ്ക്ക്‌ വേണ്ടത്ര പ്രാതിനിധ്യം രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്നില്ല. വരുന്ന തൃത്താല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ സഭയുടെ ശക്തമായ നിലപാടുകളുണ്ടാകും. സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടികള്‍ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കി. സ്കൂളുകളില്‍ ദൈവചിന്ത പാടില്ലെന്ന സര്‍ക്കാര്‍ നയം വരുംതലമുറയെ തിന്മയിലേക്ക്‌ നയിക്കും. നാട്ടില്‍ ജീവിത സുരക്ഷിതത്വം ഇല്ലാതായിരിക്കുകയാണ്‌. ക്വട്ടേഷന്‍ സംഘങ്ങളും മദ്യം, മയക്കുമരുന്ന്‌ ലോബികളും യഥേഷ്ടം വിഹരിക്കുകയാണ്‌. തീരദേശ മേഖലകളില്‍ മാഫിയകളുടെ പ്രവര്‍ത്തനം സജീവമായിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്‌. മത്സ്യതൊഴിലാളികളുടെ സ്വത്തും മറ്റും തട്ടിയെടുത്ത്‌ റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിന്‌ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാഫിയകളുടെ കുതന്ത്രങ്ങളില്‍പെട്ട്‌ നിരവധി മത്സ്യതൊഴിലാളികള്‍ക്ക്‌ സ്വത്തുക്കള്‍ നഷ്ടമായിട്ടുണ്ടെന്നും ബിഷപ്‌ പറഞ്ഞു.