കത്തോലിക്കാ വിദ്യാഭ്യാസ ജാഗ്രതാ സമിതിയുടെ പ്രഥമ വിജ്ഞാന ദര്‍ശന്‍ പുരസ്കാരത്തിന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ തെര ഞ്ഞെടുക്കപ്പെട്ടതായി ജാഗ്രതാ സമിതി ചെയര്‍മാന്‍ റവ.ഡോ.ജോണ്‍ വി.തടത്തില്‍ അറിയിച്ചു. കത്തോലിക്കാ വിദ്യാഭ്യാസ അവകാശങ്ങളുടെ സംരക്ഷണത്തിനായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് വിദ്യാഭ്യാസ ജാഗ്രതാ സമിതി. കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധം പകര്‍ന്നുനല്‍കുന്നതിനും സഭയുടെ ഈ ശുശ്രൂഷ നേരിടുന്ന കടന്നാക്രമണങ്ങളില്‍ സംരക്ഷണം പകരുന്നതിനും നിസ്തുല സേവനം അര്‍പ്പിക്കുന്നവര്‍ക്കാണ് വിജ്ഞാന ദര്‍ശന്‍ പുരസ്കാരം സമര്‍പ്പിക്കുന്നത്. ജാഗ്രതാ സമിതി പ്രവര്‍ത്തകരാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.താപസന്റെ വിശുദ്ധിയോടും പ്രവാചകന്റെ തീക്ഷ്ണതയോടും ദാര്‍ശനികോത്തമന്റെ ഉള്‍ക്കാഴ്ചയോടും ക്രൈസ്തവ വിശ്വാസത്തോടുള്ള ഉറച്ച പ്രതിബദ്ധതയോടും കൂടി മാര്‍ ജോസഫ് പവ്വത്തില്‍ കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പ്രഥമ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് റവ.ഡോ ജോണ്‍ വി.തടത്തില്‍ പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ലൂര്‍ദ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം പുരസ്കാരം സമ്മാനിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ സന്ദേശം യോഗത്തില്‍ വായിക്കും.