Monday, November 9, 2009

ആതുരസേവന രംഗങ്ങളില്‍ ക്രിസ്തീയ മനോഭാവം പുലര്‍ത്തണം: മാര്‍ പെരുന്തോട്ടം

സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങളും ആതുര ശുശ്രൂഷകളും ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും ക്രിസ്തീയ മനോഭാവം പുലര്‍ത്തണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. പരസഹായം ആവശ്യമായിരിക്കുന്നവരെ സഹായിക്കുന്നതിന്റെ പേരില്‍ അവരുടെ ബലഹീനതകളെയും നിസഹായവസ്ഥയെയും സ്വന്തം താത്പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടി ചൂഷണംചെയ്യരുത്‌. സത്യത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ശുശ്രൂഷയാകണം വേണ്ടത്‌.ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍ക്കും സന്യാസിനി- സന്യാസികള്‍ക്കും ഇടവക ജനത്തിനുമായെഴുതിയ ഇടയലേഖനത്തിലാണ്‌ ആര്‍ച്ച്ബിഷപ്‌ ആതുര, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെക്കുറിച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്‌.അതിരൂപതയിലെ സാമൂഹികക്ഷേമ, ആതുര സേവനരംഗങ്ങളിലെ മുഖ്യ ശുശ്രൂഷാ കേന്ദ്രങ്ങളായ ചാസ്‌, കുട്ടനാട്‌ വികസന സമിതി, ചെത്തിപ്പുഴ ആശുപത്രി ആത്മതാകേന്ദ്രം, കേരള തൊഴിലാളി പ്രസ്ഥാനം, ദളിത്‌ ക്രൈസ്തവ പ്രസ്ഥാനം, ജീവകാരുണ്യ ട്രസ്റ്റ്‌ എന്നിവ സംയുക്തമായി തയാറാക്കിയ സാമൂഹ്യ ക്ഷേമ സമഗ്ര പദ്ധതിയുടെ ഉദ്ഘാടനവും 27ന്‌ ചെത്തിപ്പുഴ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ മാര്‍ പെരുന്തോട്ടം ഇടയലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.