മൂല്യബോധത്തിലൂന്നിനിന്ന് കത്തോലിക്ക യുവജനത സമൂഹത്തിന്റെ നേതൃനിരയിലേക്ക് വരണമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മൂല്യബോധമുള്ളവര്‍ പൊതുരംഗത്തേക്കു വന്നില്ലെങ്കില്‍ അവിടെ ക്രിമിനലുകള്‍ കയറിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ടൗണ്‍ഹാളില്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കത്തോലിക്ക യുവജനസംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട് ഗുണ്ടകളുടെ സ്വന്തം നാടായിരിക്കുന്നു. ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ വേറെ പലരും കയറിയിരിക്കും. രാഷ്ട്രവികസനത്തെക്കുറിച്ച് ശരിയായി അറിയണമെങ്കില്‍ മാര്‍പാപ്പയുടെ സത്യത്തില്‍ സ്നേഹം എന്ന ചാക്രിക ലേഖനം വായിക്കണമെന്നും മാര്‍ താഴത്ത് ഉദ്ബോധിപ്പിച്ചു. അവനവനോടുള്ള സ്നേഹവും തന്റെ ഗ്രൂപ്പുകാരോടുള്ള സ്നേഹവും മാത്രമേ ഇന്നത്തെ രാഷ്ട്രീയനേതൃത്വത്തിനുള്ളൂ. മതനിഷേധത്തിന്റെ പരിണിതഫലം കപടമതങ്ങളുടെ ആവിര്‍ഭാവവും മതതീവ്രവാദവുമാണ്. ക്രൈസ്തവര്‍ കേരളത്തിനു നല്‍കിയ ചരിത്രം മറന്നതാണ് ക്രൈസ്തവര്‍ ഇത്രയേറെ വേദനകള്‍ അനുഭവിക്കാന്‍ കാരണം. ചരിത്രം മറക്കരുതെന്നാണ് രാഷ്ട്രീയക്കാരോടു പറയാനുള്ളത്. കേരളത്തിലെ ക്രൈസ്തവരെ, ക്രൈസ്തവയുവജനതയെ ചിതറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സഭാനേതൃത്വത്തോടു ചേര്‍ന്ന് ഒറ്റക്കെട്ടായി യുവജനത നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.വരുന്ന തൃത്താലപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സജീവമായി ഇടപെടുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെസിവൈഎം സംസ്ഥാനപ്രസിഡന്റ് ജോസഫ് തോമസ് പറഞ്ഞു. കള്ളനാണയത്തിന്റെ രണ്ടുവശങ്ങളാണ് ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍. ഗുണ്ടകളെ വളര്‍ത്തി രാജ്യത്ത് സമാധാനക്കേടുണ്ടാകുന്നത് ഇവരാണെന്നും ജോസഫ് കുറ്റപ്പെടുത്തി. കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റവ. ഡോ. വിന്‍സന്റ് സാമുവല്‍ വിഷന്‍ 20-20 പ്രഖ്യാപനം നടത്തി. ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വൃക്കദാനം നട ത്തിയ ഫാ. ഡേവിസ് ചിറമ്മലിനെ ആര്‍ച്ച്ബിഷപ് പൊന്നാടയണിയിച്ചു. പി.സി ചാക്കോ എംപി, അതിരൂപത വികാരി ജനറാള്‍ മോണ്‍. റാഫേല്‍ വടക്കന്‍, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ ജെയ്സണ്‍ കൊള്ളന്നൂര്‍, സംസ്ഥാനജനറല്‍ സെക്രട്ടറി സന്തോഷ് അറയ്ക്കല്‍, കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. ഡേവിസ് പനംകുളം, ഐസിവൈഎം ആന്‍ഡ് ഫിംകാപ് പ്രതിനിധി ഷീജ എസ്. വെള്ളനാട്, കെസിവൈഎം സംസ്ഥാന സെക്രട്ടറി സിബി ജോയ്, അതിരൂപത കാത്തലിക് യൂണിയന്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് തരകന്‍, കാത്തലിക് യൂണിയന്‍ ആന്‍ഡ് കെസിവൈഎം അതിരൂപത ചെയര്‍മാന്‍ ഡേവിസ് പുത്തൂര്‍, കെസിവൈഎം പ്രസിഡന്റ് സജി ജോസഫ് ,തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകുന്നേരം റാലിയെത്തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ കെസിവൈ എം മുന്‍ സംസ്ഥാന പ്രസിഡന്റ് സണ്ണി കടൂത്താഴെ സമാപന സന്ദേശം നല്‍കി.