കുടുംബത്തിലെ എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബെയില്‍ ഫോണ്‍ എന്നിവ കീഴടക്കുകയാണെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ പുറപ്പെടുവിച്ച കുടുംബവും മാധ്യമങ്ങളും എന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വീട്ടുജോലി, ഭക്ഷണസമയം, പ്രാര്‍ഥന, കുടുംബത്തിലെ ആശയവിനിമയം, യാത്രകള്‍, സന്ദര്‍ശനങ്ങള്‍, അതിഥികളോടുള്ള സമീപനം തുടങ്ങിയ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് മാധ്യമങ്ങളായി മാറിയിരിക്കുന്നു. മനുഷ്യന്‍ നിയന്ത്രിക്കേണ്ട മാധ്യമങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന അവസ്ഥ സംജാതമാകുന്നത് അപകടകരമാണ്. കുടുംബ ജീവിതത്തിന് കോട്ടമുണ്ടാകാത്തവിധത്തില്‍ മാധ്യമങ്ങളുടെ ഉപയോഗം ക്രമീകരിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. യഥാര്‍ഥ മാനുഷികതയ്ക്കും വിവാഹത്തിനും കുടുംബത്തിനും മങ്ങലേല്‍പ്പിക്കുന്ന സന്ദേശങ്ങളാണ് ചില ടിവി സീരിയലുകള്‍ അവതരിപ്പിക്കുന്നത്. വിവാഹ, കുടുംബ ജീവിതങ്ങള്‍ ദുരന്തപൂര്‍ണവും നരകവുമാണ്, അവിഹിതബന്ധങ്ങള്‍ സര്‍വസാധാരണമാണ്, സ്ത്രീ അബലയും ചപലയും ഉപഭോഗ വസ്തുവും സഹിക്കേണ്ടവളും കരയേണ്ടവളുമാണ്, പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമാണ്, സമ്പത്തും ഉപഭോഗവുമാണ് ജീവിതത്തിന്റെ മാനദണ്ഡം, കുട്ടികള്‍ ബാധ്യതയും ഭാരവുമാണ്, ഗര്‍ഭഛിദ്രം തിന്മയല്ല, ജീവിത പ്രശ്നങ്ങള്‍ നേരിടാന്‍ മദ്യ- മയക്കുമരുന്നുകളാണ് കുറുക്കുവഴി തുടങ്ങിയ ഇത്തരം സന്ദേശങ്ങളാണ് ചില സീരിയലുകള്‍ സമൂഹത്തിനു നല്‍കുന്നത്. അക്രമം, അഴിമതി, ഗുണ്ടായിസം, ലൈംഗിക അരാജകത്വം, മദ്യപാനം, നരഹത്യ, ആത്മഹത്യ എന്നിവയുടെ ജീര്‍ണ സംസ്കാരത്തിന് ഇതുവഴിതെളിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ടിവി മാധ്യമങ്ങളിലെ പരസ്യങ്ങളുടെ ദോഷകരമായ സ്വാധീനം കുടുംബങ്ങളെയും യുവതലമുറയെയും വിപത്തിലേക്ക് നയിക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു. പ്രാര്‍ഥന, പഠനം എന്നിവയുടെ സമയത്ത് ടിവി പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ഉത്സാഹിക്കണമെന്നും അധ്യാപകര്‍, പിടിഎ എന്നിവര്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് സഹായകരാകണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തവര്‍ഷം എല്ലാ ഇടവകകളിലും മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാറുകളും ബോധവത്കരണ പരിപാടികളും നടത്തണമെന്നും കെസിബിസി ചെയര്‍മാന്‍ സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.