Saturday, November 28, 2009

ചരിത്രം മറന്നുള്ള ഭരണമാണ്‌ കേരളത്തിന്റെ ശാപം: മാര്‍ താഴത്ത്‌

ചരിത്രം മറന്നു കൊണ്ടുള്ള ഭരണമാണ്‌ കേരളത്തിന്റെ ശാപമെന്ന്‌ തൃശൂര്‍ അതിരൂപതാ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അഭിപ്രായപ്പെട്ടു. കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭ അല്‍മായ കമ്മീഷന്റെ അഭിമുഖ്യത്തിലുള്ള രണ്ടാമത്‌ അല്‍മായ കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. എല്ലാം സ്വന്തം കഴിവു കൊണ്ടാണെന്ന്‌ വരുത്തി തീര്‍ത്തു ചരിത്രത്തെ വളച്ചൊടിച്ചു കേരള സമൂഹത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ്‌ ഭരണകര്‍ത്താക്കളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്‌. ഭരതമണ്ണില്‍ പിറന്നതാണ്‌ കത്തോലിക്കസഭ എന്ന ചരിത്രം ഭരണകര്‍ത്താക്കള്‍ വിസ്മരിക്കാന്‍ ശ്രമിക്കുന്നു. -ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തെ ആര്‍ജവത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ അല്‍മായര്‍ക്ക്‌ സാധിക്കണമെന്ന്‌ അധ്യക്ഷപ്രസംഗ ത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ വ്യക്തമാക്കി. നമ്മുടെ കുട്ടികളെ അവരുടെ കഴിവ്‌ അനുസരിച്ച്‌ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നതോടൊപ്പം ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്താ നും പരിശ്രമിക്കണമെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടി.കമ്മീഷന്‍ അംഗം മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ടോംജോസ്‌, ഡോ.സിറിയക്‌ ജോസഫ്‌, ഏ ബ്രാഹം കുര്യന്‍, കെ.ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. വി.സി സെബാസ്റ്റ്യന്‍ സ്വാഗതവും അഡ്വ. ജോസ്‌ വിതയത്തില്‍ നന്ദിയും പറഞ്ഞു.